
സി.കെ. രാജേഷ് കുമാര്‍
വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യക്ക് മേല്‍ക്കൈ ലഭിക്കാവുന്ന ആ ക്യാച്ച്, അതും കിവികളുടെ നായകന് കെയ്ന്‍ വില്യംസണിന്റെ ക്യാച്ച്, അത് വിട്ടുകളഞ്ഞിരുന്നെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രം മുഹമ്മദ് ഷമിയെ ഒറ്റുകാരനാക്കുമായിരുന്നു. ഷമി ഹീറോയാണെന്നു തെളിയിക്കേണ്ട ബാധ്യത ഷമിക്കു തന്നെയായിരുന്നു, അതയാള്‍ തെളിയിക്കുകയും ചെയ്തു, സ്വപ്നസമാനമായ ഒരു സ്പെല്ലിലൂടെ.
ഇന്ത്യ-ന്യൂഡിലന്‍ഡ് ലോകകപ്പ് സെമി. വാംഖഡെയില്‍ കൂറ്റന്‍ സ്കോറുമായി ജയം പ്രതീക്ഷിച്ച ഇന്ത്യക്ക് ഭീഷണിയായി ഡാരില്‍ മിച്ചെലും കെയ്ന്‍ വില്യംസണും കളംവാഴുകയായിരുന്നു. മുംബൈ മറൈന്‍ ഡ്രൈവില്‍, ഫ്ലെഡ് ലൈറ്റിനു കീഴില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാരും ബൗളര്‍മാരും വിളറിപ്പോകുന്ന ഘട്ടം. രവീന്ദ്ര ജഡേജ വര കടന്ന് നോബോള്‍ എറിയുന്നു. സൂര്യകുമാര്‍ യാദവിന്റെ ഫീല്‍ഡിങ് പിഴവ്. സ്വിങ് ചെയ്യുന്ന പന്ത് കൈയിലൊതുക്കാനാകാതെ വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുല്‍, ഓവര്‍ ത്രോയിലൂടെ ബൗണ്ടറി വഴങ്ങുന്ന ജഡേജ. പന്ത് കൈയിലെത്തും മുമ്പ് ഗ്ലൗ കൊണ്ട് സ്റ്റംപ് ഇളക്കുന്ന രാഹുല്‍.
അങ്ങനെ മികച്ച ബാറ്റിങ്ങിനു ശേഷം സര്‍വതും പിഴയ്ക്കുന്ന ടീം ഇന്ത്യ. അതിനിടെ ഷമിയുടെ ആ ത്രോയില്‍ വില്യംസണ് റണ്ണൗട്ട് ആവേണ്ടതായിരുന്നു. അതും സംഭവിച്ചില്ല. വാംഖഡെ നിശബ്ദമായി....
ജസ്പ്രീത് ബുമ്രയെ രോഹിത് രണ്ടാം സ്പെല്ലിനായി കൊണ്ടുവന്നു. അഞ്ച് പന്തിനുശേഷം ബുമ്ര വില്യംസണെ പരീക്ഷിച്ചു. കിവീസ് ക്യാപ്റ്റന്റെ ക്രോസ് ബാറ്റ് ഷോട്ട്. മിഡ്ഓണിലേക്ക് ദുര്‍ബലമായി അതുയര്‍ന്ന് വായുവില്‍ പൊങ്ങി. ഷമിയുടെ കൈയിലേക്ക്. ബുംറ ആഹ്ലാദ പ്രകടനത്തിനു തയാറെടുത്തുകഴിഞ്ഞു, വാംഖഡെ പ്രകമ്പനംകൊണ്ടു. ഷമി പിടിയിലൊതുക്കാനായാഞ്ഞു. എന്നാല്‍ പന്ത് കൈയില്‍ തെറിച്ചുവീണു. ബുംമ്ര നിരാശകൊണ്ട് മുഖംപൊത്തി. സ്റ്റേഡിയത്തിലെ 36,000 കാണികള്‍ തരിച്ചുനിന്നു. പെട്ടെന്ന് ശാപവാക്കുകള്‍ മുഴങ്ങി. നിമിഷങ്ങള്‍ക്കുള്ളില്‍ ട്വറ്ററില്‍ ഷമിക്കെതിരേ വിദ്വേഷം വമിച്ചു. അതുവരെ നേടിയ ഒമ്പത് ജയങ്ങള്‍ ഒന്നുമല്ലാതാകുകയായിരുന്നു. തൊട്ടു മുന്‍പു കണ്ട ഫീല്‍ഡിങ് പിഴവുകള്‍ക്കൊന്നും ഉണ്ടാകാത്ത മത വിദ്വേഷം ഷമിക്കെതിരേ തിളച്ചുതൂവുന്നു.
