ഗൾഫുകാരനാകാൻ മെസിയും?

വൻ തുക പ്രതിഫല വാഗ്ദാനവുമായി സൗദി അറേബ്യൻ ക്ലബ് അൽ ഹിലാൽ.
ഗൾഫുകാരനാകാൻ മെസിയും?

പാരിസ്: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു പിന്നാലെ ലയണൽ മെസിയും ഗൾഫിലേക്ക് വിസയെടുക്കാൻ സാധ്യത തെളിയുന്നു. പാരിസ് സെന്‍റ് ജർമൻ ക്ലബ്ബുമായി ഉടക്കിലായതോടെ മെസിയെ പിടിക്കാൻ സൗദി അറേബ്യൻ ക്ലബ് വമ്പന്മാർ ചാക്കുമായി ഇറങ്ങിക്കഴിഞ്ഞു.

അനുമതിയില്ലാതെ സൗദി അറേബ്യ സന്ദർശിക്കാൻ പോയതിന് മെസിക്ക് പിഎസ്ജി രണ്ടാഴ്ചത്തേക്ക് സസ്പെൻഷൻ നൽകിയിരുന്നു. ഇതെത്തുടർന്ന്, സീസൺ അവസാനത്തോടെ മെസി ടീം വിടുമെന്നും ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് സൗദി സംഘങ്ങളുടെ ഇടപെടൽ.

ക്രിസ്റ്റ്യാനോയെ എത്തിച്ചതു വഴി സൗദിയിലെ അൽ നസ്ർ ക്ലബ്ബിന് വൻ നേട്ടമാണുണ്ടായത്. രാജ്യത്തെ മറ്റൊരു വമ്പൻ ക്ലബ്ബായ അൽ ഹിലാലാണ് മെസിക്കായി രംഗത്തുള്ളവരിൽ മുന്നിൽ.

ജൂനിയർ കാലഘട്ടം മുതൽ കളിച്ചിരുന്ന ബാഴ്സലോണയിലേക്കു മെസി മടങ്ങിപ്പോകാനുള്ള സാധ്യതയും അസ്തമിച്ചിരിക്കുകയാണ്. സ്പാനിഷ് ലീഗിൽ നടപ്പാക്കിയ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളാണ് ഇതിനു കാരണം. ഈ സാഹചര്യത്തിൽ യുഎസിലെ മേജർ സോക്കർ ലീഗുകളുമായും മെസിയുടെ ഏജന്‍റുമാർ ചർച്ച നടത്തുന്നുണ്ടെന്നാണ് വിവരം. ഡേവിഡ് ബെക്കാമാണ് മേജർ സോക്കർ ലീഗിലേക്കുള്ള പ്രമുഖ താരങ്ങളുടെ ഒഴുക്കിനു തുടക്കം കുറിച്ചത്. അതിനു ശേഷം വെയ്ൻ റൂണിയും ഏറ്റവുമൊടുവിൽ സ്ലാറ്റൻ ഇബ്രാഹിമോവിച്ചും അടക്കമുള്ള പ്രമുഖർ കരിയറിന്‍റെ അവസാന ഘട്ടത്തിൽ തെരഞ്ഞെടുത്തത് മേജർ സോക്കർ ലീഗ് തന്നെയായിരുന്നു. അവിടെ കളിക്കുന്ന ഇന്‍റർ മയാമി മെസിയെ ടീമിലെടുക്കാനുള്ള താത്പര്യം പരസ്യമാക്കിയിട്ടുണ്ട്. ഡേവിഡ് ബെക്കാമാണ് ഈ ക്ലബ്ബിന്‍റെ ഉടമ. അതേസമയം, ഇന്‍റർ മയാമി ഓഫർ ചെയ്തതിനെക്കാൾ വളരെ വലിയ തുകയാണ് അൽ ഹിലാൽ വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

നിലവിൽ സൗദി അറേബ്യൻ ടൂറിസത്തിന്‍റെ ബ്രാൻഡ് അംബാസഡർ കൂടിയാണ് മെസി. ഇതുമായി ബന്ധപ്പെട്ടായിരുന്ന കുടുംബസമേതമുള്ള സൗദി യാത്ര. എന്നാൽ, ഇതിനു മുൻപു തന്നെ പിഎസ്ജിയുമായുള്ള ബന്ധം വഷളായിരുന്നു എന്നാണ് സൂചന.

ഈ സീസണിൽ പിഎസ്ജിക്കായി 15 ഗോളും 15 അസിസ്റ്റുമാണ് മെസിയുടെ പേരിലുള്ളത്. കിലിയൻ എംബാപ്പെയും നെയ്മറും ക്ലബ്ബിൽ മെസിയുടെ സഹതാരങ്ങളാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com