

മുഹമ്മദ് സിറാജ്
ഹൈദരാബാദ്: ഇത്തവണത്തെ ശേഷിക്കുന്ന രഞ്ജി ട്രോഫി മത്സരങ്ങളിൽ ഹൈദരാബാദിനെ സ്റ്റാർ പേസർ മുഹമ്മദ് സിറാജ് നയിക്കും. വൈസ് ക‍്യാപ്റ്റനായി ടോപ് ഓർഡർ ബാറ്റർ ജി. രാഹുലിനെ തെരഞ്ഞെടുത്തു. മുംബൈയും ഛത്തീസ്ഗഢുമാണ് ഹൈദരാബാദിന്‍റെ എതിരാളികൾ.
ജനുവരി 22, 29 തീയതികളിലാണ് ഹൈദരാബാദിന്‍റെ ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നടക്കുന്നത്. നേരത്തെ തിലക് വർമയായിരുന്നു ഹൈദരാബാദിനെ നയിച്ചിരുന്നത്. എന്നാൽ പരുക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്. ഇതേത്തുടർന്ന് ന‍്യൂസിലൻഡിനെതിരായ ഏകദിന മത്സരവും തിലകിന് നഷ്ടമായി.
ദീർഘ കാലത്തെ പരിചയസമ്പത്തിന്‍റെ അടിസ്ഥാനത്തിലാണ് സിറാജിനെ തേടി ക‍്യാപ്റ്റൻ സ്ഥാനം എത്തിയിരിക്കുന്നത്. അടുത്ത രഞ്ജി ട്രോഫി സീസണിൽ സ്ഥിരം ക‍്യാപ്റ്റനായി സിറാജിനെ നിയമിക്കുന്നതിന്‍റെ ഭാഗമാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് സൂചന. ഹൈദരാബാദ് ടീമിന്‍റെ ക‍്യാപ്റ്റനായി സിറാജിനെ പ്രഖ‍്യാപിച്ചിട്ടുണ്ടെങ്കിലും ഉടനെ താരം ടീമിനൊപ്പം ചേരില്ലെന്നാണ് വിവരം.