മരണത്തിലും വ്യത്യസ്തനായ മറഡോണ | Video

ഡോക്റ്റർമാരുടെ അനാസ്ഥ കാരണമുള്ള മനഃപൂർവമായ നരഹത്യയാണ് മറഡോണയുടെ കാര്യത്തിൽ സംഭവിച്ചതെന്ന കേസിലെ വിചാരണയ്ക്കിടെയാണ് വെളിപ്പെടുത്തൽ

ബുവാനോസ് ആരീസ്: അർജന്‍റൈൻ ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ മരിക്കുന്നതിനു മുൻപുള്ള സമയത്ത് മദ്യമോ ലഹരി മരുന്നുകളോ ഉപയോഗിച്ചിരുന്നില്ലെന്ന് വിദഗ്ധരുടെ മൊഴി. ഡോക്റ്റർമാരുടെ അനാസ്ഥ കാരണമുള്ള മനഃപൂർവമായ നരഹത്യയാണ് മറഡോണയുടെ കാര്യത്തിൽ സംഭവിച്ചതെന്ന കേസിലെ വിചാരണയ്ക്കിടെയാണ് വെളിപ്പെടുത്തൽ.

മറഡോണ‍യുടെ ഹൃദയത്തിന് സാധാരണയിൽ കൂടുതൽ വലുപ്പമുണ്ടായിരുന്നു എന്നും കരൾ വീക്കമുണ്ടായിരുന്നു എന്നും പോസ്റ്റ് മോർട്ടം ചെയ്ത വിദഗ്ധരും മൊഴി നൽകി. സാധാരണഗതിയിൽ 250-300 ഗ്രാം ആണ് മനുഷ്യ ഹൃദയത്തിന്‍റെ ഭാരം. എന്നാൽ, മറഡോണ‍യുടെ ഹൃദയം 503 ഗ്രാം ഉണ്ടായിരുന്നു എന്ന് ഫൊറൻസിക് വിദഗ്ധൻ അലജാന്ദ്രോ എസക്കിയൽ വേഗ കോടതിയെ ബോധിപ്പിച്ചു.

ഓക്സിജന്‍റെയും രക്തത്തിന്‍റെയും കുറവ് കാരണം ദീർഘകാലമായി അദ്ദേഹത്തിന് ഇസ്കീമിയ എന്ന രോഗാവസ്ഥ ഉണ്ടായിരുന്നതാണ് ഈ വലുപ്പക്കൂടുതലിനു കാരണമെന്നാണ് വിശദീകരണം. ശ്വാസകോശ സംബന്ധമായ ഗുരുതരാവസ്ഥയാണ് മരണകാരണമെന്നും മൊഴി.

മെഡിക്കൽ പ്രൊഫഷനിൽനിന്നുള്ള ഏഴു പേരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. ന്യൂറോസർജനും സൈക്യാട്രിസ്റ്റും സൈക്കോളജിസ്റ്റും ഡോക്റ്റർമാരും നഴ്സുമാരും ഇതിൽ ഉൾപ്പെടുന്നു. ശസ്ത്രക്രിയക്കു ശേഷം വീട്ടിൽ വിശ്രമത്തിലായിരുന്ന മറഡോണയുടെ ആരോഗ്യ പരിപാലനത്തിനു നിയോഗിക്കപ്പെട്ടിരുന്നത് ഈ ഏഴംഗ സംഘമാണ്.

രക്തത്തിന്‍റെയോ മൂത്രത്തിന്‍റെയോ സാമ്പിളുകൾ പരിശോധിച്ചതിൽ മദ്യത്തിന്‍റെയോ മയക്കുമരുന്നിന്‍റെയോ അംശം കണ്ടെത്താനായില്ലെന്നാണ് ഫൊറൻസിക് വിദഗ്ധൻ എസക്കിയൽ ഗുസ്താവോ വെന്‍റോസി മൊഴി നൽകിയത്. കരൾ വീക്കം കൂടാതെ കിഡ്നിക്കും തകരാറുണ്ടായിരുന്നതായി പൊലീസ് സംഘത്തിൽനിന്നുള്ള സിൽവാന ഡി പിയറോ ചൂണ്ടിക്കാട്ടി.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com