
നേപ്പാൾ ക്യാപ്റ്റൻ ആസിഫ് ഷെയ്ക്ക്, വെസ്റ്റിൻഡീസ് ക്യാപ്റ്റൻ അക്കീൽ ഹുസൈൻ.
ഷാർജ: അന്താരാഷ്ട്ര ക്രിക്കറ്റിലെ പുതുമുഖങ്ങളായ നേപ്പാളിന് മുന്നിൽ നാണംകെട്ട് വെസ്റ്റിൻഡീസ്. മൂന്നു മത്സരങ്ങളുടെ ട്വന്‍റി20 പരമ്പരയിലെ ആദ്യ അങ്കത്തിൽ മുൻ ലോക ചാംപ്യൻമാരായ വിൻഡീസിനെ 19 റൺസിന് നേപ്പാൾ അട്ടിമറിച്ചു. പൂർണ ഐസിസി അംഗത്വമുള്ള ഒരു ടീമിനെ നേപ്പാൾ പരാജയപ്പെടുത്തുന്നത് ഇതാദ്യം. സ്കോർ: നേപ്പാൾ- 8ന് 148 (20 ഓവർ). വിൻഡീസ്-9ന് 129 (20 ഓവർ).
ക്യാപ്റ്റൻ രോഹിത് പൗഡൽ (38), കുശാൽ മല്ല (30), ഗുൽഷൻ ഝാ (22), ദീപേന്ദ്ര സിങ് അയ്റി (17) എന്നിവരാണ് നേപ്പാളിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. വിൻഡീസിന്‍റെ ജാസൺ ഹോൾഡർ നാലും നവിൻ ബിഡെയ്സി മൂന്നും വിക്കറ്റുകൾ വീതം പിഴുതു. ചേസ് ചെയ്ത വിൻഡീസ് കെയ്ൽ മെയേഴ്സിന്‍റെ (5) റണ്ണൗട്ടോടെയാണ് തുടങ്ങിയത്.
അക്കീം അഗസ്റ്റി (15) പ്രത്യാക്രമണം നടത്തിയെങ്കിലും ലളിത് രാജ്ബൻഷിയും പൗഡലും മധ്യ ഓവറുകളിൽ വരിഞ്ഞുമുറുക്കിയതോടെ വിൻഡീസ് പരാജയത്തിലേക്ക് വീണു. നേപ്പാളിനായി കുശാൽ ഭുർതെൽ രണ്ടുപേരെ പുറത്താക്കി.