
സഞ്ജു സാംസൺ, വിഗ്നേഷ് പുത്തൂർ, വിഷ്ണു വിനോദ്
ഐപിഎൽ 18-ാം സീസണിലെ മലയാളി സാന്നിധ്യങ്ങളിൽ ഏറ്റവും തലപ്പൊക്കം സഞ്ജു സാംസനു തന്നെ. രാജസ്ഥാൻ റോയൽസിന്റെ നായകൻ മാത്രമല്ല ഗ്യാലറി കാണാൻ കൊതിക്കുന്ന വെടിക്കെട്ട് ബാറ്റർ കൂടിയാണ് സഞ്ജു. ഐപിഎല്ലിലെ മലയാളി സാന്നിധ്യം സഞ്ജുവിൽ ഒതുങ്ങുന്നില്ല. സച്ചിൻ ബേബി, വിഷ്ണു വിനോദ്... അങ്ങനെ നീളുന്നു.
രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തെ കലാശക്കളത്തിൽ എത്തിച്ച ക്യാപ്റ്റൻ സച്ചിൻ ബേബി സൺറൈസേഴ്സ് ഹൈദരാബാദിനായാണ് കളിക്കുന്നത്. മെഗാ താരലേലത്തിൽ 30 ലക്ഷം രൂപ ചെലവിട്ടാണ് സച്ചിനെ ഹൈദരാബാദ് സ്വന്തമാക്കിയത്. 2013ൽ രാജസ്ഥാൻ റോയൽസിലൂടെയാണ് സച്ചിൻ ബേബി ഐപിഎല്ലിൽ അരങ്ങേറിയത്. 2016ൽ ഹൈദരാബാദിലും പിന്നീട് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിരയിലും ഇടംപിടിച്ചു. ആകെ 19 ഐപിഎൽ മത്സരങ്ങളിൽ മാത്രമേ സച്ചിൻ കളിച്ചിട്ടുള്ളൂ. അതിൽ ബാറ്റിങ്ങിന് അവസരം ലഭിച്ചത് 11 കളികളിലും.
പഞ്ചാബ് കിങ്സിന്റെ താരം വിഷ്ണു വിനോദ്
ലേലത്തിൽ 95 ലക്ഷം രൂപയ്ക്കാണ് പഞ്ചാബ് ഇത്തവണ വിഷ്ണു വിനോദിനെ സ്വന്തം പാളയത്തിലെത്തിച്ചത്. 2017ൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിലൂടെയാണ് വിഷ്ണു വിനോദിന്റെ ഐപിഎൽ പ്രവേശം. 2021ൽ ഡൽഹി ക്യാപിറ്റൽസിനൊപ്പവും 2022ൽ സൺറൈസേഴ്സ് ഹൈദരാബാദിനൊപ്പവും ചേർന്നു. എന്നാൽ ഈ രണ്ടു സീസണിലും കളിക്കാൻ അവസരമുണ്ടായില്ല. 2023ൽ മുംബൈ ഇന്ത്യൻസിനായുള്ള കന്നി മത്സരത്തിൽ 20 പന്തിൽ 30 റൺസോടെ വിഷ്ണു വിനോദ് തിളങ്ങിയിരുന്നു.
മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിഘ്നേഷ് പുത്തൂരും ഇക്കുറി ഐപിഎല്ലിൽ കേരളത്തിന്റെ പ്രതിനിധിയാണ്. മുംബൈ ഇന്ത്യൻസാണ് വിഘ്നേഷിനെ കൂടെക്കൂട്ടിയത്. ഇടംകൈയൻ ലെഗ് സ്പിന്നറായ വിഘ്നേഷിനു കഴിഞ്ഞ വർഷത്തെ കേരള ക്രിക്കറ്റ് ലീഗിലെ മിന്നും പ്രകടനമാണ് ഐപിഎൽ പ്രവേശം സാധ്യമാക്കിയത്. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് വിഘ്ഷേനിനെ ലേലത്തിൽ മുംബൈ വിളിച്ചെടുത്തത്. റോയൽ ചലഞ്ചേഴ്സിലെ ദേവദത്ത് പടിക്കലും രാജസ്ഥാൻ റോയൽസിലെ കരുൺ നായരും ഐപിഎല്ലിലെ മറുനാടൻ മലയാളി സാന്നിധ്യങ്ങളാണ്.