
WPL ടീം ക്യാപ്റ്റൻമാർ ട്രോഫിയുമായി.
ഏകദിന ലോകകപ്പ് വിജയത്തിന്‍റെ ആവേശപ്പൊലിമയിൽ നിൽക്കുന്ന ഇന്ത്യൻ വനിതാ താരങ്ങൾ വീണ്ടും പോരാട്ടക്കളത്തിലേക്ക്. വനിതാ പ്രീമിയർ ലീഗിന്‍റെ (WPL) നാലാം സീസണിന് വെള്ളിയാഴ്ച നവി മുംബൈയിൽ തുടക്കമാകും. വരാനിരിക്കുന്ന ട്വന്‍റി-20 ലോകകപ്പിനുള്ള തയാറെടുപ്പായിക്കൂടിയാണ് താരങ്ങൾ ഈ ടൂർണമെന്‍റിനെ കാണുന്നത്.
ഉദ്ഘാടന മത്സരത്തിൽ നിലവിലുള്ള ചാംപ്യന്മാരായ ഹർമൻപ്രീത് കൗറിന്‍റെ മുംബൈ ഇന്ത്യൻസ്, സ്മൃതി മന്ഥന നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും. ഇന്ത്യൻ വനിതാ ക്രിക്കറ്റിന്‍റെ ആസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിലാണ് മത്സരം. നവി മുംബൈ, വഡോദര എന്നിവിടങ്ങളിലായി രണ്ട് ഘട്ടങ്ങളായാണ് മത്സരങ്ങൾ നടക്കുന്നത്. ലോകത്തെ മികച്ച താരങ്ങൾ മാറ്റുരയ്ക്കുന്ന ഈ ടൂർണമെന്‍റ് ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ലോകകപ്പിന് മുൻപുള്ള കടുത്ത പരീക്ഷണവേദിയാകും.
മൂന്നാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന മുംബൈ ഇന്ത്യൻസാണ് കടലാസിൽ ഏറ്റവും കരുത്തരായ ടീം. ഹർമൻപ്രീതിന് പുറമെ ഇംഗ്ലണ്ട് നായിക നാറ്റ് സിവർ ബ്രണ്ട്, വെസ്റ്റ് ഇൻഡീസ് നായിക ഹെയ്‌ലി മാത്യൂസ് എന്നിവർ മുംബൈ നിരയിലുണ്ട്. ന്യൂസിലൻഡിന്‍റെ അമേലിയ കെർ, ഓസ്‌ട്രേലിയൻ താരം മില്ലി ഇല്ലിങ്‌വർത്ത്, ഇന്ത്യയുടെ അമൻജോത് കൗർ എന്നിവർ കൂടി ചേരുന്നതോടെ മുംബൈയെ തോൽപ്പിക്കുക എന്നത് മറ്റ് ടീമുകൾക്ക് വലിയ വെല്ലുവിളിയാകും. ഷബ്‌നിം ഇസ്മായിൽ നയിക്കുന്ന ബൗളിങ് നിരയിൽ സൈക ഇഷാഖും അണിനിരക്കും.
കഴിഞ്ഞ മൂന്ന് തവണയും ഫൈനലിൽ കിരീടം നഷ്ടമായ ഡൽഹി ഇത്തവണ ജെമീമ റോഡ്രിഗസിന്‍റെ നേതൃത്വത്തിലാണ് ഇറങ്ങുന്നത്. മെഗ് ലാനിങ് ടീം വിട്ടതോടെയാണ് ജെമീമ ക്യാപ്റ്റനായത്. ലോകകപ്പ് ജേതാക്കളായ ഷഫാലി വർമ, സ്നേഹ് റാണ എന്നിവർക്കൊപ്പം മലയാളി താരം മിന്നുമണിയും ഡൽഹി നിരയിലുണ്ട്. സൗത്ത് ആഫ്രിക്കൻ താരം ലൗറ വോൾവാർഡ്, മാരിസാന്നെ കാപ്പ് എന്നിവരാണ് ടീമിലെ പ്രമുഖ വിദേശ താരങ്ങൾ.
ഇതിഹാസ താരം എല്ലിസ് പെറിയുടെ അഭാവത്തിൽ ബാറ്റിങ് ഉത്തരവാദിത്വം സ്മൃതി മന്ഥനയുടെ തോളിലാകും. ജോർജിയ വോൾ, ഗ്രേസ് ഹാരിസ്, റിച്ച ഘോഷ് എന്നിവർ ടീമിന് ബാറ്റിങ്ങിൽ കരുത്ത് പകരും. പൂജ വസ്ത്രാകർ, അരുന്ധതി റെഡ്ഡി, ശ്രേയാങ്ക പാട്ടീൽ എന്നിവരാണ് ബൗളിങ് നിരയിലെ പ്രധാനികൾ. മൂവരും ഓൾറൗണ്ടർമാർ കൂടിയാണെന്നത് ടീമിന്‍റെ ആഴം വർധിപ്പിക്കുന്നു.
ആഷ്‌ലി ഗാർഡ്നർ നയിക്കുന്ന ഗുജറാത്ത് ജയന്‍റ്സ് നിരയിൽ വെറ്ററൻ താരം സോഫി ഡിവൈൻ തിരിച്ചെത്തുന്നത് വലിയ പ്രതീക്ഷയാണ്. രേണുക സിങ് ഠാക്കൂർ, യസ്തിക ഭാട്ടിയ എന്നിവരാണ് ഗുജറാത്തിലെ പ്രമുഖ ഇന്ത്യൻ താരങ്ങൾ.
മെഗ് ലാനിങ് നയിക്കുന്ന യുപി വാരിയേഴ്സ് നിരയിൽ, ലോകോത്തര ഓൾറൗണ്ടർ ദീപ്തി ശർമയാണ് പ്രധാന ഇന്ത്യൻ താരം. ഫോബ് ലിച്ച്ഫീൽഡ് ആയിരിക്കും ടീം പ്രതീക്ഷയർപ്പിക്കുന്ന വിദേശ താരങ്ങളിലൊരാൾ.