Modern day India spin quartet

പഴയ സ്പിൻ ക്വാർട്ടറ്റ്: എസ്. വെങ്കട്ടരാഘവൻ, ബിഷൻ സിങ് ബേദി, ഇ.എ.എസ്. പ്രസന്ന, ബി.എസ്. ചന്ദ്രശേഖർ; 

പുതിയ സ്പിൻ ക്വാർട്ടറ്റ്: അക്ഷർ പട്ടേൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി

വിജയത്തിന്‍റെ വല നെയ്ത നാൽവർ സംഘം

ഇന്ത്യൻ സ്പിന്നർമാരുടെ സുവർണകാലത്തു പോലും 4 സ്പിന്നർമാർ ഒരുമിച്ച് കളിക്കാറില്ല. ബാറ്റർമാരുടെ കളിയായ ആധുനിക ക്രിക്കറ്റിൽ ഇതാ 4 സ്പിന്നർമാർ ചേർന്ന് ഇന്ത്യക്ക് ചാംപ്യൻസ് ട്രോഫി നേടിത്തന്നിരിക്കുന്നു

വി.കെ. സഞ്ജു

ഇന്ത്യയുടെ കന്നി ലോകകപ്പ് നേട്ടം പ്രമേയമായ 83 എന്ന സിനിമയിൽ റോജർ ബിന്നി സഹതാരങ്ങൾക്ക് വെസ്റ്റിൻഡീസിന്‍റെ പേസ് പടയെ പരിചയപ്പെടുത്തുന്ന ഒരു സീനുണ്ട്. ഇതുകേട്ട് കെ. ശ്രീകാന്ത് ചോദിക്കുന്നു: ''നമ്മൾ ക്രിക്കറ്റ് കളിക്കാനാണോ, അതോ ഹൊറർ മൂവി കാണാനാണോ വന്നത്!'' ഏതു ലോകോത്തര ബാറ്റർമാരുടെയും മുട്ടിടിപ്പിക്കുന്ന പേസ് പടയായിരുന്നു അന്നത്തെ വെസ്റ്റിൻഡീസിന്‍റേത്- ആൻഡി റോബർട്സ്, മൈക്കൽ ഹോൾഡിങ്, ജോയൽ ഗാർനർ, കോളിൻ ക്രോഫ്റ്റ്....

ആ കരീബിയൻ പേസ് ക്വാർട്ടറ്റ് ക്രിക്കറ്റ് ലോകം കീഴടക്കും മുൻപേ, ആദ്യത്തെ ക്രിക്കറ്റ് ലോകകപ്പ് പോലും നടത്തും മുൻപേ, ഇന്ത്യക്കു സ്വന്തമായൊരു സ്പിൻ ക്വാർട്ടറ്റ് ഉണ്ടായിരുന്നു- ഏറപ്പള്ളി പ്രസന്ന, എസ്. വെങ്കട്ടരാഘവൻ, ഭഗവത് ചന്ദ്രശേഖർ, ബിഷൻ സിങ് ബേദി. നാലു പേരുടെയും കൂടി അക്കൗണ്ടിൽ 231 ടെസ്റ്റ് മത്സരങ്ങൾ, 853 വിക്കറ്റ്. അന്നത്തെ കാലത്ത് അസാധ്യമെന്നു കരുതപ്പെട്ട, ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും ന്യൂസിലാൻഡിനുമെതിരായ ടെസ്റ്റ് വിജയങ്ങൾ, ഇന്ത്യക്കു നേടിത്തന്ന ബൗളിങ് മാന്ത്രികരായിരുന്നു അവർ. ഇന്ത്യൻ സ്പിന്നർമാരുടെ ആ സുവർണ കാലത്തു പോലും പക്ഷേ, അവർ നാലു പേരും ഒരുമിച്ച് കളിച്ചത് ഒരേയൊരു ടെസ്റ്റിലാണ്.

ആധുനിക ക്രിക്കറ്റിലെ നാൽവർ സ്പിൻ സംഘം

rohit sharma gautam gambhir ajit agarkar

രോഹിത് ശർമ, ഗൗതം ഗംഭീർ, അജിത് അഗാർക്കർ

ഇപ്പോഴിതാ, ക്രിക്കറ്റിലെ സകല നിയമങ്ങളും ബാറ്റർമാർക്ക് അനുകൂലമായി തിരുത്തിയെഴുതപ്പെടുന്ന ഈ കാലത്ത്, നാലു സ്പിന്നർമാർ ചേർന്ന് ഇന്ത്യക്കൊരു ഐസിസി ട്രോഫി നേടിത്തന്നിരിക്കുന്നു. ചാംപ്യൻസ് ട്രോഫി ടീമിൽ നാല് സ്പെഷ്യലിസ്റ്റ് സ്പിന്നർമാരെ ഉൾപ്പെടുത്തുമ്പോൾ നെറ്റി ചുളിച്ച ക്രിക്കറ്റ് പണ്ഡിതരുണ്ട്. ഓപ്പണർ യശസ്വി ജയ്സ്വാളിനു പകരം അഞ്ചാമതൊരു സ്പിന്നരെ കൂടി ടീമിലെടുത്തതോടെ സെലക്ഷൻ കമ്മിറ്റിയെക്കുറിച്ച് പണ്ട് മൊഹീന്ദർ അമർനാഥ് പറഞ്ഞ വാക്കുകൾ പലരും ഓർത്തെടുത്തു- ബഞ്ച് ഓഫ് ജോക്കേഴ്സ് - കോമാളിക്കൂട്ടം!

പക്ഷേ, ചീഫ് സെലക്റ്റർ അജിത് അഗാർക്കറും, ചീഫ് കോച്ച് ഗൗതം ഗംഭീറും, ക്യാപ്റ്റൻ രോഹിത് ശർമയും എല്ലാം ഉൾപ്പെട്ട തിങ്ക് ടാങ്കിനു വ്യക്തമായി അറിയാമായിരുന്നു, അവരെന്താണു ചെയ്യുന്നതെന്ന്. ആദ്യ രണ്ട് ഗ്രൂപ്പ് മത്സരങ്ങളിൽ മൂന്ന് സ്പിന്നർമാരെ മാത്രമാണ് ഇന്ത്യ കളിപ്പിച്ചത്. കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ. അതിൽ രണ്ടു പേർ ഓൾറൗണ്ടർമാർ. മൂന്നാം മത്സരത്തിൽ ഹർഷിത് റാണയ്ക്കു പകരം വരുൺ ചക്രവർത്തി വന്നതോടെ പ്ലെയിങ് ഇലവനിൽ സ്പിന്നർമാർ നാലായി. കിട്ടിയ അവസരം ഇരുകൈയും നീട്ടി സ്വീകരിച്ച വരുൺ കടപുഴക്കിയത് അഞ്ച് വിക്കറ്റ്. ഇതോടെ, നാലു സ്പിന്നർ സ്ട്രാറ്റജിയുമായി മുന്നോട്ടു പോകാൻ ടീം നിർബന്ധിതമായെന്നു വേണം പറയാൻ. അതുകൊണ്ട് ദോഷമൊന്നുമുണ്ടായില്ലെന്നു മാത്രമല്ല, നാലു പേരും കൂടി ഇന്ത്യക്ക് ചാംപ്യൻസ് ട്രോഫിയും നേടിത്തന്നു.

കൂട്ടത്തിൽ കുറച്ച് പിന്നിലായിരുന്ന കുൽദീപ് യാദവിനെ ഫൈനലിൽ കളിപ്പിക്കേണ്ടെന്ന വാദം ശക്തമായിരുന്നു. പക്ഷേ, ടീം മാനെജ്മെന്‍റ് തന്നിൽ അർപ്പിച്ച വിശ്വാസം കുൽദീപ് കാക്കുക തന്നെ ചെയ്തു. അയാൾ തുടക്കത്തിൽ ഏൽപ്പിച്ച ഇരട്ട പ്രഹരത്തിൽ നിന്ന് ന്യൂസിലൻഡിന് പിന്നെയൊരു ഘട്ടത്തിലും കരക‍യറാനായില്ല.

സ്പിന്നർമാരുടെ അക്ഷയഖനി

ലോകത്ത് ലഭ്യമായ എല്ലാത്തരം സ്പിന്നർമാരുടെയും കമനീയ ശേഖരമായിരുന്നു ചാംപ്യൻസ് ട്രോഫി കളിച്ച ഇന്ത്യൻ ടീം എന്നും പറയാം. ജഡേജയും അക്ഷറും ലെഫ്റ്റ് ആം ഓർത്തഡോക്സ് സ്പിന്നർമാർ. കുൽദീപ് യാദവ് ഇടങ്കയ്യൻ ചൈനാമാൻ സ്പിന്നർ. വരുൺ ചക്രവർത്തി ലെഗ് സ്പിന്നർ. ഓഫ് സ്പിന്നറായ വാഷിങ്ടൺ സുന്ദറിനു മാത്രമാണ് ഒരു മത്സരത്തിലും അവസരം കിട്ടാതെ പോയത്.

