
ബാറ്റ് പരിശോധനയിൽ കുടുങ്ങി കോൽക്കത്തൻ താരങ്ങൾ; ബാറ്റ് മാറ്റാൻ നിർദേശിച്ച് അമ്പയർമാർ
മുള്ളൻപൂർ: കഴിഞ്ഞ ദിവസം ഐപിഎല്ലിൽ ചണ്ഡിഗഢിൽ നടന്ന കോൽക്കത്ത നൈറ്റ് റൈഡേഴ്സ് - പഞ്ചാബ് കിങ്സ് മത്സരത്തിനിടെ മൂന്ന് കോൽക്കത്ത താരങ്ങളുടെ ബാറ്റ് മാറ്റാൻ ആവശ‍്യപ്പെട്ട് അമ്പയർമാർ.
ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, ആൻറിച്ച് നോർക‍്യെ എന്നിവരോടാണ് ബാറ്റ് മാറ്റാൻ നിർദേശിച്ചത്. അനുവതിനീയമായതിൽ കൂടുതൽ ഭാരം ബാറ്റിനുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്നാണ് താരങ്ങൾക്ക് ബാറ്റ് മാറ്റേണ്ടി വന്നത്.
ബാറ്റർമാർക്ക് ലഭിക്കുന്ന അധിക അനുകൂല‍്യം തടയാൻ വേണ്ടിയാണ് പൊതുവെ ബാറ്റ് പരിശോധന നടത്താറുള്ളത്. മത്സരം തുടങ്ങുന്നതിനു മുൻപായിരുന്നു കഴിഞ്ഞ ഐപിഎൽ സീസണിലെല്ലാം ബാറ്റ് പരിശോധന നടത്തിയിരുന്നത്. എന്നാൽ, ഈ സീസൺ മുതൽ ബാറ്റിങ്ങിനിറങ്ങുന്നതിനു മുൻപാണ് പരിശോധന.
സുനിൽ നരെയ്ന്‍റെ ബാറ്റിന് ഭാരക്കൂടുതലുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് താരത്തിന് ബാറ്റ് മാറ്റേണ്ടി വന്നു. മത്സരത്തിൽ നാലു പന്ത് നേരിട്ട താരം അഞ്ച് റൺസെടുത്ത് പുറത്തായിരുന്നു.
തുടർന്ന് ആന്ദ്രെ റസലിന്‍റെ ബാറ്റും പരിശോധിച്ചു. റസലിനും ബാറ്റ് മാറ്റേണ്ടി വന്നു. 15-ാം ഓവറിലെത്തിയപ്പോഴാണ് ആൻറിച്ച് നോർക‍്യെയുടെ ബാറ്റ് പരിശോധിച്ചത്.
ഭാരക്കൂടുതൽ കണ്ടെത്തിയത്തിനെ തുടർന്ന് ബാറ്റ് മാറ്റാൻ അമ്പയർമാർ നിർദേശിച്ചു. പിന്നാലെ റഹ്മാനുള്ള ഗുർബാസ് മറ്റൊരു ബാറ്റുമായി എത്തിയെങ്കിലും കോൽക്കത്തയുടെ പത്താമനായി റസൽ പുറത്തായതിനാൽ നോർക‍്യെയ്ക്ക് ബാറ്റിങ്ങിനിറങ്ങാനായില്ല.
അതേസമയം, മത്സരത്തിൽ നിശ്ചിത 20 ഓവറിൽ പഞ്ചാബ് ഉയർത്തിയ 112 റൺസ് വിജയലക്ഷ‍്യം കോൽക്കത്തയ്ക്ക് മറകടക്കാനായില്ല. 95 റൺസിന് കോൽക്കത്ത ഓൾ ഔട്ടായി.