
ബംഗളൂരു: ഉജ്വല ഫോമിൽ തുടരുന്ന ഓപ്പണർ അജിങ്ക്യ രഹാനെയുടെ ബാറ്റിങ് കരുത്തിൽ മുംബൈ സയീദ് മുഷ്താഖ് അലി ട്വന്‍റി20 ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ ഫൈനലിൽ ഇടം ഉറപ്പിച്ചു. ആദ്യ സെമിഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ബറോഡ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 158 റൺസാണെടുത്തത്. മുംബൈ ആറ് വിക്കറ്റും പതിനാറ് പന്തും ശേഷിക്കെ 164 റൺസെടുത്തു.
56 പന്തിൽ 98 റൺസെടുത്ത രഹാനെയാണ് പ്ലെയർ ഓഫ് ദ മാച്ച്. ഇതോടെ ടീമിനു വേണ്ടി ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ 50+ സ്കോറുകൾ നേടുന്നതിന്‍റെ റെക്കോഡും രഹാനെയുടെ പേരിലായി. മുംബൈക്കു വേണ്ടി രഹാനെയുടെ പന്ത്രണ്ടാമത്തെ 50 പ്ലസ് സ്കോറായിരുന്നു ഇത്. മുംബൈക്കു വേണ്ടി ടി20 ക്രിക്കറ്റിൽ 11 ഫിഫ്റ്റി പ്ലസ് സ്കോറുകൾ നേടിയിട്ടുള്ള ക്യാപ്റ്റൻ ശ്രേയസ് അയ്യരെയാണ് രഹാനെ മറികടന്നത്.
രഹാനെ ഈ പന്ത്രണ്ടിൽ അഞ്ചും നേടിയത് ഈ ടൂർണമെന്‍റിൽ ഇതുവരെ കളിച്ച ഏഴു മത്സരങ്ങൾക്കിടയിലാണ്. ഇനി ഫൈനൽ മത്സരം കൂടി ശേഷിക്കുകയും ചെയ്യുന്നു.
36 റൺസെടുത്ത ശിവാലിക് ശർമയാണ് ബറോഡയുടെ ടോപ് സ്കോറർ. ക്രുണാൽ പാണ്ഡ്യ (30) നയിക്കുന്ന ടീമിൽ ഹാർദിക് പാണ്ഡ്യയും (5) ഉൾപ്പെടുന്നു.
മുംബൈയുടെ ഈ സീസണിലെ കണ്ടെത്തൽ എന്നു വിശേഷിപ്പിക്കപ്പെടുന്ന പേസ് ബൗളിങ് ഓൾറൗണ്ടർ സൂര്യാംശ് ഷെഡ്ഗെ രണ്ടോവറിൽ 11 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.
പൃഥ്വി ഷായുമൊത്ത് ടൂർണമെന്‍റിൽ മാരക ഓപ്പണിങ് കോംബിനേഷൻ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന രഹാനെയ്ക്ക് പക്ഷേ, ഈ മത്സരത്തിൽ പങ്കാളിയെ പെട്ടെന്നു നഷ്ടമായി. എന്നാൽ, എട്ട് റൺസെടുത്ത പൃഥ്വിക്കു പകരം വന്ന ശ്രേയസ് അയ്യർ രഹാനെയ്ക്കു പറ്റിയ പങ്കാളിയായി. 30 പന്തിൽ 46 റൺസാണ് ശ്രേയസ് നേടിയത്.
സൂര്യകുമാർ യാദവ് (7 പന്തിൽ 1) വീണ്ടും നിരാശപ്പെടുത്തിയെങ്കിലും, രഹാനെ പുറത്താകുമ്പോൾ മുംബൈക്ക് ജയിക്കാൻ ഒരു റൺസ് മാത്രമാണ് വേണ്ടിയിരുന്നത്. 56 പന്ത് നേരിട്ട രഹാനെയുടെ ഇന്നിങ്സിൽ 11 ഫോറും അഞ്ച് സിക്സും ഉൾപ്പെടുന്നു.