

മെസിയുടെ ഇടതു കാലിന് 8,151 കോടിയുടെ ഇൻഷുറൻസ്
മുംബൈ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഫുട്ബാൾ രാജാവ് ലയണൽ മെസി ഇന്ത്യയിൽ ഉണ്ടെങ്കിലും സൗഹൃദ മത്സരത്തിനായി പോലും അദ്ദേഹം ബൂട്ടണിഞ്ഞിട്ടില്ല. ഇതിന് കാരണം അദ്ദേഹത്തിന്‍റെ പേരിലുള്ള ഇൻഷുറൻസ് പോളിസിയാണ്. ലോകത്ത് ഏറ്റവും വലിയ സ്പോർട്സ് ഇൻഷുറൻസ് പോളിസി ഉടമയാണ് മെസി. 900 ദശലക്ഷം ഡോളർ അതായത് 8,151 കോടി രൂപയ്ക്കാണ് മെസിയുടെ ഇടത്തേ കാൽ ഇൻഷുർ ചെയ്തിരിക്കുന്നത്.
പോളിസിപ്രകാരം ഫുട്ബോൾ മത്സരത്തിനിടെ ഇടതുകാലിൽ പരിക്ക് പറ്റിയാൽ ഇൻഷുറൻസ് ലഭിക്കും. എന്നാൽ നിബന്ധന പാലിക്കണം. സ്വന്തം ക്ലബിനോ, രാജ്യത്തിനോ വേണ്ടിയല്ലാതെ ഫുട്ബോൾ കളിക്കരുത്. നിലവിൽ അർജന്‍റീനയുടെയും, അമേരിക്കൽ ഫുട്ബോൾ ക്ലബായ ഇന്‍റർ മയാമിയുടെ താരമാണ് മെസി. ഇൻഷുറൻസ് പോളിസിയുടെ നിബന്ധനപ്രകാരം സ്വന്തം രാജ്യത്തിനും, ക്ലബിനും വേണ്ടിയല്ലാതെ മെസിക്ക് മറ്റ് മത്സരങ്ങൾക്ക് ഇറങ്ങാൻ കഴിയില്ല. അതുകൊണ്ടാണ് ഇന്ത്യ സന്ദർശനത്തിനിടെ ഒരു സൗഹൃദ മത്സരം പോലും സംഘടിപ്പിക്കാതിരുന്നത്.
ഇന്ത്യയിൽ കളിച്ച് പരിക്കേറ്റാൽ കോടികളുടെ ഇൻഷുറൻസ് തുക മെസിക്ക് നഷ്ടമാകും. വൻ തുകയുടെ ഇൻഷുറൻസ് ആയതിനാൽ പോളിസി നൽകിയ കമ്പനികളുടെ വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല.