പാണ്ഡ്യ വിയര്‍ക്കും

ടീമിലെ സീനിയര്‍ താരവും മുന്‍ നായകനുമായ രോഹിത് ശര്‍മയോടുള്ള മോശം പെരുമാറ്റമാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്
പാണ്ഡ്യ വിയര്‍ക്കും

അഹമ്മദാബാദ്: ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍ സിന്‍ഡ്രോം മുംബൈ ഇന്ത്യന്‍സിനു തലവേദനയാകുന്നു. ആദ്യമത്സരം മാത്രമാണ് കഴിഞ്ഞതെങ്കിലും അതില്‍ത്തന്നെ മുംബൈയുടെ പുതിയ നായകന്‍ പാണ്ഡ്യയുടെ നീക്കങ്ങള്‍ ആരാധകര്‍ക്കിടയില്‍ വലിയ അമര്‍ഷമാണുണ്ടാക്കിയിരിക്കുന്നത്. ടീമിലെ സീനിയര്‍ താരവും മുന്‍ നായകനുമായ രോഹിത് ശര്‍മയോടുള്ള മോശം പെരുമാറ്റമാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

ഫീല്‍ഡ് സെറ്റ് ചെയ്യുന്നതിനിടെ രോഹിത് ശര്‍മയോട് ഹാര്‍ദിക് പാണ്ഡ്യ മര്യാദയില്ലാതെ പെരുമാറിയെന്നും പരാതി ഉയര്‍ന്നു. 30 വാര സര്‍ക്കിളിലല്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന രോഹിതിനെ ലോങ് ഓണിലേക്ക് ഫീല്‍ഡ് ചെയ്യുന്നതിനയയ്ക്കുന്നതുമൊക്കെ ആരാധകരില്‍ അമര്‍ഷം പടര്‍ത്തിയിട്ടുണ്ട്്. മുംബൈയുടെ മുന്‍ നായകനും ഇന്ത്യന്‍ ടീമിന്‍റെ നായകനുമായ രോഹിതിനെ ബഹുമാനിക്കുന്നതില്‍ പാണ്ഡ്യ പരാജയപ്പെട്ടെന്ന് ആരാധകര്‍ രോഷത്തോടെ പറയുന്നു. അതിനിടെ, ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തോല്‍വി വഴങ്ങിയതിനു പിന്നാലെ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ ശകാരിച്ച് രോഹിത് ശര്‍മ രംഗത്തെത്തിയിരുന്നു.

തോല്‍വിക്കു ശേഷം രോഹിത്തിനെ ഹാര്‍ദിക് കെട്ടിപ്പിടിക്കാന്‍ എത്തിയപ്പോഴായിരുന്നു പ്രതികരണം. ഏറെ നേരം ഗ്രൗണ്ടില്‍വച്ചു സംസാരിച്ച ശേഷമാണ് ഇരുവരും പിരിഞ്ഞത്. മുംബൈ ഇന്ത്യന്‍സ് ടീം ഉടമ ആകാശ് അംബാനി അടുത്തുനില്‍ക്കെയാണ് ഹാര്‍ദിക് പാണ്ഡ്യയെ രോഹിത് ശകാരിച്ചത്. രോഹിത് ഹാര്‍ദിക് പാണ്ഡ്യയെ ശകാരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അതുപോലെ ജസ്പ്രീത് ബുമ്രയെ ആദ്യമേ പന്തെറിയിക്കാതെ സ്വന്തമായി പാണ്ഡ്യ ഓപ്പണിങ് ബൗളറാവുകയും ഗുജറാത്ത് ഓപ്പണര്‍മാരായ വൃദ്ധിമാന്‍ സാഹയും ശുഭ്മന്‍ ഗില്ലും അടിച്ചുപരത്തുകയും ചെയ്തിരുന്നു.

പിന്നീട് ബുമ്രയുടെ അസാമാന്യ ബൗളിങ്ങാണ് ഗുജറാത്തിനെ വലിയ സ്‌കോര്‍ നേടുന്നതില്‍നിന്നും അകറ്റിയത്. പാണ്ഡ്യയുടെ ഫീല്‍ഡിങ് വിന്യാസവും ബൗളര്‍മാരെ ഉപയോഗിക്കുന്ന രീതിയുമൊക്കെ വിമര്‍ശനനവിധേയമായിരുന്നു. വര്‍ഷങ്ങളായി മുംബൈയെ നയിച്ചിരുന്ന രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ടീം മാനേജ്‌മെന്‍റ് മാറ്റിയത് ആരാധകരെ ഞെട്ടിച്ചിരുന്നു.

ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനായിരുന്ന ഹാര്‍ദിക് പാണ്ഡ്യയെ കോടികളെറിഞ്ഞ് മുംബൈ സ്വന്തമാക്കുകയായിരുന്നു.മുംബൈ ഇന്ത്യന്‍സിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം കൂടി തനിക്കു വേണമെന്ന് ഹാര്‍ദിക് പാണ്ഡ്യ ടീം മാനേജ്‌മെന്‍റിനോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് രോഹിത് ശര്‍മയെ നീക്കിയത്. കഴിഞ്ഞ രണ്ടു സീസണുകളില്‍ ഗുജറാത്തിനെ നയിച്ച ഹാര്‍ദിക് പെട്ടെന്ന് ടീം വിട്ടത് ഗുജറാത്ത് ആരാധകര്‍ക്കും രസിച്ചിട്ടില്ല. ഗുജറാത്തിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആരാധകര്‍ പാണ്ഡ്യയ്‌ക്കെതിരെ കൂക്കി വിളികള്‍ നടത്തി. ഗാലറിയില്‍നിന്ന് ആരാധകര്‍ രോഹിത് ശര്‍മയുടെ പേരു വിളിക്കുന്നതും മത്സരത്തിനിടെ കേള്‍ക്കാമായിരുന്നു. വരും മത്സരങ്ങളില്‍ പാണ്ഡ്യ നന്നായി വിയര്‍ക്കുമെന്നുറപ്പാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com