

നാപ്പൊളി വീണ്ടും ടോപ്പിൽ
മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ പ്രബല എതിരാളികളായ യുവന്‍റസിനെ ഒന്നിനെതിരേ രണ്ടു ഗോളിന് കീഴടക്കി നാപ്പൊളി ലീഗിലെ ഒന്നാം സ്ഥാനം വീണ്ടെടുത്തു. ഡാനിഷ് സ്ട്രൈക്കർ റാസ്മസ് ഹോജ്‌ലുൻഡിന്‍റെ ഡബിൾ ഗോളാണ് നാപ്പൊളിയെ വിജയത്തേരേറ്റിയത്. കെനാൻ ഇൽഡിസ് (59-ാം മിനിറ്റ്) യുവന്‍റസിന്‍റെ ആശ്വാസ ഗോളിന് ഉടമ. ജയത്തോടെ നാപ്പോളിക്ക് 31 പോയിന്‍റായി. ഇന്‍റർ മിലാൻ (30) എസി മിലാൻ (28) എന്നിവർ പിന്നാലെയുണ്ട്.
മത്സരത്തിന്‍റെ ഏഴാം മിനിറ്റിൽ തന്നെ മുന്നിലെത്തിയാണ് യുവന്‍റസിനെ നാപ്പോളി ഞെട്ടിച്ചത്. വലതു വിങ്ങുവഴി കുതിച്ച ഡേവിഡ് നെരസ് മറിച്ച പന്ത് ഹോജ്‌ലുൻഡ് യുവന്‍റസിന്‍റെ ഗോൾവര കടത്തി (1-0). തുടർന്നും മികച്ച അവസരങ്ങളുണ്ടാക്കിയത് നാപ്പൊളിയായിരുന്നു. എന്നാൽ ലീഡ് ഉയർത്താൻ അവർക്കായില്ല. രണ്ടാം പകുതിയിൽ യുവന്‍റസ് തിരിച്ചടിക്ക് കോപ്പുകൂട്ടി.
അധികം വൈകാതെ കൗണ്ടർ അറ്റാക്കിൽ വെസ്റ്റോൺ മക്‌കെന്നിയുമായി പന്തു കൈമാറി മുന്നേറിയ യിൽദിസ് മികച്ചൊരു ഡ്രൈവിലൂടെ നാപ്പോളിയുടെ വല ചലിപ്പിച്ചു (1-1). എങ്കിലും 78-ാം മിനിറ്റിൽ ഹോജ്‌ലുൻഡിന്‍റെ ഹെഡ്ഡർ നാപ്പൊളിയുടെ ജയം ഉറപ്പിച്ചു. മറ്റു മത്സരങ്ങളിൽ റോമ കാഗ്ലിയാരിയോട് 1-0ന് തോൽവി വഴങ്ങി. ലാസിയോയും ബൊളോഗ്നയും 1-1ന് സമനില പാലിച്ചു.