

മുസ്തഫിസുർ റഹ്മാൻ
മുംബൈ: വരാനിരിക്കുന്ന ഐപിഎൽ സീസണിൽ നിന്നും ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കാൻ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശം നൽകി ബിസിസിഐ. ഇന്ത‍്യ- ബംഗ്ലാദേശ് ബന്ധം വഷളായ സാഹചര‍്യത്തിൽ മുസ്തഫിസുറിനെ ടീമിലെടുക്കുന്നതിൽ വലിയ തോതിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ബിസിസിഐ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. മുസ്തഫിസുറിന് പകരമായി മറ്റൊരു താരത്തെ ടീമിന് തെരഞ്ഞെടുക്കാമെന്നും ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ മാധ‍്യമങ്ങളോട് വ‍്യക്തമാക്കി.
അടുത്തിടെ നടന്ന ഐപിഎൽ മിനി താരലേലത്തിൽ 9.20 കോടി രൂപയ്ക്കായിരുന്നു മുസ്തഫിസുറിനെ കോൽക്കത്ത സ്വന്തമാക്കിയത്. താരത്തെ ടീമിൽ ഉൾപ്പെടുത്തിയതിന്‍റെ പേരിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം സഹ ഉടമയും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാനും വിമർശനം നേരിടേണ്ടി വന്നു. മുസ്തഫിസുറിനെ കളിപ്പിച്ചാൽ മത്സരം തടസപ്പെടുത്തുമെന്ന് ഹിന്ദുത്വ സംഘടനകളും ഭീഷണി മുഴക്കിയിരുന്നു.