

വിരാട് കോലി, എം.എസ്. ധോണി, രോഹിത് ശർമ
ന‍്യൂഡൽഹി: ടി20യും ടെസ്റ്റും മതിയാക്കി ഏകദിനത്തിൽ മാത്രമാണ് നിലവിൽ സീനിയർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും കളിക്കുന്നത്. 2027 ലോകകപ്പ് പൂർത്തിയാക്കുന്നതോടെ ഇരുവരും ഏകദിനവും മതിയാക്കുമെന്ന് നേരത്തെ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇന്ത‍്യൻ ടീമിൽ ഇരുവരുടെയും ഭാവിയെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത‍്യൻ ക‍്യാപ്റ്റൻ എം.എസ്. ധോണി.
പ്രകടനവും കായികക്ഷമതയുമാണ് പ്രധാനമെന്നും പ്രായമല്ല ഇരുവരുടെയും ഭാവി തീരുമാനിക്കുന്നതെന്നുമാണ് ധോണി പറയുന്നത്. ഒരു അഭിമുഖത്തിനിടെയായിരുന്നു ധോണിയുടെ പരാമർശം.
താൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചപ്പോൾ 24 വയസായിരുന്നുവെന്നും അന്ന് തന്‍റെ അടുത്ത് ആരും ഒന്നും പറഞ്ഞില്ലെന്നും പിന്നിട് 10 വർഷങ്ങൾക്ക് ശേഷം തന്‍റെ പ്രായത്തെ പറ്റിയും ആരും സംസാരിച്ചിട്ടില്ലെന്നും ക‍്യാപ്റ്റൻ കൂൾ വ‍്യക്തമാക്കി. ''നിങ്ങൾക്ക് 22 വയസ് ഉള്ളൂവെങ്കിലും ഫിറ്റ്നസ് ഇല്ലെങ്കിൽ അതൊരു പ്രശ്നമാണ്. അത് കോലിയാകാം രോഹിത് ആകാം ആരുമാകാം''. ധോണി പറഞ്ഞു
ലോകകപ്പ് ടീം തെരഞ്ഞെടുക്കുന്നതിൽ കായികക്ഷമതയും പ്രകടനമികവും കണക്കിലെടുക്കണമെന്നാണ് ധോണിയുടെ വാദം. കളി എപ്പോൾ മതിയാക്കണമെന്ന് പറയാൻ മറ്റാർക്കും അവകാശമില്ലെന്നും ധോണി പറഞ്ഞു. ലോകപ്പ് ടീമിനെ തീരുമാനിക്കുമ്പോൾ എല്ലാ താരങ്ങളെയും ഒരേ പോലെ പരിഗണിക്കണമെന്നും യുവത്വവും പരിചയസമ്പത്തും കണക്കിലെടുക്കണമെന്നുമാണ് ധോണി നിർദേശിച്ചു.
അടുത്ത വർഷം ഒക്റ്റോബർ, നവംബർ മാസങ്ങളിലായാണ് ഏകദിന ലോകകപ്പ് നിശ്ചയിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നീ രാജ‍്യങ്ങൾ സംയുക്തമായി ചേർന്നാണ് ടൂർണമെന്‍റിന് ആതിഥേയത്വം വഹിക്കുന്നത്. ലോകകപ്പിനു മുന്നേ ന‍്യൂസിലൻഡ്, ശ്രീലങ്ക, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകളുമായി ഇന്ത‍്യ ഏറ്റുമുട്ടും. ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ ടീമിനെ തെരഞ്ഞെടുക്കുക.