
കൊച്ചി: കാഴ്ച പരിമിതരുടെ നാഗേഷ് ട്രോഫി ദേശീയ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഗ്രൂപ്പ് സിയില്‍ കേരളം വീണ്ടും വിജയപാതയില്‍ തിരിച്ചെത്തിയെങ്കിലും സൂപ്പര്‍ എട്ടിലേക്കു യോഗ്യത നേടാതെ പുറത്തായി. മൂന്നു മത്സരങ്ങള്‍ ജയിച്ച ഉത്തര്‍പ്രദേശും ഒഡീഷയും സൂപ്പര്‍ എട്ടിലേക്കു യോഗ്യത നേടി. നാലാം മത്സരത്തില്‍ ജാര്‍ഖണ്ഡിനെ എട്ടു വിക്കറ്റിനാണു കേരളം തോല്പിച്ചത്.
കേരളത്തിനു വേണ്ടി നാലോവറില്‍ 21 റണ്‍സിനു മൂന്നു വിക്കറ്റെടുത്ത എ വി ബിനീഷ് കളിയിലെ താരമായി.എറണാകുളം ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷ് ബിനീഷിന് പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സമ്മാനിച്ചു. ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത കേരളത്തിനെതിരെ 18.1 ഓവറില്‍ 88 റണ്‍സിനു ജാര്‍ഖണ്ഡ് പുറത്തായി. മറുപടി ബാറ്റിംഗില്‍ 7.1 ഓവറില്‍ രണ്ടു വിക്കറ്റിന്റെ മാത്രം നഷ്ടത്തില്‍ കേരളം ലക്ഷ്യം കണ്ടു.ജാര്‍ഖണ്ഡിനു വേണ്ടി രോഹിത് കുമാര്‍ 31 പന്തില്‍ 34 റണ്‍സെടുത്തു.
കേരളത്തിനായി എ വി ബിനീഷിനു പുറമെ സച്ചിന് തുളസീധരനും മൂന്നു വിക്കറ്റ് വീഴ്ത്തി.11 പന്തില്‍ 24 റണ്‍സെടുത്തു പുറത്താകാതെ നിന്ന ജിബിന്‍ പ്രകാശും 13 പന്തില്‍ 22 റണ്‍സെടുത്ത എ മനീഷും കേരളത്തിന്റെ ജയം അനായാസമാക്കി.ബിഹാറിനെ ഏഴു വിക്കറ്റിനു നിലം പരിശാക്കിയാണ് ഉത്തര്‍പ്രദേശ് അപരാജിത കുതിപ്പ് തുടര്‍ന്നത്. നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റിനു 142 റണ്‍സെടുത്ത ബിഹാറിനെതിരെ 17 ഓവറില്‍ മൂന്നു വിക്കറ്റിന്റെ മാത്രം നഷ്ടത്തില്‍ ഉത്തര്‍പ്രദേശ് 143 റണ്‍സ് നേടി. 42 പന്തില്‍ 57 റണ്‍സ് അടിച്ചു കൂട്ടി ഉത്തര്‍പ്രദേശിന്റെ വിജയത്തിനു ചുക്കാന്‍ പിടിച്ച ചന്ദന്‍ കുമാര്‍ പ്ലെയര്‍ ഓഫ് ദി മാച്ചുമായി.
37 പന്തില്‍ 39 റണ്‍സെടുത്ത അജീത്ത് ബാബുവും 19 പന്തില്‍ 23 റണ്‍സെടുത്ത ബാല്‍ മുകുന്ദും ഉത്തര്‍പ്രദേശിന്റെ ബാറ്റിംഗ് നിരയ്ക്കു കരുത്തായി. ബിഹാറിനു വേണ്ടി സുധാംശു കുമാര്‍ 37 പന്തില്‍ 34 റണ്‍സെടുത്ത് മികവു കാട്ടി.വെള്ളിയാഴ്ച്ച രാവിലെ 8.30ന് യുപി ഒഡീഷയെയും ജാര്‍ഖണ്ഡ് ബീഹാറിനെയും നേരിടും.