ഡ്യൂറന്‍ഡ് കപ്പ് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റിന്

ഫൈനലിൽ ഈസ്റ്റ് ബംഗാളിനെ ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെടുത്തി
ജേതാക്കളായ മോഹൻ ബഗാൻ ടീം
ജേതാക്കളായ മോഹൻ ബഗാൻ ടീം
Updated on

കോല്‍ക്കത്ത: 85,000 കാണികള്‍ക്കു മുന്നില്‍ നടന്ന ആവേശപ്പോരാട്ടത്തിനൊടുവില്‍ മോഹന്‍ബഗാന്‍ തന്നെ രാജാവ്. പരമ്പരാഗത വൈരികളായ ഈസ്റ്റ് ബംഗാളിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് 2023 ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോള്‍ കിരീടത്തില്‍ ഇതോടെ ഐഎസ്എല്‍. കിരീടത്തിന് പിന്നാലെ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ക്ലബ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പായ ഡ്യൂറന്‍ഡ് കപ്പും സ്വന്തമാക്കാന്‍ മോഹന്‍ ബഗാന് സാധിച്ചു.

രണ്ടാം പകുതിയില്‍ 62-ാം മിനിറ്റില്‍ മധ്യനിരതാരം അനിരുദ്ധ് ഥാപ്പ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ മോഹന്‍ ബഗാന്‍ 10 പേരായി ചുരുങ്ങിയിരുന്നു. എന്നിട്ടും മികച്ച ആക്രമണം അഴിച്ചുവിട്ടാണ് ടീം വിജയം കൈയ്യിലാക്കിയത്. പത്തുപേരായി ചുരുങ്ങിയ മോഹന്‍ ബഗാനെതിരേ അവസരം മുതലെടുക്കാന്‍ ഈസ്റ്റ് ബംഗാളിന് സാധിച്ചില്ല. 17-ാം ഡ്യൂറന്‍ഡ് കിരീടമാണ് ഈ വിജയത്തോടെ മോഹന്‍ ബഗാന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇത്രയും തവണ ഡ്യൂറൻഡ് കപ്പ് സ്വന്തമാ ക്കിയ ഏക ടീമും ബഗാനാണ്.

ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടുന്ന കാഴ്ചയാണ് കോല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ കണ്ടത്. കൊണ്ടും കൊടുത്തുമുള്ള മുന്നേറ്റം. ഇതോടെ മത്സരം ആവേശകരമായി.

പലപ്പോഴും ഗോളെന്നുറച്ച നിരവധി മുഹൂര്‍ത്തങ്ങളുണ്ടായെങ്കിലും അതെല്ലാം ശക്തമായ പ്രതിരോധത്തില്‍ത്തട്ടി തകര്‍ന്നു. മുന്നേറ്റത്തില്‍ മുന്നില്‍നിന്നത് ബഗാനായിരുന്നു.

ഗോള്‍രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം രണ്ടാം പകുതിയില്‍ 71-ാം മിനിറ്റില്‍ സൂപ്പര്‍ താരം ദിമിത്രി പെട്രറ്റോസാണ് മോഹന്‍ ബഗാന് വേണ്ടി വിജയഗോള്‍ നേടിയത്. അദ്ദേഹത്തിന്‍റെ സോളോ ഗോള്‍ എന്നു പറയാവുന്ന തകര്‍പ്പന്‍ ഗോള്‍.

പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ പെട്രറ്റോസ് ബോക്സിന് പുറത്തുനിന്ന് തൊടുത്തുവിട്ട ഇടംകാലുകൊണ്ടുള്ള ഷോട്ട് ഗോള്‍കീപ്പറെ നിസഹായനാക്കി പോസ്റ്റിന്‍റെ ഇടത്തേമൂലയില്‍ ചെന്നുപതിച്ചു. ഈ മികച്ച ഗോളോടെ മോഹന്‍ ബഗാന്‍ വിജയമുറപ്പിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com