ഐപിഎല്ലിൽ വമ്പൻ ട്വിസ്റ്റ്: ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് റാഞ്ചി

മിനി ലേലത്തിനു മുൻപ് നിലനിർത്തുകയും ഒഴിവാക്കുകയും ചെയ്യുന്ന താരങ്ങളുടെ പട്ടിക ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് അവസാനിക്കുമ്പോഴും ഹാർദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റൻസിന്‍റെ ക്യാപ്റ്റനായിരുന്നു
Hardik Pandya
Hardik Pandya

മുംബൈ: ഐപിഎല്ലിലെ താര കൈമാറ്റത്തിൽ തന്ത്രപരമായ കരുനീക്കങ്ങളുമായി മുംബൈ ഇന്ത്യൻസ് ഹാർദിക് പാണ്ഡ്യയെ സ്വന്തം കൂടാരത്തിൽ തിരിച്ചെത്തിച്ചു. മിനി ലേലത്തിനു മുൻപ് നിലനിർത്തുകയും ഒഴിവാക്കുകയും ചെയ്യുന്ന താരങ്ങളുടെ പട്ടിക ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് അവസാനിക്കുമ്പോഴും ഹാർദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റൻസിന്‍റെ ക്യാപ്റ്റനായിരുന്നു. എന്നാൽ, കളിക്കാരെ കൈമാറ്റം ചെയ്യുന്നതിനുള്ള വിൻഡോ ഡിസംബർ 12 വരെ തുടരുന്ന പശ്ചാത്തലത്തിൽ നടത്തിയ സമർഥമായ ഇടപെടലുകളിലൂടെ ഹാർദികിനെ സ്വന്തമാക്കുകയായിരുന്നു മുംബൈ ഇന്ത്യൻസ് അധികൃതർ.

താൻ ഐപിഎൽ കരിയർ തുടങ്ങിയ മുംബൈയിലേക്കു മടങ്ങാൻ ഹാർദിക് താത്പര്യം പ്രകടിപ്പിച്ചതിനെത്തുടർന്നാണ് ഇരു ടീം അധികൃതരും തമ്മിൽ ഇക്കാര്യത്തിൽ ആഴ്ചകളായി ചർച്ച നടത്തിവരുന്നത്. കളിക്കാരെ പരസ്പരം വച്ചുമാറുന്ന രീതി ഐപിഎല്ലിൽ പതിവുള്ളതാണെങ്കിലും, ഗുജറാത്ത് ടൈറ്റൻസ് ഹാർദികിനു പകരം കളിക്കാരെ വേണ്ടെന്നും, അദ്ദേഹത്തിനു വേണ്ടി ലേലത്തിൽ മുടക്കിയ 15 കോടി രൂപ തിരിച്ചുകിട്ടിയാൽ മതിയെന്നുമാണ് മുംബൈ ഇന്ത്യൻസിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഐപിഎൽ ചട്ടങ്ങൾ പ്രകാരം മുംബൈക്കു ചെലവാക്കാവുന്ന തുകയിൽ ആകെ അഞ്ച് ലക്ഷം രൂപ മാത്രമാണ് ശേഷിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് ഹാർദിക് ഗുജറാത്തിൽ തുടരുന്ന തരത്തിലുള്ള ടീം ലിസ്റ്റുകൾ പുറത്തുവന്നത്.

മുംബൈ മാസ്റ്റർ പ്ലാൻ

കളി കഴിഞ്ഞെന്ന് എതിരാളികൾ കരുതിയിടത്ത് മുംബൈ കളി തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. മുംബൈ ഒഴിവാക്കിയ 11 കളിക്കാരുടെ കണക്കെടുക്കുമ്പോൾ അവർക്കു കിട്ടിയത് 15.25 കോടി രൂപ. ഹാർദികിനെ കിട്ടാൻ ഗുജറാത്തിനു കിട്ടേണ്ട തുക 15 കോടി. അങ്ങനെ ആ പണം കൊടുത്ത് അവർ ഗുജറാത്തിൽ നിന്നു ഹാർദികിനെ വാങ്ങി.

എന്നാൽ, അപ്പോൾ അവരുടെ പക്കൽ ശേഷിക്കുന്നത് 30 ലക്ഷം രൂപ മാത്രം. മിനി ലേലത്തിൽ ടീമിലെ ഒഴിവുകൾ നികത്താൻ ഈ തുക മതിയാകില്ല. അങ്ങനെ 17.5 കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു കാമറൂൺ ഗ്രീനിനെ വിറ്റു. ഇതോടെ മിനി ലേലത്തിൽ പങ്കെടുക്കാൻ മതിയായ പണവും മുംബൈക്കു കിട്ടി. ഓരോ ടീമുകൾക്കും കളിക്കാർക്കു വേണ്ടി ചെലവാക്കാവുന്ന പണത്തിൽ ഐപിഎല്ലിൽ പരിധിയുള്ളതിനാലാണ് ഫ്രാഞ്ചൈസികൾ ഇത്തരം കളികൾ കളിക്കുന്നത്.

