ഇന്ത്യയിൽ ഫോർമുല വൺ തിരിച്ചെത്തിക്കാൻ നീക്കം; മോട്ടോർ സ്പോർട്സ് ഫെഡറേഷന് ദേശീയ കായിക ഫെഡറേഷൻ പദവി

ജൂൺ 11ന് ദേശീയ കായിക ഫെഡറേഷൻ പദവിക്കായി അപേക്ഷ നൽകിയ എഫ്‌എംഎസ്‌സിഐയുടെ അപേക്ഷ പരിഗണിച്ചാണ് ജൂലൈ 23ന് മന്ത്രാലയം ഉത്തരവിറക്കിയത്
Formula One

ഫോർമുല വൺ

Updated on

ന്യൂഡൽഹി: ഇന്ത്യയിൽ ഫോർമുല വൺ റേസിങ് വീണ്ടും സംഘടിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. ഫെഡറേഷൻ ഓഫ് മോട്ടോർ സ്പോർട്സ് ക്ലബ്സ് ഓഫ് ഇന്ത്യയ്ക്ക് (എഫ്‌എംഎസ്‌സിഐ) ദേശീയ കായിക ഫെഡറേഷൻ എന്ന പദവി കേന്ദ്ര കായിക മന്ത്രാലയം താൽക്കാലികമായി അനുവദിച്ചു.

ജൂൺ 11ന് ദേശീയ കായിക ഫെഡറേഷൻ പദവിക്കായി എഫ്‌എംഎസ്‌സിഐ നൽകിയ അപേക്ഷ പരിഗണിച്ചാണ് ജൂലൈ 23ന് മന്ത്രാലയം ഉത്തരവിറക്കിയത്. ഉത്തരവ് പ്രാബല്യത്തിൽ വന്ന തീയതി മുതൽ തന്നെ ഫെഡറേഷന് താൽക്കാലിക അംഗീകാരം ലഭിച്ചതായി മന്ത്രാലയം അറിയിച്ചു.

ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ സംഘടനയാണ് എഫ്‌എംഎസ്‌സിഐ. ദേശീയ കായിക ഭരണ നിയമം 2025 പ്രകാരമുള്ള വ്യവസ്ഥകൾക്ക് അനുസൃതമായി ഫെഡറേഷന്‍റെ ഭരണഘടനയും മെമ്മോറാണ്ടം ഓഫ് അസോസിയേഷനും നിശ്ചിത സമയപരിധിക്കുള്ളിൽ ഭേദഗതി ചെയ്യണമെന്ന് മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

ഫോർമുല വൺ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് എഫ്‌എംഎസ്‌സിഐയും കായിക മന്ത്രാലയവും അടുത്തകാലത്തായി നിരവധി ചർച്ചകൾ നടത്തിയിരുന്നു. ഇന്ത്യയിൽ മോട്ടോർ സ്പോർട്സിന്‍റെ പ്രചാരണത്തിനും വികസനത്തിനും എഫ്‌എംഎസ്‌സിഐക്ക് പ്രധാന പങ്ക് നൽകുമെന്ന് മന്ത്രാലയം അറിയിച്ചു. അതേസമയം സാമ്പത്തിക സുതാര്യത, ഡോപ്പിങ് വിരുദ്ധ ചട്ടങ്ങൾ, ഭരണസംവിധാനത്തിലെ മാനദണ്ഡങ്ങൾ എന്നിവ പാലിക്കാത്ത പക്ഷമോ തെറ്റായ വിവരങ്ങൾ നൽകിയതായി കണ്ടെത്തിയാലോ ഫെഡറേഷന്‍റെ അംഗീകാരം പിൻവലിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ മാസം കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവിയ, ഇന്ത്യയിൽ വലിയ മോട്ടോർ സ്പോർട്സ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന്‍റെ വെല്ലുവിളികളും സാധ്യതകളും പഠിക്കാൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ ടാസ്‌ക് ഫോഴ്‌സ് രാജ്യത്ത് പ്രധാന മോട്ടോർ സ്പോർട്സ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന സാമ്പത്തിക, ടൂറിസം, നിക്ഷേപ സാധ്യതകൾ വിലയിരുത്തും. എഫ്‌എംഎസ്‌സിഐ, കായിക മന്ത്രാലയം, ഉത്തർപ്രദേശ് സർക്കാർ (ഫോർമുല വൺ റേസിങ് നടക്കുന്ന ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ട് ഗ്രേറ്റർ നോയിഡയിൽ സ്ഥിതി ചെയ്യുന്നതിനാൽ), സർക്യൂട്ടിന്‍റെ ഉടമകൾ എന്നിവരുടെ പ്രതിനിധികൾ ടാസ്‌ക് ഫോഴ്‌സിൽ ഉണ്ടാകും. 2028 ഓടെ ഇന്ത്യയിൽ വീണ്ടും ഫോർമുല വൺ മത്സരം സംഘടിപ്പിക്കുകയെന്നതാണ് കേന്ദ്ര സർക്കാരിന്‍റെ ലക്ഷ്യം.

2011 മുതൽ 2013 വരെ ഇന്ത്യ ഫോർമുല വൺ ഗ്രാൻഡ് പ്രി ആതിഥേയത്വം വഹിച്ചിരുന്നെങ്കിലും നികുതി, സാമ്പത്തിക പ്രശ്നങ്ങൾ എന്നിവയെ തുടർന്ന് പിന്നീട് മത്സരം ഒഴിവാക്കുകയായിരുന്നു. ഇന്ത്യയിൽ ഫോർമുല വൺ മത്സരങ്ങൾക്ക് വലിയ ആരാധക പിന്തുണയുണ്ടെന്ന് എഫ് 1 സിഇഒ സ്റ്റെഫാനോ ഡൊമെനിക്കാലി അടുത്തിടെ പറഞ്ഞിരുന്നു. എന്നാൽ ആവശ്യമായ നിക്ഷേപവും അനുയോജ്യമായ സാഹചര്യങ്ങളും ഉറപ്പായ ശേഷമേ ഫോർമുല വൺ ഇന്ത്യയിലേക്ക് മടങ്ങിയെത്തൂവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വർഷം ഡിസംബറിൽ എഫ് 1 പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഫോർമുല വൺ ആരാധകരുടെ എണ്ണം 7.9 കോടിയായിരുന്നു. ആറു മാസത്തിനുള്ളിൽ ഇത് 9.8 കോടിയായി ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു.

logo
Metro Vaartha
www.metrovaartha.com