ഇതിൽ ജഡേജയും അക്ഷറും ക്ലാസിക് സ്പിൻ ബൗളിങ്ങിന്‍റെ വക്താക്കൾ എന്ന നിലയിൽ റണ്ണൊഴുക്ക് നിയന്ത്രിക്കാനുള്ള ചുമതല കൃത്യമായി നിർവഹിച്ചു. വരുണും കുൽദീപും തങ്ങളുടെ നിർവചനത്തിനപ്പുറത്തെ മിസ്റ്ററി കൊണ്ട് എതിർ ബാറ്റർമാരെ വലച്ചു. പഴയ സ്പിൻ ക്വാർട്ടറ്റ് യുഗത്തിലേതു പോലെ, പുതിയ പന്തിന്‍റെ തിളക്കം മാഞ്ഞു തുടങ്ങുന്നതു വരെ പന്തെറിയുക എന്ന ദൗത്യം മാത്രമായിരുന്നു മുഹമ്മദ് ഷമിക്കും ഹാർദിക് പാണ്ഡ്യക്കും. ഫൈനലിന്‍റെ ആറാം ഓവർ മുതൽ കളി നിയന്ത്രിച്ചത് സ്പിന്നർമാരായിരുന്നു.

ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി പദ്ധതികളിൽ ആദ്യം ഇല്ലാതിരുന്ന ബൗളറാണ് വരുൺ- ടി20 സ്പെഷ്യലിസ്റ്റ് എന്ന ബ്രാക്കറ്റിൽ ഒതുങ്ങിപ്പോയ ക്രിക്കറ്റർ. ടെസ്റ്റ് ക്രിക്കറ്റ് പോയിട്ട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്‍റെ പോലും അയലത്തടുപ്പിക്കാത്ത മിസ്റ്ററി സ്പിന്നർ. എന്നാൽ, ചാംപ്യൻസ് ട്രോഫിയിലെ മൂന്നു മത്സരങ്ങളിൽ മാത്രം കളിച്ച വരുൺ വിക്കറ്റ് വേട്ടയിൽ മറ്റ് അഞ്ച് മത്സരം കളിച്ച ഷമിക്കൊപ്പമാണ്- ഇരുവർക്കും ഒമ്പത് വിക്കറ്റ് വീതം. കുൽദീപ് ഏഴ് വിക്കറ്റും, അക്ഷറും ജഡേജയും അഞ്ച് വിക്കറ്റ് വീതവും നേടി. നാലു പേരും ഓവറിൽ ശരാശരി വിട്ടുകൊടുത്തത് നാലര റൺസ് മാത്രം.

മാച്ച് വിന്നിങ് സ്പിന്നേഴ്സ്

Varun Chakravarthy holds Champions Trophy during presentation ceremony

ചാംപ്യൻസ് ട്രോഫി അർഹിച്ച കൈകളിൽ, ഇന്ത്യൻ ടീം ചാംപ്യൻസ് ട്രോഫിയുമായി

മത്സരങ്ങൾ ജയിപ്പിക്കാൻ ബാറ്റർമാർക്കു സാധിക്കും. പക്ഷേ, ടൂർണമെന്‍റുകൾ ജയിപ്പിക്കുന്നത് ബൗളർമാരാണ്. 1983 ലോകകപ്പിലെ റോജർ ബിന്നിയും, 2007ലെ ആർ.പി. സിങ്ങും, 2011ലെ സഹീർ ഖാനും, 2024ലെ അർഷ്‌ദീപ് സിങ്ങും ഉദാഹരണങ്ങൾ.

സ്പിൻ ബൗളിങ്ങിന്‍റെ അക്ഷയ ഖനിയാണ് ഇന്ത്യ. പക്ഷേ, ഇന്ത്യ നേടിയ ഐസിസി ട്രോഫികളിൽ എവിടെയും ഒരു സ്പിന്നർ വിക്കറ്റ് വേട്ടയിൽ മുന്നിലെത്തിയിട്ടില്ല. ആ ചരിത്രം കൂടിയാണ് ഇന്ത്യൻ ക്രിക്കറ്റിലെ അഭിനവ സ്പിൻ ക്വാർട്ടറ്റ്, വരുൺ ചക്രവർത്തിയുടെ നേതൃത്വത്തിൽ തിരുത്തിയെഴുതിയിരിക്കുന്നത്....

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com