
ഫോർട്ട് ലോഡർഡേൽ: ഇന്‍റർ മയാമിക്കു വേണ്ടി അരങ്ങേറ്റം കുറിച്ച ശേഷം തുടരെ മൂന്നാം മത്സരത്തിലും അർജന്‍റൈൻ സൂപ്പർ താരം ലയണൽ മെസി ഗോളടിച്ചു. ലീഗ്സ് കപ്പ് മത്സരത്തിൽ ഒർലാൻഡോ സിറ്റിക്കെതിരേ ഇന്‍റർ മയാമി 2-1 വിജയം കുറിച്ചപ്പോൾ, ഗോൾ രണ്ടും പിറന്നത് മെസിയുടെ മാന്ത്രിക ബൂട്ടുകളിൽനിന്ന്.
32 ടീമുകൾ ഉൾപ്പെടുന്ന റൗണ്ടിൽ ഈ ജയത്തോടെ മയാമിക്ക് ഒർലാൻഡോയുടെ മേൽ 1-0 അഗ്രഗേറ്റ് ലീഡായി. ആദ്യ പാദ മത്സരം എതിരില്ലാത്ത രണ്ടു ഗോളിന് മയാമി ജയിച്ചിരുന്നു.
ഇക്കുറി മത്സരത്തിന്‍റെ ഏഴാം മിനിറ്റിൽ തന്നെ മെസി വല ചലിപ്പിച്ചു. 11 മിനിറ്റിനുള്ളിൽ ഒർലാൻഡോ തിരിച്ചടിച്ചു. എന്നാൽ, 72ാം മിനിറ്റിൽ മെസി നേടിയ ഗോളിന് മറുപടിയുണ്ടായില്ല.
അമേരിക്കൻ ലീഗിൽ കളി തുടങ്ങി ആദ്യ മഞ്ഞക്കാർഡും മെസിയെ തേടിയെത്തിയത് ഈ മത്സരത്തിലാണ്. 21ാം മിനിറ്റിൽ നടത്തിയ ഫൗളിനായിരുന്നു ഇത്.