നമീബിയയെ അനായാസം മറികടന്ന് സ്കോട്ട്ലൻഡ്

17 പന്തിൽ 35 റൺസെടുത്ത മൈക്കൽ ലീസ്ക് വിജയം അനായാസമാക്കി
Michael Leask
പ്ലെയർ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ട മൈക്കൽ ലീസ്ക്

ബ്രിഡ്ജ്‌ടൗൺ: ട്വന്‍റി20 ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിൽ നമീബിയക്കെതിരേ സ്കോട്ട്ലൻഡിന് അഞ്ച് വിക്കറ്റ് വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത നമീബിയ 20 ഓവറിൽ 155/9 എന്ന മോശമല്ലാത്ത സ്കോർ സ്വന്തമാക്കി. എന്നാൽ, ഒമ്പത് പന്തും അഞ്ച് വിക്കറ്റും ശേഷിക്കെ സ്കോട്ട്ലൻഡ് ലക്ഷ്യം മറികടക്കുകയായിരുന്നു.

31 പന്തിൽ 52 റൺസെടുത്ത ക്യാപ്റ്റൻ ജെറാർഡ് എറാസ്മസ് ആണ് നമീബിയയുടെ ടോപ് സ്കോറർ. അഞ്ച് ഫോറും രണ്ടു സിക്സും ഉൾപ്പെട്ട ഇന്നിങ്സ്. എറാസ്മസിനെ കൂടാതെ വിക്കറ്റ് കീപ്പർ സെയിൻ ഗ്രീനും (27 പന്തിൽ 28) ഓപ്പണർ നിക്കൊളാസ് ഡാവിനും (12 പന്തിൽ 20) മാത്രമാണ് ഇരുപതിനു മുകളിൽ സ്കോർ ചെയ്തത്. സ്കോട്ട്ലൻഡിനു വേണ്ടി ബ്രാഡ് വീൽ 33 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. 16 റൺസ് മാത്രം വഴങ്ങിയ ബ്രാഡ് ക്യൂറി രണ്ട് വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിൽ സ്കോട്ട്ലൻഡിന് ഓപ്പണർ ജോർജ് മുൺസിയെയും (15 പന്തിൽ 7) വൺഡൗൺ ബാറ്റർ ബ്രാൻഡൻ മക്കല്ലനെയും (17 പന്തിൽ 19) വേഗത്തിൽ നഷ്ടമായി. എന്നാൽ, ഓപ്പണർ മൈക്കൽ ജോൺസും (20 പന്തിൽ 26) ക്യാപ്റ്റൻ റിച്ചി ബെറിങ്ടണും (35 പന്തിൽ പുറത്താകാതെ 47) ചേർന്ന് അപകടം ഒഴിവാക്കി.

17 പന്തിൽ 35 റൺസെടുത്ത മൈക്കൽ ലീസ്ക് വിജയം അനായാസമാക്കുകയും ചെയ്തു. നാലു സിക്സർ ഉൾപ്പെട്ടതായിരുന്നു ലീസ്കിന്‍റെ ഇന്നിങ്സ്. ബെറിങ്ടൺ രണ്ടു വീതും ഫോറും സിക്സും നേടി.

ലീസ്കാണ് പ്ലെയർ ഓഫ് ദ മാച്ച്. നേരത്തെ ബാറ്റിങ്ങിൽ തിളങ്ങിയ നമീബിയ ക്യാപ്റ്റൻ എറാസ്മസ് പന്തെറിയാനെത്തിയപ്പോൾ 29 റൺസിന് രണ്ടു വിക്കറ്റും വീഴ്ത്തി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com