അത് ഫ്ളൂക്കല്ല! നേപ്പാൾ വീണ്ടും വിൻഡീസിനെ പൊട്ടിച്ചു, പരമ്പരയും നേടി

മൂന്നു മത്സരങ്ങൾ ഉൾപ്പെട്ട ടി20 പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച നേപ്പാൾ 2-0 എന്ന അപരാജിത ലീഡ് സ്വന്തമാക്കി
നേപ്പാൾ വീണ്ടും വെസ്റ്റിൻഡീസിനെ തോൽപ്പിച്ചു | Nepal beats West Indies again, win series

നേപ്പാളിന്‍റെ വിക്കറ്റ് കീപ്പറും ഓപ്പണറുമായി ആസിഫ് ഷെയ്ക്ക്.

Updated on

ഷാർജ: 1983ലെ ലോകകപ്പിൽ ഇന്ത്യ ആദ്യ റൗണ്ട് മത്സരത്തിൽ വെസ്റ്റിൻഡീസിനെ തോൽപ്പിച്ചപ്പോൾ ക്രിക്കറ്റ് വിദഗ്ധർ ഒന്നടങ്കം അതൊരു ഫ്ളൂക്കാണെന്നു പറഞ്ഞു. രണ്ടാം മത്സരത്തിൽ വെസ്റ്റിൻഡീസാണ് ജയിച്ചതെങ്കിലും, ഫൈനലിൽ ഇതേ വെസ്റ്റിൻഡീസിനെ തോൽപ്പിച്ച കപിൽ ദേവിന്‍റെ ഇന്ത്യ, ആദ്യ മത്സരത്തിലെ വിജയം ഫ്ളൂക്കല്ലെന്നു തെളിയിക്കുകയായിരുന്നു.

ഇപ്പോൾ ഏതാണ് അതേ അവസ്ഥയിലാണ് നേപ്പാൾ ക്രിക്കറ്റ് ടീം. വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇന്നു പഴയ പ്രതാപ കാലത്തിന്‍റെ നിഴലിൽ പോലുമല്ലെങ്കിലും, ടെസ്റ്റ് പദവി പോലുമില്ലാത്ത നേപ്പാളിന് അവർക്കെതിരേ നേടിയ വിജയം വലിയ ഊർജം പകരുമെന്നുറപ്പ്.

മൂന്നു മത്സരങ്ങൾ ഉൾപ്പെട്ട ടി20 പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ചാണ് മുൻ ലോക ചാംപ്യൻമാരെ നേപ്പാൾ തറപറ്റിച്ചിരിക്കുന്നത്. ആദ്യ മത്സരം 19 റൺസിനു ജയിച്ച നേപ്പാൾ, രണ്ടാം മത്സരത്തിൽ ഒരു പടി കൂടി കടന്ന് 90 റൺസിന്‍റെ കൂറ്റൻ ജയം തന്നെ സ്വന്തമാക്കി. ഐസിസി ഫുൾ മെംബർ ടീമിനെതിരേ അസോസിയേറ്റ് അംഗമായ നേപ്പാൾ നേടുന്ന ആദ്യ ജയമായിരുന്നു പരമ്പരയിലെ ആദ്യ മത്സരത്തിലേത്.

രണ്ടാം മത്സരത്തിൽ ആസിഫ് ഷെയ്ഖിന്‍റെയും (47 പന്തിൽ 68) സുന്ദീപ് ജോറയുടെയും (39 പന്തിൽ 63) അർധ സെഞ്ചുറികളുടെ ബലത്തിൽ നേപ്പാൾ 6 വിക്കറ്റിന് 173 റൺസ് നേടി. വെസ്റ്റ് ഇൻഡീസ് 17.1 ഓവറിൽ വെറും 83 റൺസിന് ഓൾ ഔട്ടായി. നേപ്പാൾ മീഡിയം പേസർ മുഹമ്മദ് ആദിൽ ആലം 24 റൺസ് വഴങ്ങി നാല് വിക്കറ്റ് പിഴുതു.

അതേസമയം, വെസ്റ്റിൻഡീസ് ക്രിക്കറ്റിന് ഇതൊരു പുതിയ ദുരന്തവുമായി. കഴിഞ്ഞ ജൂലൈയിൽ അവരുടെ ടെസ്റ്റ് ടീം ഓസ്‌ട്രേലിയയ്‌ക്കെതിരെ കിംഗ്‌സ്റ്റണിൽ 27 റൺസിന് ഓൾ ഔട്ടായിരുന്നു. ഇപ്പോൾ നേപ്പാളിനെതിരേ നേടിയ 83/10, ഒരു ഫുൾ മെംബർ ടീം ഒരു അസോസിയേറ്റ് ടീമിനെതിരേ ടി20യിൽ നേടുന്ന ഏറ്റവും കുറഞ്ഞ സ്കോറാണ്; 2014ലെ ടി20 ലോകകപ്പിൽ നെതർലാൻഡ്‌സിനെതിരെ ഇംഗ്ലണ്ട് നേടിയതിനേക്കാൾ അഞ്ച് റൺസ് കുറവാണിത്. നേപ്പാളിന്‍റെ 90 റൺസിന്‍റെ വിജയം, ഒരു അസോസിയേറ്റ് ടീം ഒരു ഫുൾ മെമ്പർ ടീമിനെതിരെ റൺസിന്‍റെ അടിസ്ഥാനത്തിൽ നേടുന്ന ഏറ്റവും വലിയ വിജയവുമാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com