
വനിയാൻ മൾഡർ, ബ്രയൻ ലാറ
ബുലവായോ: ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിനുള്ള റെക്കോഡ് മറികടക്കാൻ അവസരമുണ്ടായിരുന്നിട്ടും ശ്രമിക്കാതിരുന്നതിനു വിശദീകരണവുമായി ദക്ഷിണാഫ്രിക്കയുടെ താത്കാലിക ക്യാപ്റ്റൻ വിയാൻ മൾഡർ. സ്വന്തം സ്കോർ 367 റൺസിലെത്തി നിൽക്കെ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു മൾഡർ. 400 റൺസെന്ന ലാറയുടെ റെക്കോഡിന് 33 റൺസ് മാത്രം അകലെയായിരുന്നു അമ്പരപ്പിക്കുന്ന ഡിക്ലറേഷൻ.
''ആദ്യത്തെ കാരണം, ഞങ്ങൾക്ക് ആവശ്യത്തിന് റൺസായിരുന്നു. ഇനി ബൗൾ ചെയ്യേണ്ടതുണ്ട്. രണ്ടാമത്, ബ്രയൻ ലാറ ഇതിഹാസമാണ്, അത് യാഥാർഥ്യമായിരിക്കട്ടെ'', രണ്ടാം ദിവസം കളി അവസാനിച്ച ശേഷം ഷോൺ പോളക്കിന്‍റെ ചോദ്യത്തിനു മറുപടിയായി മൾഡർ വിശദീകരിച്ചു.
''ലാറ റെക്കോഡ് നേടിയത് ഇംഗ്ലണ്ടിനെതിരേയാണ്. അദ്ദേഹത്തിന്‍റെ തലത്തിലുള്ള ഒരാൾക്ക് ആ റെക്കോഡ് സ്പെഷ്യലായിരിക്കും. ഇനിയൊരവസരം കിട്ടിയാലും ഞാൻ ഇതു തന്നെ ചെയ്യാനാണു സാധ്യത'', അദ്ദേഹം കൂട്ടിച്ചേർത്തു.
ലഞ്ച് ബ്രേക്ക് സമയത്ത് ദക്ഷിണാഫ്രിക്കൻ പരിശീലകൻ ഷുക്രി കോൺറാഡിനോടും ഇക്കാര്യം സംസാരിച്ചിരുന്നു എന്നും, വമ്പൻ സ്കോറുകൾ ഇതിഹാസങ്ങളുടെ പേരിൽ തന്നെ കിടന്നോട്ടെ എന്നാണ് അദ്ദേഹവും പറഞ്ഞതെന്നും മൾഡർ വെളിപ്പെടുത്തി. ആ റെക്കോഡ് ബ്രയൻ ലാറയുടെ പേരിൽ തന്നെയാണ് ഉണ്ടാവേണ്ടതെന്നും മൾഡർ.