
ക്രിക്കറ്റര്‍ മഹേന്ദ്ര സിങ് ധോണിയുടെ കടുത്ത ആരാധകനായിരുന്നു അന്തരിച്ച മുന്‍ പാക് പ്രസിഡന്‍റ് പര്‍വേസ് മുഷറഫ്. ധോണിയുടെ ഹെയര്‍ സ്‌റ്റൈലിനെ അഭിനന്ദിക്കുന്ന മുഷറഫിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ നിറയുന്നുണ്ട്. 2006ല്‍ മത്സരത്തിനായി ഇന്ത്യന്‍ ടീം പാകിസ്ഥാന്‍ സന്ദര്‍ശിച്ചപ്പോഴുള്ള വീഡിയോയാണിത്.
മത്സരത്തില്‍ വിജയിച്ച ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചു കൊണ്ടു സംസാരിക്കുമ്പോഴാണു മുഷറഫ് ധോണിയുടെ ഹെയര്‍സ്‌റ്റൈലിനെക്കുറിച്ചും സംസാരിച്ചത്. " വളരെ നന്നായി കളിച്ച ടീമിനെ അഭിനന്ദിക്കുന്നു, പ്രത്യേകിച്ചും വിജയത്തിന്‍റെ ശില്‍പിയായ ധോണിയെ. ധോണിയുടെ മുടി വെട്ടാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പ്ലക്കാര്‍ഡ് ഗാലറിയില്‍ കണ്ടിരുന്നു. എന്‍റെ വ്യക്തിപരമായ അഭിപ്രായം ചോദിക്കുകയാണെങ്കില്‍, ഈ ലുക്കില്‍ ധോണി വളരെ മനോഹരമായിരിക്കുന്നു, മുടി വെട്ടരുത്,'' ഇതായിരുന്നു മുഷറഫിന്‍റെ വാക്കുകള്‍.
അന്നത്തെ മത്സരത്തില്‍ പാകിസ്ഥാനെതിരെ അത്യുഗ്രന്‍ പ്രകടനമാണ് ധോണി കാഴ്ചവച്ചത്. 46 പന്തില്‍ നിന്നും 72 റണ്‍ നേടിയ ധോണിയായിരുന്നു പ്ലെയര്‍ ഓഫ് ദ മാച്ച്.