മൾഡർ 367 നോട്ടൗട്ട്; ലാറയുടെ റെക്കോഡിനരികിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്ത് ദക്ഷിണാഫ്രിക്ക

അന്ത്രാഷ്ട്ര ക്രിക്കറ്റിൽ രണ്ടാമത്തെ മാത്രം ക്വാഡ്രപ്പിൾ സെഞ്ചുറി തികയ്ക്കാൻ വെറും 33 റൺസ് മാത്രം വേണ്ടപ്പോഴാണ് ദക്ഷിണാഫ്രിക്കയുടെ താത്കാലിക നായകൻ ഇന്നിങ്സ് ഡിക്ലയർ ചെയ്തത്.
Wiaan Mulder breaks Brian Lara's 400 runs record

വിയാൻ മൾഡർ

Updated on

ബുലവായോ: ടെസ്റ്റ് ക്രിക്കറ്റിനു ചരമക്കുറിപ്പെഴുതാൻ സമയമായിട്ടില്ലെന്ന് ഒരിക്കൽക്കൂടി ഓർമിപ്പിച്ചുകൊണ്ട് ദക്ഷിണാഫ്രിക്കയുടെ താത്കാലിക ക്യാപ്റ്റൻ വിയാൻ മൾഡറുടെ ഐതിഹാസിക ഇന്നിങ്സ്. സിംബാംബ്‌വെക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ, ബ്രയൻ ലാറയുടെ പേരിലുള്ള വ്യക്തിഗത സ്കോറിന്‍റെ റെക്കോഡ് (400*) മറികടക്കാൻ മൾഡർക്ക് അവസരമുണ്ടായിട്ടും അതിനു നിൽക്കാതെ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു ദക്ഷിണാഫ്രിക്ക.

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും ഒരേയൊരു 'ക്വാഡ്രപ്പിൾ സെഞ്ചുറിയും' ഇതോടെ വെസ്റ്റിൻഡീസ് ക്രിക്കറ്റിലെ ഇതിഹാസം ബ്രയൻ ലാറയുടെ പേരിൽ ഭദ്രമായി തുടരുന്നു.

626/5 എന്ന നിലയിലാണ് ടീമിന്‍റെ ഇന്നിങ്സ് മൾഡർ ഡിക്ലയർ ചെയ്തത്. ഇപ്പോൾ, ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറുകളിൽ അഞ്ചാം സ്ഥാനത്താണ് മൾഡർ. ലാറയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്ത് ഓസ്ട്രേലിയൻ ഓപ്പണർ മാത്യു ഹെയ്ഡൻ (380). മൂന്നാമത് ലാറയുടെ തന്നെ 375. നാലാമത് മഹേല ജയവർധനെയുടെ 374 റൺസും കഴിഞ്ഞാണ് മൾഡറുടെ 367.

2004 ഏപ്രിൽ പത്തിനാണ് ലാറ ഈ റെക്കോഡ് സ്വന്തമാക്കിയത്, ഇംഗ്ലണ്ടിനെതിരേ. ബാറ്റർമാർക്ക് ക്ഷമാശീലം പാടില്ലെന്നു പഠിപ്പിക്കുന്ന കുട്ടി ക്രിക്കറ്റ് യുഗത്തിൽ, ആർക്കും തകർക്കാനാവില്ലെന്നു വിശ്വസിക്കപ്പെട്ട റെക്കോഡുകളിലൊന്നാണിത്. ഇപ്പോഴിതാ നൂറിനു മുകളിലുള്ള സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്തുകൊണ്ട് മൾഡർ ആ അനുപമ നേട്ടത്തിനു തൊട്ടടുത്തെത്തിയ ശേഷം അതു വേണ്ടെന്നു വച്ചിരിക്കുന്നു. 334 പന്തിൽ 49 ഫോറും നാലു സിക്സും ഉൾപ്പെട്ട ഇന്നിങ്സായിരുന്നു മൾഡറുടേത്.

