യുഎസ്എയിലെ ലോകകപ്പ് വേദിയിൽ വളൻ്റിയറായി ഇരിങ്ങാലക്കുടക്കാരനും

ഫിഫയുടെ ഔദ്യോഗിക യൂണിഫോം അണിഞ്ഞ് ലോസ് ആഞ്ചലസിലെ ഇങ്കിൾവുഡ് സോഫയ് സ്റ്റേഡിയത്തിലാണ് ലോജോ ലോകകപ്പ് മത്സരത്തിനായി എത്തുക
malayali volunteer at the World Cup venue in the USA

ലോജോ കോലങ്കണ്ണി

Updated on

രാജീവ് മുല്ലപ്പിള്ളി

ഇരിങ്ങാലക്കുട: യുഎസ്എയിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സര വേദിയിൽ ഫിഫയുടെ ഔദ്യോഗിക വളന്‍റിയർമാരിൽ ഒരാളായി ഇരിങ്ങാലക്കുടക്കാരൻ ലോജോ കോലങ്കണ്ണിയുമുണ്ടാകും.

ഫിഫയുടെ ഔദ്യോഗിക യൂണിഫോം അണിഞ്ഞ് ലോസ് ആഞ്ചലസിലെ ഇങ്കിൾവുഡ് സോഫയ് സ്റ്റേഡിയത്തിലാണ് ലോജോ ലോകകപ്പ് മത്സരത്തിനായി എത്തുക.

ജൂൺ 13ന് (ശനിയാഴ്ച്ച) ഇന്ത്യൻ സമയം രാവിലെ 5.30ന് ആണ് യുഎസ്എ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന്‍റെ ഓപ്പണിങ്ങ് സെറിമണി. തുടർന്ന് 6.30ന് യുഎസ്എയുടെ ആദ്യ മത്സരം പരാഗ്വേയുമായി ഈ സ്റ്റേഡിയത്തിൽ നടക്കും. ഉൽഘാടന ചടങ്ങുകളിൽ പരാഗ്വേയുടെ പതാകയുമേന്തി ലോജോ കോലങ്കണ്ണി നേതൃനിരയിൽ തന്നെ ഉണ്ടാകും.

ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലെ ചിറമ്മൽ കോലങ്കണ്ണി ലോന - ഏല്യ ദമ്പതികളുടെ അഞ്ചു മക്കളിൽ മൂന്നാമനാണ് ലോജോ കോലങ്കണ്ണി. കേരളത്തിലെ ആദ്യ എംസിഎ ബാച്ചിലെ 30 പേരിൽ ഒരാളായി വിജയിച്ചതിന് ശേഷം ഐടി പ്രൊഫഷണലായി മാറിയ ലോജോ മുപ്പതു വർഷത്തിലേറെയായി കുടുംബത്തോടൊപ്പം യുഎസ്എ.യിലെ ലോസ് ആഞ്ചലസിലാണ് താമസം.

logo
Metro Vaartha
www.metrovaartha.com