
വിരാട് കോലി, മൈക്കൾ വോൺ
ലണ്ടൻ: ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് രോഹിത് ശർമയുടെ അപ്രതീക്ഷിത വിരമിക്കലിനു ശേഷം പുതിയ നായകനെ തേടുകയാണ് ബിസിസിഐ. എന്നാൽ, ഇപ്പോഴിതാ ജൂണിൽ നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പര‍്യടനത്തിൽ വിരാട് കോലിയെ നായകനാക്കണമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൾ വോൻ.
വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു വിരമിക്കാൻ സന്നദ്ധത അറിയിച്ചെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മൈക്കൾ വോന്‍റെ പ്രതികരണം. ഇന്ത‍്യയുടെ സ്ഥാനത്ത് താനായിരുന്നെങ്കിൽ വിരാട് കോലിയെ നായകനും ശുഭ്മൻ ഗില്ലിനെ ഉപനായകനുമാക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
എക്സിലൂടെയാണ് മൈക്കൾ വോൻ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്. അതേസമയം, ഇംഗ്ലണ്ട് പര‍്യടനത്തിൽ മാത്രം ടീമിനെ നയിക്കാമെന്നറിയിച്ച് കോലി രംഗത്തെത്തിയിരുന്നതായും, എന്നാൽ താത്കാലത്തേക്ക് ഒരു നായകനെന്ന തീരുമാനത്തെ മുഖ‍്യ പരിശീലകൻ ഗൗതം ഗംഭീറും സെലക്റ്റർമാരും തള്ളിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.