സൂപ്പർ ഓവറിൽ ഒമാനെ മറികടന്ന് നമീബിയ; സൂപ്പർ ഹീറോയായി ഡേവിഡ് വീസ്

ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടിയും അന്താരാഷ്‌ട്ര ക്രിക്കറ്റ് കളിച്ചിട്ടുള്ള വീസ്, കോൽക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി ഐപിഎല്ലിലും ഇറങ്ങിയിട്ടുണ്ട്
സൂപ്പർ ഓവറിൽ ഒമാനെ മറികടന്ന് നമീബിയ; സൂപ്പർ ഹീറോയായി ഡേവിഡ് വീസ്
സൂപ്പർ ഓവറിനിടെ ഡേവിഡ് വീസ്.

ബ്രിഡ്ജ്‌ടൗൺ: ട്വന്‍റി20 ലോകകപ്പിലെ മൂന്നാം മത്സരം ലോ സ്കോറിങ് ത്രില്ലറായപ്പോൾ സൂപ്പർ ഓവറിൽ വിജയം നമീബിയക്ക്. 19.4 ഓവറിൽ 109 റൺസിന് ഓൾഔട്ടായ ഒമാൻ അതേ നാണയത്തിൽ തിരിച്ചടിച്ച് മത്സരം ടൈയിലെത്തിക്കുകയും സൂപ്പർ ഓവറിലേക്ക് നീട്ടിയെടുക്കുകയും ചെയ്തെങ്കിലും, ഡേവിഡ് വീസിന്‍റെ വിശാലമായ പരിചയസമ്പത്ത് നമീബിയയെ ജയത്തിലേക്കു കൈപിടിച്ചുയർത്തുകയായിരുന്നു.

2012നു ശേഷം ആദ്യമായാണ് ട്വന്‍റി20 ലോകകപ്പിലെ ഒരു മത്സരം സൂപ്പർ ഓവറിലേക്കു നീളുന്നത്. ഒമാനു വേണ്ടി ബിലാൽ ഖാൻ എറിഞ്ഞ ഓവറിൽ വീസും ജെറാർഡ് എറാസ്മസും ചേർന്ന് 21 റൺസാണ് അടിച്ചെടുത്തത്. ലോകകപ്പ് സൂപ്പർ ഓവറുകളുടെ ചരിത്രത്തിലെ തന്നെ ഉയർന്ന സ്കോറായി ഇതു മാറി.

തുടർന്ന് പന്തെറിയാനെത്തിയതും വീസ് തന്നെ. ആദ്യ രണ്ടു പന്തിൽ രണ്ടു റൺസ് മാത്രം വഴങ്ങിയ വീസിന്‍റെ അടുത്ത പന്തിൽ നസീം ഖുഷി പ്ലെയ്ഡ് ഓൺ ആയി. നാലാമത്തെ പന്തിലും സിംഗിൾ മാത്രമായതോടെ ഒമാന് മറ്റൊരു തിരിച്ചുവരവിന് ഇടമില്ലാതെ പോയി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി അന്താരാഷ്‌ട്ര ക്രിക്കറ്റ് കളിച്ചിട്ടുള്ള ഡേവിഡ് വീസ് അവിടെനിന്ന് നമീബിയയിലേക്കു കുടിയേറുകയായിരുന്നു. ഇതിനിടെ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി ഐപിഎല്ലിലും കളിച്ചിട്ടുണ്ട് ഈ മുപ്പത്തൊമ്പതുകാരൻ.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഒമാന് ആദ്യ ഓവറിലെ ആദ്യ രണ്ടു പന്തിൽ തന്നെ പ്രഹരമേറ്റു. ഓപ്പണർ കശ്യപ് പ്രജാപതിയും ക്യാപ്റ്റൻ അക്വിബ് ഇല്യാസും പൂജ്യത്തിനു പുറത്ത്. സ്കോർ 2-0. മൂന്നാം ഓവറിൽ വിക്കറ്റ് കീപ്പർ ഓപ്പണർ നസീം ഖുഷി (6) കൂടി പുറത്തായി.

അതിനു ശേഷം സീഷൻ മഖ്സൂദ് (22), ഖാലിദ് കൈയിൽ (34), അയാൻ ഖാൻ (15) എന്നിവരുടെ ചെറുത്തുനിൽപ്പാണ് ടീമിനെ നൂറു കടത്തിയത്. നമീബിയക്കു വേണ്ടി റൂബൻ ട്രംപൽമാൻ 21 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ഡേവിഡ് വീസ് 28 റൺസിന് മൂന്നു വിക്കറ്റും ജെറാർഡ് എറാസ്മസ് 20 റൺസിന് രണ്ടു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിൽ നമീബിയക്കും ഓപ്പണർ മൈക്കൽ വാൻ ലിംഗനെ റണ്ണെടുക്കും മുൻപ് നഷ്ടമായി. എന്നാൽ, നിക്കോളാസ് ഡാവിനും (24) യാൻ ഫ്രൈലിങ്കും (45) ചേർന്ന് സ്കോർ 42 വരെയെത്തിച്ചു. പക്ഷേ, അതിനു ശേഷം വന്നവരിൽ ക്യാപ്റ്റൻ എറാസ്മസിനു (13) മാത്രമാണ് രണ്ടക്ക സ്കോർ നേടാൻ സാധിച്ചത്. ഏഴു റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ മെഹ്റാൻ ഖാനാണ് ഒമാൻ ബൗളർമാരിൽ തിളങ്ങിയത്.

Trending

No stories found.

Latest News

No stories found.