
മുഹമ്മദ് അസറുദ്ദീൻ
മുംബൈ: ദുലീപ് ട്രോഫി സെമി ഫൈനലിൽ സൗത്ത് സോൺ ടീമിനെ മലയാളി താരം മുഹമ്മദ് അസറുദ്ദീൻ നയിക്കും. നേരത്തെ ക‍്യാപ്റ്റനായി ഇന്ത‍്യൻ താരം തിലക് വർമയെയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ തിലക് വർമ ഏഷ‍്യ കപ്പ് ടീമിലുള്ളതിനാൽ ദുലീപ് ട്രോഫിയിൽ നിന്നും പിന്മാറുകയായിരുന്നു.
ഇതോടെയാണ് ക‍്യാപ്റ്റനായി അസറുദ്ദീനെ പ്രഖ‍്യാപിച്ചത്. അസറുദ്ദീനെ ക‍്യാപ്റ്റനായി തെരഞ്ഞെടുത്തതോടൊപ്പം തമിഴ്നാട് താരം എൻ. ജഗദീഷനെ വൈസ് ക‍്യാപ്റ്റനായും തെരഞ്ഞെടുത്തിട്ടുണ്ട്.
അതേസമയം തമിഴ്നാട് താരം സായ് കിഷോറിന് പരുക്കേറ്റതിനാൽ സെമി ഫൈനൽ മത്സരം നഷ്ടമാകും. നോർത്ത് സോണിനെതിരേയാണ് ദുലീപ് ട്രോഫി മത്സരം. സെപ്റ്റംബർ നാലിനാണ് സെമി ഫൈനൽ ആരംഭിക്കുന്നത്. അസറുദ്ദീനെ കൂടാതെ മലയാളി താരങ്ങളായ നിധീഷ് എം.ഡി., എൻ.പി. ബേസിൽ, സൽമാൻ നിസാർ, ദേവ്ദത്ത് പടിക്കൽ എന്നിവരും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ ആഭ‍്യന്തര സീസണിൽ പുറത്തെടുത്ത മികച്ച പ്രകടനങ്ങളാണ് താരങ്ങൾക്ക് കരുത്തേകിയത്. ക‍്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടതോടെ കേരള ക്രിക്കറ്റ് ലീഗിലെ മത്സരങ്ങൾ അസറുദ്ദീന് നഷ്ടമായേക്കും. കെസിഎല്ലിൽ ആലപ്പി റിപ്പിൾസിന്‍റെ നായകനാണ് അസറുദ്ദീൻ.