ഐപിഎല്ലിൽ ഡൽഹി ക‍്യാപ്പിറ്റൽസിന് തിരിച്ചടി; മിച്ചൽ സ്റ്റാർക്ക് തിരിച്ചെത്തില്ല

ഐപിഎൽ മത്സരങ്ങൾ കളിക്കാൻ മിച്ചൽ സ്റ്റാർക്ക് തിരിച്ചെത്തില്ലെന്ന് ടീമിനെ അറിയിച്ചതായാണ് വിവരം
big setback for delhi capitals mitchell starc will not return to india for remaining ipl matches

മിച്ചൽ സ്റ്റാർക്ക്

Updated on

ന‍്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ക‍്യാപ്പിറ്റൽസിനു വേണ്ടി ശേഷിക്കുന്ന മത്സരങ്ങൾ കളിക്കാൻ പേസർ മിച്ചൽ സ്റ്റാർക്ക് തിരിച്ചെത്തില്ല. മത്സരങ്ങൾക്കായി തിരിച്ചു വരില്ലെന്ന് സ്റ്റാർക്ക് ടീം മാനേജ്മെന്‍റിന് ഇ-മെയിൽ സന്ദേശം അയച്ചതായാണ് വിവരം.

ഇന്ത‍്യ- പാക്കിസ്ഥാൻ സംഘർഷത്തെ തുടർന്ന് നേരത്തെ താരം നാട്ടിലേക്ക് മടങ്ങിയിരുന്നു. പഞ്ചാബ് കിങ്സ്- ഡൽഹി ക‍്യാപ്പിറ്റൽസ് മത്സരം നടക്കുന്നതിനിടെയായിരുന്നു സംഘർഷമുണ്ടായത്. പിന്നീട് ഫ്ലഡ് ലൈറ്റുകൾ ഓഫാക്കുകയും മത്സരം പാതിവഴിയിൽ ഉപേക്ഷിക്കുകയുമായിരുന്നു.

മത്സരത്തിനിടെയുണ്ടായ ഭീകരാന്തരീക്ഷത്തെ കുറിച്ച് ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം താരവും മിച്ചൽ സ്റ്റാർക്കിന്‍റെ ഭാര‍്യയുമായ അലീസ ഹീലിയും തുറന്നു പറഞ്ഞിരുന്നു. ഇത്തവണത്തെ ഐപിഎൽ സീസണിൽ 11 മത്സരങ്ങൾ കളിച്ച സ്റ്റാർക്ക് 14 വിക്കറ്റുകളാണ് വീഴ്ത്തിയത്. മിച്ചൽ സ്റ്റാർക്കിന്‍റെ അസാന്നിധ‍്യം ഡൽഹി ക‍്യാപ്പിറ്റൽസിന് തിരിച്ചടിയായേക്കും.

അതേസമയം ടീമിലെ സഹ താരങ്ങളായ ട്രിസ്റ്റിയൻ സ്റ്റബ്സ്, ഫാഫ് ഡു പ്ലെസിസ്, മെന്‍റർ കെവിൻ പീറ്റേഴ്സൺ എന്നിവർ തിരിച്ചെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഗുജറാത്ത് ടൈറ്റൻസാണ് അടുത്ത മത്സരത്തിൽ ഡൽഹിയുടെ എതിരാളികൾ. പ്ലേ ഓഫ് കടക്കാൻ വരാനിരിക്കുന്ന 3 മത്സരങ്ങളിൽ ഡൽഹി ക‍്യാപ്പിറ്റൽസിന് ജയം അനിവാര‍്യമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com