തിരിച്ചുവരവിൽ വീണ്ടും നിരാശപ്പെടുത്തി മാർനസ്; ടെസ്റ്റ് ടീമിലേക്കുള്ള വിളി കാത്ത് പുതുമുഖങ്ങൾ

നവംബർ 11ന് നടന്ന ഷെഫീൽഡ് ഷീൽഡ് മത്സരത്തിൽ ക്വീൻസ്‌ലാൻഡിന് വേണ്ടി കളിച്ച താരം 12 റൺസ് മാത്രം നേടി ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകയാണ്
who will replace marnus  Labuschagne in test cricket for australia?

മാർനസ് ലബുഷെയ്നെ

Updated on: 

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര പരാജയപ്പെട്ടതോടെ വലിയ വിമർശനമാണ് ഓസ്ട്രേലിയൻ ബാറ്റിങ് നിരയ്ക്കെതിരേ ഉയർ‌ന്നത്. മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 131 റൺസ് മാത്രം നേടിയ മൂന്നാം നമ്പർ ബാറ്റർ മാർനസ് ലബുഷെയ്നെയ്ക്കെതിരേയാണ് പ്രധാനമായും വിമർശനമുണ്ടായത്.

ന‍്യൂസിലൻഡിനെതിരേ ഡിസംബർ 9ന് പെർത്തിൽ ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസീസ് ടീമിലേക്ക് മാർനസിനെ പരിഗണിച്ചേക്കില്ലെന്ന് സെലക്റ്റർ ജോർജ് ബെയ്‌ലിയും കഴിഞ്ഞ ദിവസം വ‍്യക്തമാക്കിയിരുന്നു. ആഭ‍്യന്തര ക്രിക്കറ്റ് മാത്രമായിരുന്നു താരത്തിന് മുന്നിലുണ്ടായിരുന്ന ഏക പോംവഴി.

പക്ഷേ നവംബർ 11ന് നടന്ന ഷെഫീൽഡ് ഷീൽഡ് മത്സരത്തിൽ ക്വീൻസ്‌ലാൻഡിന് വേണ്ടി കളിച്ച താരം 12 റൺസ് മാത്രം നേടി ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകയാണ്. റിലീ മെറിഡിത്ത് ഓഫ് സ്റ്റംപ് ലക്ഷ‍്യമാക്കി എറിഞ്ഞ പന്തിൽ ഔട്ട്സൈഡ് എഡ്ജ് തട്ടിയാണ് പുറത്തായത്. ഇതോടെ ടെസ്റ്റ് ടീമിൽ മാർനസിന് ഇടം നഷ്ടമാകുമെന്ന് ഏതാണ്ട് ഉറപ്പായി. പകരം ആര് മൂന്നാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങുമെന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.

കർട്ടിസ് പാറ്റേഴ്സൺ

33കാരനായ ഇടങ്കയ്യൻ ബാറ്ററാണ് കർട്ടിസ് പാറ്റേഴ്സൺ. കഴിഞ്ഞ 5 ഷെഫീൽഡ് ഷീൽഡ് സീസണുകളിൽ മൂന്നാം നമ്പറിൽ മാർനസിനെക്കാൾ കൂടുതൽ റൺസുള്ള താരം. ഈ കാലയളവിൽ മൂന്നാമനായി ബാറ്റേന്തി 5 സെഞ്ചുറികൾ നേടിയിട്ടുള്ള മറ്റുതാരങ്ങളില്ല.

കൂടാതെ ആ സമയം ബാറ്റിങ് ശരാശരിയിൽ മാർനസിന് തൊട്ടുതാഴെയായിരുന്നു കർട്ടിസ്. ടാസ്മാനിയക്കെതിരേ അർധസെഞ്ചുറി നേടികൊണ്ടാണ് ഇത്തവണത്തെ ഷെഫീൽഡ് ഷീൽഡ് സീസണിന് കർട്ടിസ് തുടക്കമിട്ടത്. പിന്നീട് വെസ്റ്റേൺ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ സെഞ്ചുറി നേടി തകർപ്പൻ പ്രകടനം തന്നെ പുറത്തെടുത്തു.

