

മേധാവി ബിധൂരി
ബൗളർമാരെ വീഴ്ത്തിയ ശേഷമുള്ള വിക്കറ്റ് ആഘോഷത്തിന്‍റെ പേരിൽ വൈറലായി മാറിയിരിക്കുകയാണ് 20 കാരിയും ക്രിക്കറ്റ് താരവുമായ മേധാവി ബിധൂരി. ലെഗ് സ്പിന്നറായ മേധാവി ഡൽഹി വനിതാ പ്രീമിയർ ലീഗിൽ സെൻട്രൽ ഡൽഹി ക‍്യൂൻസിനു വേണ്ടിയാണ് കളിക്കുന്നത്. ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സൗത്ത് ഡൽഹി സൂപ്പർസ്റ്റാർസിനെതിരേ 2 വിക്കറ്റ് വീഴ്ത്തിയതിനു ശേഷമുള്ള വിക്കറ്റ് ആഘോഷത്തിലൂടെയാണ് താരം ശ്രദ്ധ പിടിച്ചുപറ്റിയത്.
രണ്ട് കൈകളും മുകളിലേക്കും താഴേക്കും ഉയർത്തി ചലിപ്പിച്ചുകൊണ്ട് സിക്സ്-സെവൻ എന്ന് കൈ ആംഗ‍്യം കാണിച്ചുകൊണ്ടായിരുന്നു താരത്തിന്‍റെ ആഘോഷം. മത്സരം ഡൽഹി സൂപ്പർ സ്റ്റാർസ് വിജയിച്ചെങ്കിലും മേധാവിയുടെ വിക്കറ്റ് സെലിബ്രേഷനെ പറ്റിയായിരുന്നു ചർച്ചാവിഷയം.
മേധാവിയുടെ വിക്കറ്റ് ആഘോഷത്തിനു പിന്നിൽ
ജെൻ സീകൾക്കിടയിൽ ട്രെൻഡിങ്ങായ ഇന്‍റർനെറ്റ് ട്രെൻഡാണ് സിക്സ്-സെവൻ ആഘോഷം. മുൻപ് ഓസ്ട്രേലിയൻ ഇതിഹാസ താരം ഡേവിഡ് വാർണറും ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സണും ഇത്തരത്തിൽ ആഘോഷം നടത്തിയിട്ടുണ്ട്. എന്നാൽ മേധാവിയുടെ ആഘോഷം ഇതിനെ പിന്തുടർന്നായിരുന്നില്ല.
താരത്തിന്‍റെ ജേഴ്സി നമ്പർ 67 ആയതിനാലാണ് ഇത്തരത്തിലൊരു ആഘോഷത്തിനു പിന്നിലെന്നാണ് വിവരം. തന്‍റെ പ്രിയപ്പെട്ട ജേഴ്സി നമ്പറായ 12 ലഭിക്കാത്തതിനാലാണ് 67 തെരഞ്ഞെടുത്തതെന്നും തന്‍റെ സഹോദരിയാണ് ഇത്തരത്തിൽ വിക്കറ്റ് ആഘോഷം നടത്താൻ പറഞ്ഞതെന്നും താരം മത്സരത്തിനു ശേഷം മാധ‍്യമങ്ങളോട് വ‍്യക്തമാക്കിയിരുന്നു.
ഇന്ത‍്യയുടെ പുതിയ നാഷണൽ ക്രഷ്
വിക്കറ്റ് ആഘോഷത്തിന്‍റെ വിഡിയോ സോഷ‍്യൽ മീഡിയയിലെല്ലാം വൈറലായി മാറിയതോടെ മേധാവിയെ ഇന്ത‍്യയുടെ അടുത്ത നാഷണൽ ക്രഷ് എന്നാണ് പലരും വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത‍്യൻ താരം സ്മൃതി മന്ഥനയെ വെല്ലുന്ന ലുക്കാണ് താരത്തിനെന്നും ചിരി കാണാൻ നല്ല ഭംഗിയുണ്ടെന്നും സോഷ‍്യൽ മീഡിയയിൽ ചിലർ പറയുന്നു.