
അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ സെമി ഫൈനല്‍ സ്ഥാനത്തിനായി പോരാടുന്ന ഓസ്‌ട്രേലിയക്ക് വൻ തിരിച്ചടി. അഹമ്മദാബാദില്‍ നവംബര്‍ നാലിന് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മത്സരത്തില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനൊപ്പം ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷും കളിക്കില്ല. വ്യക്തിഗത ആവശ്യങ്ങള്‍ക്കായി താരം തിരികെ നാട്ടിലേക്ക് മടങ്ങിയതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം ഗോള്‍ഫ് കളിച്ച് മടങ്ങുന്നതിനിടെ തകര്‍പ്പന്‍ ഫോമിലുള്ള അവരുടെ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനു പരുക്കേറ്റിരുന്നു. ഇതോടെ താരത്തിന് ഇംഗ്ലണ്ടുമായുള്ള മത്സരം കളിക്കാന്‍ സാധിക്കില്ലെന്നും വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഓസീസ് ക്യാംപില്‍ നിന്നു മിച്ചല്‍ മാര്‍ഷിന്‍റെയും തിരിച്ചുപോക്ക്.
ബുധനാഴ്ച രാത്രിയോടെയാണ് മാര്‍ഷ് പെര്‍ത്തിലേക്ക് മടങ്ങിയത്. അതേസമയം, ലോകകപ്പ് അവസാനിക്കുന്നതിന് മുന്‍പായി താരം തിരികെ ഇന്ത്യയിലേക്ക് എത്തുമോ എന്നതില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തത വരുത്തിയിട്ടില്ല. പകരക്കാരെയും പ്രഖ്യാപിച്ചിട്ടില്ല.