

റാഫിഞ്ഞയുടെ ഗോൾ ആഘോഷം.
ബാഴ്സലോണ: റാഫിഞ്ഞയുടെ ഇരട്ടഗോളുകളുടെ മികവിൽ ഒസാസുനയെ 2–0ന് കീഴടക്കി ബാഴ്സലോണ ലാ ലിഗയിൽ മുന്നേറ്റം ശക്തമാക്കി. തുടർച്ചയായ ഏഴാം ലീഗ് ജയം സ്വന്തമാക്കിയ നിലവിലുള്ള ചാംപ്യന്മാർ, റയൽ മാഡ്രിഡിനെ ഏഴ് പോയിന്‍റ് പിന്നിലാക്കി; ഇതോടെ റയൽ പരിശീലകൻ സാബി അലോൻസോയ്ക്കു മേൽ സമ്മർദവും വർധിച്ചു.
70-ാം മിനിറ്റിൽ ബോക്സിനു പുറത്ത് നിന്നുള്ള ശക്തമായ ഷോട്ടിലൂടെയാണ് റാഫിഞ്ഞ സ്കോറിങ് തുടങ്ങിയതത്. കളി അവസാനിക്കാൻ ആറ് മിനിറ്റ് ശേഷിക്കെ, അടുത്തുനിന്നുള്ള ടാപ്പ്-ഇനിലൂടെ ബ്രസീലിയൻ താരം വിജയം ഉറപ്പിച്ചു. ക്യാംപ് നൗവിൽ നടന്ന മത്സരത്തിൽ ബാഴ്സയുടെ ആധിപത്യം വ്യക്തമായിരുന്നു.
ഒക്റ്റോബറിലെ ക്ലാസിക്കോ വിജയത്തിനു ശേഷം ലീഗിൽ ബാഴ്സയെക്കാൾ അഞ്ച് പോയിന്‍റ് മുന്നിലായിരുന്നു റയൽ. അവിടെനിന്നാണ് സമീപ കാലത്തെ മോശം പ്രകടനങ്ങളിലൂടെ ഏഴ് പോയിന്‍റ് പിന്നിലായിരിക്കുന്നത്. അവസാന എട്ട് കളികളിൽ രണ്ട് ജയങ്ങൾ മാത്രമാണ് മാഡ്രിഡിനുള്ളത്. കഴിഞ്ഞ വാരാന്ത്യത്തിൽ സെൽറ്റ വിഗോയോട് സ്വന്തം മൈതാനത്ത് 0–2ന് തോറ്റതും തിരിച്ചടിയായി.
റയൽ മാഡ്രിഡിന്‍റെ പ്രതിസന്ധിയെ പരിഹസിച്ച് ക്യാംപ് നൗവിലെ ആരാധകർ "സ്റ്റേ സാബി, സ്റ്റേ സാബി'' എന്ന മുദ്രാവാക്യം മുഴക്കിയെങ്കിലും, മത്സരശേഷം റാഫിഞ്ഞ ടീം ഫോക്കസിലാണെന്ന് വ്യക്തമാക്കി. "നമ്മുടെ കളിയിലാണ് ശ്രദ്ധ. ജോലി ശരിയായി ചെയ്താൽ മറ്റുള്ളവരെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല,'' താരം പറഞ്ഞു.
പരിക്കിനെ തുടർന്ന് ആറ് ആഴ്ചകൾ പുറത്തിരുന്ന റാഫിഞ്ഞ, തിരിച്ചെത്തിയതോടെ വീണ്ടും നിർണായക താരമായി. ഈ സീസണിൽ അലാവസിനെതിരായ ജയത്തിൽ അസിസ്റ്റും, അറ്റ്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിൽ ഗോളും താരം സ്വന്തമാക്കിയിരുന്നു.
ഒസാസുന (16-ാം സ്ഥാനം) ആക്രമണത്തിൽ വലിയ ഭീഷണി ഉയർത്തിയില്ല. ഗോൾകീപ്പർ സെർജിയോ ഹെറേരയുടെ മികച്ച രക്ഷാപ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ ബാഴ്സയെ തടഞ്ഞത്.
അറ്റ്ലറ്റിക്കോയ്ക്ക് ഗ്രീസ്‌മാൻ ടച്ച്
മറ്റൊരു മത്സരത്തിൽ, സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ ആന്‍റ്വോയിൻ ഗ്രീസ്‌മാന്‍റെ വിജയഗോളിൽ അറ്റ്ലറ്റിക്കോ മാഡ്രിഡ് വലൻസിയയെ 2–1ന് തോൽപ്പിച്ചു. 74-ാം മിനിറ്റിൽ ഗ്രീസ്‌മാൻ നേടിയ ഗോൾ അറ്റ്ലറ്റിക്കോയ്ക്ക് മൂന്ന് വിലപ്പെട്ട പോയിന്‍റ് സമ്മാനിച്ചു. ഇതോടെ ക്ലബ്ബിനായി ഗ്രീസ്‌മാന്‍റെ കരിയർ ഗോൾസംഖ്യ 204 ആയി.
മറ്റു മത്സരങ്ങൾ
ലീയാൻഡ്രോ കബ്രേരയുടെ ഹെഡറിലൂടെ എസ്പാന്യോൾ ഗെറ്റാഫെയെ 1–0ന് കീഴടക്കി. തുടർച്ചയായ നാലാം ജയത്തോടെ എസ്പാന്യോൾ ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു — കഴിഞ്ഞ സീസണിൽ അവസാന നിമിഷം മാത്രമാണ് റിലിഗേഷൻ ഒഴിവാക്കിയ ടീം. മറ്റൊരു മത്സരത്തിൽ, മയോർക 3–1ന് എൽച്ചെയെ തോൽപ്പിച്ചു.