രഞ്ജി ട്രോഫി: മുംബൈ - വിദര്‍ഭ ഫൈനല്‍

രണ്ടാം സെമിയില്‍ മധ്യപ്രദേശിനെ 62 റണ്‍സിന് തോല്‍പ്പിച്ചതോടെയാണ് വിദര്‍ഭ കലാശപ്പോരിൽ മുംബൈയെ നേരിടാൻ അര്‍ഹത നേടിയത്
Vidarbha cricket team
Vidarbha cricket team

ഇന്‍ഡോര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ കരുത്തരായ മുംബൈ വിദര്‍ഭയെ നേരിടും. രണ്ടാം സെമിയില്‍ മധ്യപ്രദേശിനെ 62 റണ്‍സിന് തോല്‍പ്പിച്ചതോടെയാണ് വിദര്‍ഭ കലാശപ്പോരിന് അര്‍ഹത നേടിയത്. അഞ്ചാം ദിനം നാല് വിക്കറ്റ് ശേഷിക്കേ, 93 റണ്‍സാണ് മധ്യപ്രദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 30 റണ്‍സിനിടെ ശേഷിക്കുന്ന വിക്കറ്റുകള്‍ നിലം പതിച്ചു.

സ്‌കോര്‍: വിദര്‍ഭ- 170, 402. മധ്യപ്രദേശ്-252, 258.

ടോസ് നേടിയ വിദര്‍ഭ ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത വിദര്‍ഭ 170 റണ്‍സിന് പുറത്തായി. കരുണ്‍ നായര്‍ മാത്രമാണ് (105 പന്തില്‍ 63) തിളങ്ങിയത്. നാല് വിക്കറ്റുകള്‍ നേടിയ ആവേശ് ഖാനും രണ്ടുവീതം വിക്കറ്റുകള്‍ നേടിയ കുല്‍വന്ദ് ഖെജ്രോളിയയും വെങ്കടേശ് അയ്യരും ചേര്‍ന്ന്് വിദര്‍ഭയെ എറിഞ്ഞിട്ടു. മറുപടി ബാറ്റിങ്ങില്‍ മധ്യപ്രദേശ് 252 റണ്‍സ് നേടി. സെഞ്ചുറി നേടിയ (265 പന്തില്‍ 126) വിക്കറ്റ് കീപ്പര്‍ ഹിമാന്‍ഷു മന്ത്രിയാണ് മധ്യപ്രദേശ് സ്‌കോറിന്‍റെ നട്ടെല്ലായത്. വിദര്‍ഭയ്ക്കായി ഉമേഷ് യാദവും യഷ് ഠാക്കൂറും മൂന്നുവീതം വിക്കറ്റുകളും അക്ഷയ് വഖാറെ രണ്ടു വിക്കറ്റുകളും നേടി.

82 റണ്‍സ് ലീഡ് വഴങ്ങിയ ശേഷം രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ വിദര്‍ഭ മിന്നും പ്രകടനത്തോടെ 402 റണ്‍സെടുത്തു. 141 റണ്‍സ് നേടിയ യഷ് റാത്തോഡിന്‍റെയും 77 റണ്‍സ് നേടിയ ക്യാപ്റ്റന്‍ അക്ഷയ് വദ്കറിന്‍റെയും ഇന്നിങ്സുകളാണ് വിദര്‍ഭയ്ക്ക് കരുത്തായത്. മധ്യപ്രദേശിനായി അനുഭവ് അഗര്‍വാള്‍ അഞ്ച് വിക്കറ്റ് നേടി.

രണ്ടാം ഇന്നിങ്‌സില്‍ മധ്യപ്രദേശിന് കാലിടറി. ഓപ്പണര്‍ യഷ് ദുബെ (212 പന്തില്‍ 94) തിളങ്ങിയെങ്കിലും 67 റണ്‍സോടെ ഹര്‍ഷ് ഗൗളിയൊഴികേ മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. 258 റണ്‍സിന് എല്ലാവരും പുറത്ത്. മൂന്നുവീതം വിക്കറ്റുകള്‍ നേടിയ യഷ് ഠാക്കൂറും അക്ഷയ് വഖാറെയും രണ്ടുവീതം വിക്കറ്റുകള്‍ നേടി. തമിഴ്‌നാടിനെ പരാജയപ്പെടുത്തി മുംബൈ നേരത്തെ ഫൈനലിലെത്തിയിരുന്നു. ഞായറാഴ്ച മുതലാണ് ഫൈനല്‍.

Trending

No stories found.

Latest News

No stories found.