

# പീറ്റർ ജയിംസ്
ക്രിക്കറ്റ് മതമാക്കിയ ജനതയുടെ മനസിലെ ദൈവരൂപമായിരുന്നു സച്ചിൻ രമേശ് ടെൻഡുൽക്കർ. ആ മഹാപ്രതിഭ തീർത്ത പ്രകാശത്തിൽ മുങ്ങിക്കുളിച്ചു നിന്ന ഇന്ത്യൻ ക്രിക്കറ്റ് വിഹായസിൽ തെളിഞ്ഞ ധ്രുവ നക്ഷത്രം, അതായിരുന്നു എം.എസ്. ധോണി. പിന്നീടുള്ള നാളുകളിൽ 'ദൈവം' പോലും കൈവിട്ട അവസ്ഥകളിൽ കഠിനമായ ഉപാസനയിലൂടെ, പ്രാർഥനകളോടെ കാത്തിരുന്ന ജനകോടികൾക്ക് മഹാവിജയങ്ങളുടെ മധുരം വിളമ്പിപ്പോന്നു മഹിയുടെ വൈഭവം.
മഹിയുടെ കൈയിലേക്ക് ടീം ഇന്ത്യയെ ബിസിസിഐ വച്ച് നീട്ടുമ്പോൾ ലോർഡ്സിലെ പുൽമൈതാനത്ത് കപിലിന്‍റെ ചെകുത്താന്മാർ ഒരു കിരീടം നേടിയിട്ട് ഏതാണ്ട് കാൽ നൂറ്റാണ്ട് പിന്നിട്ടിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീനും സൗരവ് ഗാംഗുലിയും സച്ചിൻ ടെണ്ടുൽക്കറും രാഹുൽ ദ്രാവിഡും അടക്കമുള്ള നായകൻമാർ അന്താരാഷ്ട്ര വേദികളിൽ കൈപ്പാടകലത്തിൽ ട്രോഫികൾ കൈവിടുന്നതുകണ്ടു ശീലമായിരുന്നു അപ്പോഴേക്കും ഇന്ത്യൻ ആരാധകർക്ക്.
അങ്ങനെയിരിക്കുമ്പോഴാണ് വെസ്റ്റിൻഡീസിൽ നടന്ന ഏകദിന ലോകകപ്പിലെ നാണക്കേടിനു പിന്നാലെ മഹാരഥൻമാരെല്ലാം വിട്ടുനിന്ന ട്വന്‍റി20 ടീമിനെയും നയിച്ച മഹി എന്ന നീളൻമുടിക്കാരൻ ദക്ഷിണാഫ്രിക്കയിലേക്ക് പറക്കുന്നത്. അപ്പോൾ ഇന്ത്യ കളിച്ചത് വിരലിൽ എണ്ണാവുന്ന ടി20 മത്സരങ്ങൾ മാത്രം. ഒടുവിൽ ബദ്ധവൈരികളായ പാക്കിസ്ഥാന്‍റെ മിസ്ബ ഉൾഹക്ക് ഡീപ്പ് ഫൈൻ ലെഗ്ഗിൽ എസ്. ശ്രീശാന്തിന്‍റെ കൈകളിൽ ഒതുങ്ങിയപ്പോൾ അതിവൈകാരികമല്ലാതെ മഹി ആ ആദ്യ കിരീടം ആഘോഷിച്ചു. അതൊരു തുടക്കം മാത്രമായിരുന്നു.
ഇപ്പോഴീ അഞ്ചാം ഐപിഎൽ കിരീടത്തിലേക്ക് ജഡേജ വിജയ റൺ നേടിയപ്പോഴും മൈതാനം ആർത്ത് വിളിച്ചപ്പോഴും മഹി താൻ ഇരുന്ന കസേരവിട്ട് എഴുന്നേറ്റിരുന്നില്ല. അതിവൈകാരികത അദ്ദേഹത്തിന്‍റെ മുഖത്ത് ഒരിക്കലും കാണാൻ കഴിയുമായിരുന്നില്ല. തലച്ചോറ് കൊണ്ട് ക്രിക്കറ്റ് കളിക്കുന്ന, സഹതാരങ്ങളെ കളിക്കാൻ പ്രേരിപ്പിക്കുന്ന കിരീടത്തോടുള്ള കൊതി തീരാത്ത ഇതിഹാസം.
ധോണിക്ക് ശേഷം ഇന്ത്യക്ക് എന്തുകൊണ്ട് അന്താരാഷ്ട്ര കിരീടങ്ങൾ ലഭിക്കുന്നില്ല എന്ന ചോദ്യത്തിന് ഇന്ത്യൻ സ്പിൻദ്വയങ്ങളായ കുൽ-ച സഖ്യം മറ്റൊരു തരത്തിൽ മറുപടി പറയുന്നുണ്ട്. തങ്ങൾക്ക് വിക്കറ്റ് ലഭിക്കാത്തതിന് കാരണം സ്റ്റമ്പിനു പിന്നിൽ ധോണി ഭായ് ഇല്ലാത്തതാണെന്ന്. അതേ, മൈതാനത്തെ ഇത്രമാത്രം അഗാധമായി അറിയുന്ന, എന്തിന് ക്രീസിൽ നിൽക്കുന്ന ബാറ്റ്സ്മാൻ രണ്ട് പന്തുകൾക്ക് അപ്പുറം എന്ത് ചെയ്യുമെന്നു പോലും ഗ്രഹിക്കാൻ ശേഷിയുള്ള ക്രിക്കറ്റിങ് ബ്രെയ്ൻ. ഡോക്റ്റർ സണ്ണിയുടെ ഭാഷ കടമെടുത്താൽ "വിക്കറ്റിന് പിന്നിൽ നിൽക്കുമ്പോൾ മഹിക്ക് അമാനുഷികമായ കഴിവുകളാണ്. ടോസ് കഴിഞ്ഞ് വിക്കറ്റിന് പിന്നിൽ എത്തുന്ന മഹിക്ക് ബാറ്റ്സ്മാന്‍റെ മനസറിയാം, എപ്പോൾ ഫ്രെട്ഫുട്ടിൽ കളിക്കും, ഏത് പന്തിൽ സ്റ്റെപ്പൗട്ട് ചെയ്യും ഒക്കെയറിയാം. നെറ്റ്സിൽ എത്തുമ്പോൾ ബാറ്റ്സ്മാനൊപ്പം നടന്ന് അയാൾ പോലും അറിയാതെ പന്തെറിഞ്ഞ് കൊടുക്കുന്നു, കളി പഠിക്കുന്നു. വിക്കറ്റിനു പിന്നിൽ എത്തുമ്പോൾ അയാൾ പോലും അറിയാതെ അയാളെ പുറത്താക്കുന്നു..."
അങ്ങനെ ചിലപ്പോൾ ഇത് ധോണിയുടെ ക്രിക്കറ്റ് കരിയറിലെ അവസാന മത്സരമായേക്കാം. ഇന്ത്യൻ ക്യാപ്റ്റനായ ആദ്യ ടൂർണമെന്‍റിൽ കിരീടം നേടി തുടങ്ങിയ മഹി, കിരീടവുമായി തന്നെ മൈതാനം വിടുമ്പോൾ, പറയാം, സാമ്രാജ്യങ്ങളെല്ലാം വെട്ടിപ്പിടിച്ച്, ഇനിയൊന്നും നേടാനില്ലാത്ത "ക്രിക്കറ്റിന്‍റെ ചക്രവർത്തി" എന്ന്.