അതേസമയം, അന്താരാഷ്ട്ര തലത്തിലും ഓസീസിനു വേണ്ടി കർട്ടിസ് ബാറ്റേന്തിയിട്ടുണ്ട്. 2019ൽ ശ്രീലങ്കയ്ക്കെതിരേ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച താരം 2 ഇന്നിങ്സുകളിൽ നിന്നും 144 റൺസാണ് അടിച്ചുകൂട്ടിയത്. എന്നാൽ കർട്ടിസ് പാറ്റേഴ്സണിന്‍റെ പ്രായമാണ് ടീമിലേക്ക് പരിഗണിക്കുന്നതിന് തടസമായി നിൽക്കുന്നത്. പക്ഷേ 34ാം വയസിൽ നിക് മാഡിൻസണെ ഓപ്പണിങ് ബാറ്ററായി ഓസീസ് തിരിച്ചുവിളിച്ചിരുന്നു. അതിനാൽ കർട്ടിസിനെ ടീമിലെടുത്താലും അത്ഭുതപ്പെടേണ്ടതില്ല.

ജാക്ക് ക്ലേറ്റൺ

28കാരനായ ഇടങ്കയ്യൻ ബാറ്ററാണ് ജാക്ക് ക്ലേറ്റൺ. ക്വീൻസ്‌ലാൻഡിനു വേണ്ടി ഇത്തവണത്തെ ഷെഫീൽഡ് ഷീൽഡ് സീസണിൽ (82, 66, 104) ഇതിനോടകം 2 അർധസെഞ്ചുറിയും ഒരു സെഞ്ചുറിയും നേടിയിട്ടുണ്ട് ജാക്ക്. താരത്തെ ടീമിലെടുക്കണമെന്ന ആവശ‍്യം ആരാധകർക്കിടയിൽ ശക്തമായിട്ടുണ്ട്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 43 മത്സരങ്ങളിൽ നിന്നും 7 സെഞ്ചുറിയുണ്ട് താരത്തിന്‍റെ പേരിൽ. എന്നാൽ ജാക്ക് ക്ലേറ്റണെ ഓസീസ് പരിഗണിക്കുമോയെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല. കാരണം മൂന്നാം നമ്പറിൽ 14 തവണ ഷെഫീൽഡ് ഷീൽഡ് ടൂർണമെന്‍റിൽ കളിച്ചിട്ടുള്ള താരത്തിന് 37.90 ബാറ്റിങ് ശരാശരിയിൽ ആകെ ഒരു സെഞ്ചുറി മാത്രമാണ് നേടാനായിട്ടുള്ളത്. എന്നാൽ ഈ സീസണിൽ നാലാം നമ്പറിൽ ബാറ്റ് ചെയ്തപ്പോൾ 48.58 ആയിരുന്നു താരത്തിന്‍റെ ബാറ്റിങ് ശരാശരി.

സാം കോൺസ്റ്റാസ്

ഓസ്ട്രേലിയയ്ക്ക് വേണ്ടി രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ ഓപ്പണിങ് ബാറ്ററായി കളിച്ചിട്ടുള്ള താരം നിലവിൽ മികച്ച ഫോമിലാണ്. കഴിഞ്ഞ മാസം ഒക്റ്റോബറിൽ ഇന്ത‍്യ എ ടീമിനെതിരായ മത്സരത്തിൽ കോൺസ്റ്റാസ് അർധസെഞ്ചുറി നേടിയിരുന്നു. ഇതുകൂടാതെ ഷെഫീൽഡ് ഷീൽഡ് മത്സരത്തിൽ വെസ്റ്റേൺ ഓസ്ട്രേലിയക്കെതിരേ രണ്ട് ഇന്നിങ്സുകളിൽ നിന്നും 222 റൺസാണ് താരം അടിച്ചെടുത്തത്. പിന്നീട് ന‍്യൂ സൗത്ത് വെയിൽസിനു വേണ്ടി 50 ഓവർ മത്സരത്തിൽ 149 റൺസും താരം നേടിയിരുന്നു.