
തമീന ഫാത്തിമ
കൊച്ചി: അണ്ടർ 17 വനിതാ ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിന്‍റെ ഗോൾ കീപ്പറായി മലയാളി താരം തമീന ഫാത്തിമ ഇടം നേടി. ടീമിലെ ഏക മലയാളിയായ തമീന എറണാകുളം സ്വദേശിനിയാണ്.
പത്തു വർഷമായി കലൂരിനടുത്ത് കറുകപ്പള്ളിയിലാണ് താമസിക്കുന്നത്. ഈ മാസം പതിമൂന്ന് മുതൽ 17വരെ കിർഗിസ് റിപ്പബ്ലിക്കിലെ ബിഷെക്കിലാണ് യോഗ്യതാ മത്സരങ്ങൾ. ഗ്രൂപ്പ് ജിയിൽ കിർഗിസിനെതിരേ 13നാണ് ആദ്യ കളി. 17ന് ഉസ്ബെക്കിസ്ഥാനെ നേരിടും. മൂന്ന് ടീമുകളുള്ള ഗ്രൂപ്പിലെ ജേതാക്കൾ അടുത്ത വർഷം ചൈനയിൽ നടക്കുന്ന ഏഷ്യൻ കപ്പിൽ കളിക്കും.
ജൊയാക്കിം അലക്‌സാണ്ടേഴ്‌സൺ ആണ് 23 അംഗ ടീമിന്‍റെ പരിശീലകൻ. കാൽ പന്ത് കളിയെ പ്രോത്സാഹിപ്പിക്കുന്ന അങ്കമാലി കല്ലറക്കൽ ഫൌണ്ടേഷൻ റൈസിങ് സ്റ്റാർ പുരസ്കാരം നൽകി തമീനയെ ആദരിച്ചിട്ടുണ്ട്.