ഹാർദികിനു കോളടിച്ചു

കാലിച്ചന്തയിലെന്ന പോലെ കളിക്കാരെ വില പേശി വിൽക്കുന്നു എന്നൊക്കെ വേണമെങ്കിൽ പറയാം. പക്ഷേ, ഇവിടെ അതു സ്വന്തം ലാഭത്തിന് മുതലാക്കാനറിയുന്ന കളിക്കാരുമുണ്ടെന്നതിന് ഉദാഹരണമാണ് ഹാർദിക് പാണ്ഡ്യ. ഗുജറാത്ത് ടൈറ്റൻസിൽ നിന്നു കിട്ടിയിരുന്ന 15 കോടി രൂപ ശമ്പളം മുംബൈ ഇന്ത്യൻസിൽ നിന്നും ഹാർദികിനു കിട്ടും. ഈ 15 കോടി കൂടാതെ, ഗുജറാത്ത് ടൈറ്റൻസിന് മുംബൈ ഇന്ത്യൻസ് ഒരു ട്രാൻസ്ഫർ ഫീസ് നൽകിയിട്ടുണ്ട്. ചട്ട പ്രകാരം ഈ തുക എത്രയാണെന്ന് ബിസിസിഐയെ ധരിപ്പിക്കേണ്ട ആവശ്യമില്ല. ഇത് എത്ര തന്നെയായാലും അതിന്‍റെ നേർ പകുതി തുക ഹാർദികിനുള്ളതാണ്. അതായത്, അരങ്ങേറ്റ സീസണിൽ ഗുജറാത്തിനെ ചാംപ്യൻമാരാക്കിയ ക്യാപ്റ്റൻ എന്ന പെരുമയുമായി അവിടെ തുടർന്നാൽ കിട്ടുമായിരുന്നതിനെക്കാൾ കുറച്ചധികം കോടികളാണ് ഇങ്ങനെയൊരു കളിക്കു നിന്നുകൊടുത്തതിനു പകരം ഹാർദികിനു മുംബൈയിൽ നിന്നു കിട്ടാൻ പോകുന്നത്.

ഇതെന്താ അന്നു തോന്നാത്തത്‍?

ഹാർദിക് പാണ്ഡ്യയെ യഥാർഥത്തിൽ 2021ലെ മെഗാ ലേലത്തിനു മുൻപ് മുംബൈ ഇന്ത്യൻസ് ഒഴിവാക്കിയതാണ്. അവർ ടീമിൽ നിലനിർത്താൻ അത്രയധികം ആഗ്രഹിക്കുന്ന താരമാണെങ്കിൽ എന്തുകൊണ്ട് അന്നു തഴഞ്ഞു എന്ന ചോദ്യത്തിന് ഉത്തരമുണ്ട്. മെഗാ ലേലത്തിനു മുൻപ് നാലു കളിക്കാരെ മാത്രമാണ് നിലനിർത്താൻ അനുവാദമുണ്ടായിരുന്നത്. മുംബൈ നിലനിർത്തിയ കളിക്കാരുടെ പേരു കേട്ടാൽ ഹാർദിക് എന്തുകൊണ്ട് പുറത്തായെന്ന ചോദ്യത്തിന് ഉത്തരമാകും- രോഹിത് ശർമ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, കിരൺ പൊള്ളാർഡ്!

ഹാർദികിനെ ലേലത്തിൽ തിരിച്ചുപിടിക്കാമെന്നായിരുന്നു അന്നു മുംബൈയുടെ കണക്കുകൂട്ടൽ. എന്നാൽ, പുതുതായി രൂപീകരിക്കപ്പെട്ട ഗുജറാത്ത് ടൈറ്റൻസിന് റിലീസ് ചെയ്യപ്പെട്ട കളിക്കാരിൽ നിന്ന് മൂന്നു പേരെ തെരഞ്ഞെടുക്കാൻ അവസരം കിട്ടിയപ്പോൾ അവർ ഹാർദികിനെയും റഷീദ് ഖാനെയും ശുഭ്‌മൻ ഗില്ലിനെയും തെരഞ്ഞെടുത്തു. അങ്ങനെ അന്നു മുംബൈയുടെ പ്ലാൻ പാളിപ്പോകുകയായിരുന്നു.

രോഹിത് ശർമയുടെ പിൻഗാമി

മുംബൈയിലേക്കു മാറുമ്പോൾ ഭാവി ക്യാപ്റ്റൻസി കൂടിയാണ് ഹാർദിക് പാണ്ഡ്യ ആവശ്യപ്പെട്ടിരുന്നതെന്നാണ് സൂചന. നിലവിൽ ഐപിഎല്ലിൽ ഏറ്റവും വലിയ നേട്ടങ്ങൾക്കുടമയായ ക്യാപ്റ്റനാണ് മുംബൈയെ നയിക്കുന്നത്- രോഹിത് ശർമ. എം.എസ്. ധോണിയുമായി താരതമ്യം ചെയ്യാൻ ഇന്ത്യയിൽ ഇന്നുള്ള ഒരേയൊരു ഐപിഎൽ ക്യാപ്റ്റൻ. ഓപ്പണിങ് ബാറ്റർ എന്ന നിലയിലും രോഹിതിന്‍റെ സാന്നിധ്യം മുംബൈക്ക് അനിവാര്യമാണ്. ഈ സാഹചര്യത്തിൽ ഭാവി ക്യാപ്റ്റൻ എന്ന ഉറപ്പ് മാത്രമാണ് ഹാർദികിനു മുംബൈ നൽകിയിരിക്കുന്നത് എന്നാണ് സൂചന.

Trending

No stories found.

Latest News

No stories found.