
രവീന്ദ്ര ജഡേജ, ശുഭ്മൻ ഗിൽ
File photo
ന്യൂഡൽഹി: ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ വെസ്റ്റിൻഡീസിനെ വൈറ്റ് വാഷ് ചെയ്യാൻ ഉന്നമിട്ട് ശുഭ്മാൻ ഗില്ലിന്‍റെ നേതൃത്വത്തിലെ ഇന്ത്യ ഇന്നിറങ്ങും. ന്യൂഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ വൈകിട്ട് മൂന്നിന് മത്സരാരംഭം.
ആദ്യ ടെസ്റ്റിൽ ഇന്നിങ്സിനും 140 റൺസിനും വിൻഡീസിനെ തകർത്ത ഇന്ത്യയുടെ ലക്ഷ്യം മറ്റൊരു ആധികാരിക ജയത്തോടെ പരമ്പര കൈപ്പിടിയിൽ ഒതുക്കൽ. ഇന്ത്യയോട് എത്ര ദിവസം വിൻഡീസ് പിടിച്ചു നിൽക്കുന്നമെന്ന ചോദ്യമാണ് ക്രിക്കറ്റ് വിദഗ്ധരുടെ മുന്നിലുള്ള ചോദ്യം.
ബാറ്റിങ്ങിലും ബോളിങ്ങിലും കരീബിയൻ എതിരാളിയെ കാതങ്ങൾ പിന്തള്ളിയാണ് അഹമ്മദാബാദ് ടെസ്റ്റിൽ ഇന്ത്യ വെന്നിക്കൊടി പാറിച്ചത്. കളിയുടെ ഒരു തലത്തിലും ഇന്ത്യയ്ക്കൊപ്പം നിൽക്കാൻ വിൻഡീസിന് സാധിച്ചില്ല. ബാറ്റിങ്ങിൽ ധ്രുവ് ജുറെൽ, ഓപ്പണർ കെ.എൽ. രാഹുൽ, രവീന്ദ്ര ജഡേജ എന്നിവർ ഇന്ത്യയ്ക്ക് കരുത്തായി.
സെഞ്ചുറികളുമായി മൂവരും കത്തിക്കയറി. വളരെ പ്രതീക്ഷയോടെ ക്രീസിലെത്തിയ സായ് സുദർശൻ പരാജയപ്പെട്ടതാണ് ഇന്ത്യയുടെ നിരാശ. ബാറ്റിങ്ങിനൊപ്പം ഇന്ത്യൻ ബൗളർമാരുടെ കരുത്താണ് വിൻഡീസിനെ നിലംപരിശാക്കിയത്.
മുഹമ്മദ് സിറാജും കുൽദീപ് യാദവും ജസ്പ്രീത് ബുംറയും ജഡേജയും അടങ്ങിയ പന്തേറുകാരെ തടയാൻ വിൻഡീസിന് ബാറ്റിങ്ങിന് സാധിച്ചില്ല. സിറാജ് ഒന്നാം ഇന്നിങ്സിൽ നാലും രണ്ടാം ഇന്നിങ്സിൽ മൂന്നും വിക്കറ്റുകളുമായി വിൻഡീസിനെ ശരിക്കും വലച്ചു. സ്റ്റാർ പേസർ ജസ്പ്രീത് ബുംറയും സ്പിൻ ബൗളിങ് വിഭാഗത്തിൽ കുൽദീപ് യാദവും രവീന്ദ്ര ജഡേജയും ഇന്ത്യൻ വിജയത്തിൽ സുപ്രധാന സംഭാവന നൽകി. രണ്ട് ഇന്നിങ്സിലും ഓൾ റൗണ്ടർ ജസ്റ്റിൻ ഗ്രീവ്സ് മാത്രമേ കരീബിയൻ ടീമിനായി അൽപ്പമെങ്കിലും നിലവാരം കാട്ടിയുള്ളൂ. രണ്ടാം ഇന്നിങ്സിൽ അലിക് അതാൻസെയും പൊരുതിനോക്കി.
അതിനാൽത്തന്നെ ഷായ് ഹോപ്പും ബ്രണ്ടൻ കിങ്ങും റോസ്റ്റൺ ചേസും അടക്കമുള്ള പരിചയ സമ്പന്നർ നിലവാരത്തിലേക്ക് ഉയർന്നാലേ വിൻഡീസിന് പിടിച്ചുനിൽക്കാൻ സാധിക്കൂ.
ഡൽഹിയിലെ പിച്ച് ആദ്യ രണ്ടു ദിവസം ബാറ്റിങ്ങിന് അനുകൂലമായിരിക്കുമെന്നാണ് സൂചന. അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ ഇന്ത്യയുടെ റെക്കോഡ് മികച്ചതാണ്. ഇവിടത്തെ 35 ടെസ്റ്റിൽ 14ലും ഇന്ത്യ വിജയിച്ചിരുന്നു. 15 ടെസ്റ്റിൽ സമനിലയിൽ കലാശിച്ചു. ആറെണ്ണത്തിൽ മാത്രമേ ഇന്ത്യ തോൽവി വഴങ്ങിയുള്ളൂ.എന്നാൽ ഡൽഹിയിലെ കളത്തിൽ വിൻഡീസിന് ഇന്ത്യയ്ക്കുമേൽ മുൻതൂക്കമുണ്ട്. ഈ സ്റ്റേഡിയത്തിൽ ഇന്ത്യയും വെസ്റ്റിൻഡീസും ഏഴു തവണ ഏറ്റുമുട്ടിയപ്പോൾ രണ്ടിൽ സന്ദർശകർ വിജയിച്ചു. ഇന്ത്യ ജയിച്ചത് ഒരുതവണ മാത്രം. നാലു മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു. പക്ഷേ, ഇരു ടീമുകളുടെയും ഇപ്പോഴത്തെ നിലവാരം കണക്കുകളെ അപ്രസക്തമാക്കുന്നു.
ടീമുകൾ
ഇന്ത്യ: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, സായി സുദർശൻ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ജസ്‌പ്രീത് ബുംറ, അക്ഷർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി, എൻ. ജഗദീശൻ (വിക്കറ്റ് കീപ്പർ), മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്.
വെസ്റ്റിൻഡീസ്: റോസ്റ്റൺ ചേസ് (ക്യാപ്റ്റൻ), ജോമൽ വാരിക്കൻ, കെവ്ലോൺ ആൻഡേഴ്സൺ, അലിക് അതനാസെ, ജോൺ കാംബെൽ, ടാഗെനറൈൻ ചാന്ദർപോൾ, ജസ്റ്റിൻ ഗ്രീവ്സ്, ഷായി ഹോപ്പ് (വിക്കറ്റ് കീപ്പർ), ടെവിൻ ഇംലാച്ച് (വിക്കറ്റ് കീപ്പർ), ബ്രണ്ടൻ കിങ്, ആൻഡേഴ്സൺ ഫിലിപ്പ്, ഖാരി പിയർ, ജയ്ഡൻ സീൽസ്, ജെഡിയാ ബ്ലേഡ്സ്, യോഹാൻ ലെയിൻ.