
ബംഗളൂരു: സയീദ് മുഷ്താഖ് അലി ട്രോഫി ട്വന്‍റി20 ക്രിക്കറ്റ് ടൂർണമെന്‍റിൽ മുംബൈ ചാംപ്യൻമാർ. ഫൈനലിൽ മധ്യപ്രദേശിനെ പരാജയപ്പെടുത്തിയത് അഞ്ച് വിക്കറ്റിന്. ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ ശ്രേയസ് അയ്യർ എതിരാളികളെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. മധ്യപ്രദേശ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. മുംബൈ 13 പന്തും അഞ്ച് വിക്കറ്റും ശേഷിക്കെ 180 റൺസെടുത്തു.
മധ്യപ്രദേശിന് 86 റൺസെടുക്കുന്നതിനിടെ പകുതി ബാറ്റർമാരെയും നഷ്ടമായെങ്കിലും ക്യാപ്റ്റൻ രജത് പാട്ടീദാറുടെ ഇന്നിങ്സ് അവരെ മോശമല്ലാത്ത സ്കോറിലേക്ക് നയിക്കുകയായിരുന്നു. 40 പന്ത് മാത്രം നേരിട്ട പാട്ടീദാർ ആറ് വീതം ഫോറും സിക്സും സഹിതം 81 റൺസാണ് നേടിയത്. ശുഭ്രാംശു സേനാപതിയുടേതാണ് (23) രണ്ടാമത്തെ ഉയർന്ന വ്യക്തിഗത സ്കോർ.
മുംബൈക്കു വേണ്ടി ബൗളിങ് ഓപ്പൺ ചെയ്ത ഇടങ്കയ്യൻ സ്പിന്നർ അഥർവ അൻഖൊലേക്കർ നാലോവറിൽ 19 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. ശാർദൂൽ ഠാക്കൂറും റോയ്സ്റ്റൺ ഡയസും രണ്ട് വിക്കറ്റ് വീതം നേടി. ശിവം ദുബെയ്ക്കും സൂര്യാംശ് ഷെഡ്ഗെയും ഓരോ വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിൽ മുംബൈക്ക് ഓപ്പണർ പൃഥ്വി ഷായെ (10) പെട്ടെന്നു നഷ്ടമായി. എന്നാൽ, ഉജ്ജ്വല ഫോമിൽ കളിക്കുന്ന വെറ്ററൻ ഓപ്പണർ അജിങ്ക്യ രഹാനെ 30 പന്തിൽ 37 ഒരിക്കൽക്കൂടി ടീമിന് ഉറച്ച അടിത്തറ പാകി. ശ്രേയസ് അയ്യർക്ക് (16) അധികം പിടിച്ചുനിൽക്കാൻ സാധിച്ചില്ല. ശിവം ദുബെയും (9) നിരാശപ്പെടുത്തി. എന്നാൽ, സൂര്യകുമാർ യാദവ് ഫോം വീണ്ടെടുത്തത് മുംബൈക്ക് തുണയായി. 35 പന്തിൽ 48 റൺസെടുത്ത സൂര്യ പുറത്താകുമ്പോൾ മുംബൈക്ക് 32 പന്തിൽ 45 റൺസ് കൂടി വേണമായിരുന്നു.
എന്നാൽ, ബാറ്റിങ് ഓർഡരിൽ പ്രൊമോഷൻ കിട്ടിയ അൻഖൊലേക്കറും (6 പന്തിൽ 16) സൂര്യാശ് ഷെഡ്ഗെയും (15 പന്തിൽ 36) കൂടുതൽ നഷ്ടമില്ലാതെ ടീമിനെ അനായാസ വിജയത്തിലേക്കു നയിക്കുകയായിരുന്നു. ഈ ടൂർണമെന്‍റിന്‍റെ കണ്ടെത്തലായ പേസ് ബൗളിങ് ഓൾറൗണ്ടർ ഷെഡ്ഗെ മൂന്നു ഫോറും മൂന്നു സിക്സും നേടി.
ഷെഡ്ഗെയാണ് പ്ലെയർ ഓഫ് ദ മാച്ച്. പ്ലെയർ ഓഫ് ദ ടൂർണമെന്‍റായി അജിങ്ക്യ രഹാനെയും തെരഞ്ഞെടുക്കപ്പെട്ടു.