ഒരുപക്ഷേ, ഇന്ത്യൻ ക്രിക്കറ്റ് സംസ്കാരത്തിൽ അത്ര പരിചിതമല്ലാത്ത നിസ്വാർഥ ഇന്നിങ്സും ടീം സ്പിരിറ്റുമാണ് ഇവിടെ കാണാനായത്. ടീമിനെക്കാൾ വലുതല്ല ഒരു വ്യക്തിയും ഒരു റെക്കോഡും എന്ന പ്രഖ്യാപനം കൂടിയായി മൾഡറുടെ അമ്പരപ്പിക്കുന്ന ഡിക്ലറേഷൻ. സച്ചിൻ ടെൻഡുൽക്കർക്ക് ഇരട്ട സെഞ്ചുറി നിഷേധിച്ചതിന് രാഹുൽ ദ്രാവിഡിനെ ഇന്നും ശപിക്കുന്ന ആരാധകർക്ക് ഇത് അവിശ്വസനീയമായി തോന്നാം!

പത്തൊമ്പതാം വയസിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിട്ടും ഇതുവരെ ദക്ഷിണാഫ്രിക്കൻ ടീമിൽ സ്ഥിരമായൊരു ഇടം കണ്ടെത്താനാവാത്ത ക്രിക്കറ്ററാണ് തന്‍റെ ഇരുപത്തേഴാം വയസിൽ, അപ്രാപ്യമെന്നു കരുതിയ റെക്കോഡ് എത്തിപ്പിടിക്കുന്നതിനു തൊട്ടടുത്തെത്തിയത്.

ബ്രയൻ മക്മില്ലന്‍റെയോ ജാക്ക് കാലിസിന്‍റെയോ ലാൻസ് ക്ലുസ്നറുടെയോ ഒക്കെ ഗണത്തിൽപ്പെടുത്താവുന്ന ഒരു ജെനുവിൻ സീം ബൗളിങ് ഓൾറൗണ്ടർ എന്ന പ്രതീക്ഷയുമായാണ് 2017ൽ മൾഡർ ഏകദിന ക്രിക്കറ്റിൽ അരങ്ങേറുന്നത്. രണ്ടു വർഷത്തിനു ശേഷം ടെസ്റ്റ് അരങ്ങേറ്റം. എന്നാൽ, ഇത്രയും വർഷത്തിനിടെ 20 ടെസ്റ്റും 25 ഏകദിനങ്ങളും 11 ടി20 മത്സരങ്ങളും മാത്രമാണ് ദേശീയ ടീമിനു വേണ്ടി കളിച്ചത്.

ടെസ്റ്റ് ക്രിക്കറ്റിലെ തന്‍റെ കരിയർ ബെസ്റ്റ് സ്കോറിന് ഉടമയായ ഈ ഇന്നിങ്സിലാണ് അദ്ദേഹം ആയിരം ടെസ്റ്റ് റൺസ് തികയ്ക്കുന്നതു പോലും. ഇതിനു മുൻപ് നേടിയിട്ടുള്ളത് രണ്ട് സെഞ്ചുറിയും ഒരു അർധ സെഞ്ചുറിയും മാത്രം. ഈ ഇന്നിങ്സിനു മുൻപുള്ള ബാറ്റിങ് ശരാശരി വെറും 26 റൺസ്! ഇത്രയും ടെസ്റ്റിൽ 35 വിക്കറ്റും നേടിയിട്ടുണ്ട്.‌ ഏകദിന ക്രിക്കറ്റിൽ 18 റൺസ് മാത്രമാണ് ബാറ്റിങ് ശരാശരി. രണ്ട് ഫിഫ്റ്റി ഉൾപ്പെടെ 276 റൺസും, കൂടാതെ 22 വിക്കറ്റും മാത്രം സമ്പാദ്യം.

അന്താരാഷ്ട്ര നിലവാരം വച്ച് നോക്കിയാൽ കണക്കുകളിൽ ശരാശരിക്കും താഴെയുള്ള ക്രിക്കറ്റർ. എന്നിട്ടും സ്ഥിരം ക്യാപ്റ്റൻ ടെംബ ബവുമയുടെയും വൈസ് ക്യാപ്റ്റൻ കേശവ് മഹാരാജിന്‍റെയും അഭാവത്തിൽ ടീമിനെ നയിക്കാൻ അവസരം കിട്ടിയത് മൾഡർക്ക്. ഓസ്ട്രേലിയയെ കീഴടക്കിയ ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ എന്നതു പോലെ ഇവിടെയും വൺഡൗൺ ബാറ്റിങ് പൊസിഷൻ നിലനിർത്തിയ മൾഡർ ഈ ടെസ്റ്റിനെ ലോക ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ തന്‍റെ പേരിനൊപ്പം അടയാളപ്പെടുത്തുകയും ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com