

യശസ്വി ജയ്സ്വാൾ, ഷഫാലി വർമ
ന‍്യൂഡൽഹി: ഉത്തേജക മരുന്ന് പരിശോധനയിൽ പങ്കെടുക്കാത്തതു മൂലം ഇന്ത‍്യൻ ക്രിക്കറ്റ് താരങ്ങളായ യശസ്വി ജയ്സ്വാളിനും ഷഫാലി വർമയ്ക്കും നാഡ( നാഷണൽ ആന്‍റി ഡോപ്പിങ് ഏജൻസി) നോട്ടീസ് അയച്ചു. 2025 ഡിസംബർ 17ന് നാഡയിലെ ഉദ‍്യോഗസ്ഥർ സാംപിളുകൾ ശേഖരിക്കാൻ എത്തിയപ്പോൾ ജയ്സ്വാൾ സ്ഥലത്തുണ്ടായിരുന്നില്ല.
നവംബർ 7ന് ഫഫാലി വർമയുടെ സാംപിളുകൾ ശേഖരിക്കാൻ ഉദ‍്യോഗസ്ഥർ എത്തിയെങ്കിലും ഷഫാലി സ്ഥലത്ത് ഉണ്ടാകാത്തതിനാൽ സാംപിൾ ശേഖരിക്കാനായില്ല. വിശദീകരണം ആവശ‍്യപ്പെട്ട് താരങ്ങൾക്ക് നോട്ടീസ് അയച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രതികരിക്കാൻ ഇരുവരും തയാറായിട്ടില്ല.
താരങ്ങൾക്ക് നോട്ടീസ് നൽകിയ കാര‍്യം ബിസിസിഐയെയും ഐസിസിഐയെയും അറിയിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. നോട്ടീസ് തങ്ങൾക്ക് ലഭിച്ചതായി ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
എന്തുകൊണ്ടാണ് പരിശോധനയിൽ നിന്നും താരങ്ങൾ വിട്ടു നിന്നതെന്ന് പരിശോധിക്കുമെന്നും ഇത്തരം കാര‍്യങ്ങൾ ഭാവിയിൽ സംഭവിക്കാതിരിക്കാൻ ആവശ‍്യമായ നടപടികൾ സ്വീകരിക്കുമെന്നും ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ‍്യക്തമാക്കി.
കർശനമായ ഉത്തേജക മരുന്ന് വിരുദ്ധ നിയമങ്ങളാണ് ഐസിസിയും ബിസിസിയും നടപ്പിലാക്കിയിട്ടുള്ളത്. ചട്ടങ്ങൾ പ്രകാരം താരങ്ങൾ എല്ലാ ദിവസവും ഒരു നിശ്ചിത വിൻഡോയിൽ പരിശോധനയ്ക്ക് വിധേയമാകണം. തുടർച്ചയായി മൂന്ന് തവണ പരിശോധനയിൽ പങ്കെടുക്കാതിരുന്നാൽ ലംഘനമായി കണക്കാക്കുകയും താരത്തെ സസ്പെൻഡ് ചെയ്യുകയും ചെയ്യും.