തുടര്‍ന്നുള്ള മൂന്നോവര്‍ ഭയത്തോടെ നോക്കി. 18ഓവറില്‍ എട്ട് വിക്കറ്റ് ശേഷിക്കെ കിവീസിന് ജയിക്കാന്‍ 179 റണ്‍സ്. മിച്ചെല്‍-വില്യംസണ് സഖ്യം അപകടകരമായി മുന്നേറുന്നു. ഈ ഘട്ടത്തില്‍ വിശ്വാസത്തോടെ രോഹിത് ശര്‍മ മുഹമ്മദ് ഷമിയെ പന്തേല്‍പ്പിച്ചു.
ഷമി പന്തെടുത്തു. ചുറ്റും സംശയക്കണ്ണുകള്‍. രണ്ടാം സ്പെല്ലിലെ രണ്ടാം പന്ത്. വില്യംസണ് സിക്സര്‍ ലക്ഷ്യമാക്കി ബാറ്റ് വീശി. ഡീപ് ബാക്ക്വേര്‍ഡ് സ്ക്വയര്‍ ലെഗിലേക്ക്. അവിടെ സൂര്യകുമാറിന്റെ കൈയില്‍ പന്തൊതുങ്ങി. വാംഖഡെ ശബ്ദം വീണ്ടെടുത്തു. ഷമിയുടെ ചുണ്ടില്‍ ആശ്വാസച്ചിരി വിടര്‍ന്നു. ഷമി ഹീറോയാണെന്നു തെളിയിച്ച പത്ത്. ടോം ലാതവും ആ മിടുക്കില്‍ മടങ്ങി
220/2 എന്നതില്‍നിന്ന് 220/4 എന്ന സ്കോറിലേക്ക് കിവകള് തകര്‍ന്നു. നാല് വിക്കറ്റും ഷമിയുടെ പേരില്‍. അപായമുഖത്ത് നിന്ന് ആനന്ദത്തിലേക്കുള്ള യാത്ര.
തുടര്‍ന്ന് മൂന്ന് വിക്കറ്റും കൂടി കോല്ക്കത്തക്കാരന് സ്വന്തം പേരിലാക്കി. ലോകകപ്പ് സെമിയില്‍ ഒരു ബൗളറുടെ ഏറ്റവും മികച്ച പ്രകടനം. ആറ് കളിയില്‍ 23 വിക്കറ്റുമായി ലോകകപ്പിലെ ഒന്നാമന്.
ഒരു മാസം മുമ്പ് ടീമിലുണ്ടായിരുന്നില്ല. ടീം സന്തുലനത്തില്‍ ഷമി അധികപ്പറ്റായിരുന്നു. 2019 പതിപ്പില്‍ മിന്നിത്തിളങ്ങിയ ബൗളറാണ് കരയ്ക്കിരുന്നത്. ഒടുവില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പരുക്ക് വിടവുണ്ടാക്കിയപ്പോള് മറ്റ് വഴികളുണ്ടായില്ല. ധര്‍മശാലയില്‍ ന്യൂസിലന്ഡിനെതിരേ അവസരമൊരുങ്ങി. ആദ്യമത്സരങ്ങളില്‍ ഒഴിവാക്കപ്പെട്ട ഷമിയുടെ പിന്നീടുള്ള പ്രകടനം ഇങ്ങനെ,
5-54. മാന്‍ ഓഫ് ദി മാച്ച്. 4-22, 5-18, 2-18, 0-041, 7-57. ഒരു ക്യാച്ച് പാഴാക്കിയതിന് ജീവിതകാലം മുഴുവന്‍ വേട്ടയാടപ്പെണ്ടേിയിരുന്ന ഒരു കളിക്കാരന്റെ കളിക്കണക്ക് ഇങ്ങനെയായിരുന്നു. എന്നാല്‍ ഷമിയോട് ക്ഷമിക്കാന്‍ ഇതൊന്നും പര്യാപ്തമായിരുന്നില്ല.
രണ്ട് വര്‍ഷംമുമ്പ് ഈ കളിക്കാരനെയാണ് കൂട്ടംചേര്‍ന്ന് ദേശദ്രോഹിയെന്ന് ക്രൂശിച്ചത്. ട്വന്റി 20 ലോകകപ്പില്‍ വഴങ്ങിയ റണ്ണിലും പാഴാക്കിയ ക്യാച്ചുകളില്‍ വേട്ടയാടപ്പെട്ട താരം. മറ്റൊരു താരത്തിനും അതൊന്നും അനുഭവിക്കേണ്ടിവന്നില്ല.
എന്നാല്‍ ഇപ്പോഴിതാ ഷമി ഈ ലോകകപ്പിന്റെ തന്നെ താരമാകാന്‍ സാധ്യത വീണ്ടെടുത്തു. കിവീസിനെതിരായ സെമിയില്‍ ഏഴു വിക്കറ്റുകള്‍ പോയ ഷമി ഫൈനലില്‍ ഇന്ത്യക്ക് കിരീടം സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം. ആറ് മത്സരങ്ങളില്‍ നിന്ന് 23 വിക്കറ്റുകള്‍ സ്വന്തമാക്കിയ ഷമി വിമര്‍ശനങ്ങളെ പൂമാലകളാക്കി ഇന്ത്യന്‍ ആരാധകരുടെ ആനന്ദമായി കുതിക്കട്ടെ....