കൊച്ചി: ദീർഘദൂര കുതിരയോട്ടത്തിലെ ലോക ചാംപ്യൻഷിപ്പായ എഫ്ഇഐ എൻഡ്യൂറൻസ് ടൂർണമെന്‍റിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ വനിതയാകാൻ ഒരുങ്ങി മലപ്പുറം തിരൂർ സ്വദേശി നിദ അൻജും ചേലാട്ട്. ഇതാദ്യമായല്ല ആഗോളതലത്തിൽ ഈ കായികയിനത്തിൽ നിദ രാജ്യത്തിന്‍റെ യശ്ശസുയർത്തുന്നത്. കഴിഞ്ഞ വർഷം നടന്ന എഫ്ഇഐ ജൂനിയർ ലോകചാമ്പ്യൻഷിപ്പ് വിജയകരമായി പൂർത്തിയാക്കി നിദ ലോകമെമ്പാടും വാർത്തകളിൽ നിറഞ്ഞിരുന്നു.
ഇക്കൊല്ലം സെപ്റ്റംബർ ഏഴിന് ഫ്രാൻസിലെ മോൺപാസിയറിൽ നടക്കുന്ന സീനിയർ ചാമ്പ്യൻഷിപ്പിലാണ് 22കാരിയായ താരം മാറ്റുരയ്ക്കുന്നത്. കുതിരയോട്ട മത്സരങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഇന്‍റർനാഷണൽ എക്യൂസ്ട്രിയൻ ഫെഡറേഷൻ അഥവാ എഫ്ഇഐയാണ് മത്സരങ്ങൾ നടത്തുന്നത്.
40 രാജ്യങ്ങളിൽ നിന്നുള്ള 144 കുതിരയോട്ടക്കാരെയാണ് നിദ നേരിടുന്നത്. തന്‍റെ വിശ്വസ്ത പങ്കാളിയായ പെൺകുതിര പെട്ര ഡെൽ റെയ്‌ക്കൊപ്പമാണ് നിദ കളത്തിലിറങ്ങുന്നത്. നിദയുടെ ആൺകുതിരയായ ഡിസൈൻ ഡു ക്‌ളൗഡും മത്സരത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. 160 കിലോമീറ്റർ ദൈർഖ്യമുള്ള ദുർഘടപാതയാണ് മത്സരത്തിൽ നിദയെ കാത്തിരിക്കുന്നത്.
എതിരാളികൾക്ക് കിട്ടുന്നത്രയും സൗകര്യങ്ങളേതുമില്ലാതെ സ്വന്തം കഠിനപ്രയത്നത്താലും പരിശ്രമത്താലുമാണ് നിദ ഇന്നീ ആഗോളവേദിയിൽ എത്തിനിൽക്കുന്നത്. എഫ്ഇഐയുടെ എൻഡ്യൂറൻസ് ലോക ചാമ്പ്യൻഷിപ്പിന്‍റെ സീനിയർ വിഭാഗത്തിൽ എത്തിനിൽക്കുന്ന നിദയുടെ ഈ യാത്ര, രാജ്യത്തിന് ഏറെ അഭിമാനിക്കാവുന്ന നേട്ടമാണ്.
ദീർഘദൂര കുതിരയോട്ടത്തിലെ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ അടക്കാനാവാത്ത സന്തോഷവും അഭിമാനവുമുണ്ടെന്ന് നിദ പറഞ്ഞു. കഴിഞ്ഞ വർഷത്തെ ജൂനിയർ ചാമ്പ്യൻഷിപ്പിലെ നേട്ടമാണ് ഈ വെല്ലുവിളി ഏറ്റെടുക്കാൻ പ്രേരിപ്പിച്ചത്.
എനിക്ക് ചുറ്റുമുള്ളവരിൽ നിന്ന് കിട്ടുന്ന സ്നേഹവും പിന്തുണയും വലിയ പ്രചോദനമാണ്. ആഗോളവേദിയിൽ നമ്മുടെ രാജ്യത്തിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ അതെന്നെ പ്രചോദിപ്പിക്കുന്നു നിദ കൂട്ടിച്ചേർത്തു.