പിഎസ്‌ജി ജെഴ്സിയിൽ മെസിക്ക് അവസാന മത്സരം
പാരിസ്: ഫ്രഞ്ച് ക്ലബ് പാരിസ് സെന്‍റ് ജർമന്‍റെ ജെഴ്സിയിൽ ലയണൽ മെസി വെള്ളിയാഴ്ച അവസാന മത്സരം കളിക്കും. പരിശീലകന് ക്രിസ്റ്റഫ് ഗാല്‍റ്റിയര്‍ തന്നെയാണ് മെസിയുടെ ക്ലബ് മാറ്റം സ്ഥിരീകരിച്ചത്. ഫ്രഞ്ച് ലീഗ് വണിലെ ഈ സീസണിലെ അവസാന മത്സരമാണ് വെള്ളിയാഴ്ച നടക്കുന്നത്. ക്ലെര്‍മോണ്ട് ഫൂട്ട് ആയിരിക്കും പിഎസ്‌ജിയുടെ എതിരാളികൾ.
"ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് മെസി. അദ്ദേഹത്തെ പരിശീലിപ്പിക്കാന്‍ ഭാഗ്യമുണ്ടായി. അതില്‍ അഭിമാനമുണ്ട്', ഗാല്‍റ്റിയര്‍ പറഞ്ഞു.
മെസി കളിച്ചു വളർന്ന സ്പാനിഷ് ക്ലബ് ബാഴ്സലോണയും സൗദി അറേബ്യൻ ക്ലബ് അല്‍ ഹിലാലുമെല്ലാം സൂപ്പർ താരത്തെ സ്വന്തമാക്കാൻ രംഗത്തുണ്ട്. 8,200 കോടി രൂപ വരെ മുടക്കാന്‍ തയ്യാറാണെന്ന് സൗദി ക്ലബ് വ്യക്തമാക്കിയിരുന്നു. എന്നാൽ, സ്പാനിഷ് ലീഗിൽ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഇത്രയും വലിയ തുക ബാഴ്സയ്ക്ക് വാഗ്ദാനം ചെയ്യാൻ സാധിച്ചേക്കില്ല. അല്ലെങ്കിൽ മെസിയെ ഉൾപ്പെടുത്താൻ വേണ്ടി പല പ്രമുഖരെയും വിറ്റ് ഒഴിവാക്കേണ്ടിവരും.
മെസിക്ക് എഫ്സി ബാഴ്സലോണയെ ഇനിയും സഹായിക്കാനാവുമെന്ന് കോച്ച് സാവി കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. 35 വയസ് ആയെങ്കിലും ലോകകപ്പിലെ മെസിയുടെ മിന്നും പ്രകടനം ലോകം കണ്ടതാണ്. ബാഴ്സയില്‍ ഏത് പൊസിഷനിലും കളിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാകില്ല. മെസിയുടെ തിരിച്ചുവരവ് ടീമിന് ഗുണം ചെയ്യുമെന്നും ട്രാന്‍സ്ഫര്‍ സംബന്ധിച്ച് അദേഹവുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും സാവി പറഞ്ഞു.