
മാർനസ് ലബുഷെയ്നെ
പെർത്ത്: ടാസ്മാനിയക്കെതിരായ ഏകദിന മത്സരത്തിൽ ക‍്യൂൻസ്‌ലാൻഡ് നായകൻ മാർനസ് ലബുഷെയ്നെയ്ക്ക് സെഞ്ചുറി. 91പന്തിൽ 8 ബൗണ്ടറിയും 2 സിക്സും ഉൾപ്പടെ 105 റൺസാണ് താരം അടിച്ചു കൂട്ടിയത്. സ്പിന്നർ നിഖിൽ ചൗധരിയുടെ പന്തിൽ സ്‌ക്വയർ ഡ്രൈവിലൂടെയായിരുന്നു താരം സെഞ്ചുറി തികച്ചത്.
അടുത്തിടെ മൂന്നാമത്തെ സെഞ്ചുറിയാണ് മാർനസ് നേടുന്നത്. കഴിഞ്ഞാഴ്ച വിക്റ്റോറിയക്കെതിരായ ഏകദിന പരമ്പരയിലും ടാസ്മാനിയക്കെതിരേ നടന്ന ഷെഫീൾഡ് ഷീൾഡ് മത്സരത്തിലും താരം സെഞ്ചുറി നേടിയിരുന്നു.
കഴിഞ്ഞ ദിവസം ഇന്ത‍്യക്കെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള ടീമിനെ ഓസ്ട്രേലിയ പ്രഖ‍്യാപിച്ചെങ്കിലും മാർനസിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനു പിന്നാലെയാണ് താരം തകർപ്പൻ സെഞ്ചുറി അടിച്ചത്. മാർനസിനു പകരം മാറ്റ് റെൻഷോയെയാണ് ഓസീസ് ടീമിലേക്ക് പരിഗണിച്ചത്.
സമീപകാലത്ത് മോശം ഫോമിലായിരുന്നു മാർനസെങ്കിലും ടാസ്മാനിയക്കെതിരായ സെഞ്ചുറി നേട്ടം ആഷസ് പരമ്പരയ്ക്കുള്ള വാതിൽ തുറന്നേക്കും. ഡേവിഡ് വാർണർ ക്രിക്കറ്റ് മതിയാക്കിയ ശേഷം ഓപ്പണറെ കണ്ടെത്താൻ പാടുപെടുന്ന ഓസ്ട്രേലിയ ഒരുപക്ഷേ മാർനസിനെ ഓപ്പണറായി പരീക്ഷിച്ചേക്കും.