നേപ്പാളിനെ മുക്കി നെതർലൻഡ്സ്

ന്യൂസിലൻഡിന്‍റെ പഴയ പേസ് ബൗളർ ക്രിസ് പ്രിംഗിളിന്‍റെ മകൻ ടിം പ്രിംഗിൾ നെതർലൻഡ്സിനു വേണ്ടി മൂന്നു വിക്കറ്റുമായി പ്ലെയർ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു
നേപ്പാളിനെ മുക്കി നെതർലൻഡ്സ്
ടിം പ്രിംഗിൾ
Updated on

ഡാളസ്: ട്വന്‍റി20 ലോകകപ്പിലെ ഗ്രൂപ്പ് ഡി മത്സരത്തിൽ നേപ്പാളിനെതിരേ നെതർലൻഡ്സിന് ആറ് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 19.2 ഓവറിൽ 106 റൺസിന് ഓൾഔട്ടായി. 18.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഡച്ച് ടീം ലക്ഷ്യം നേടുകയും ചെയ്തു.

15 റൺസെടുക്കുന്നതിനിടെ രണ്ട് ഓപ്പണർമാരെയും നഷ്ടപ്പെട്ട നേപ്പാളിനെ നൂറ് കടത്തിയത് ക്യാപ്റ്റൻ രോഹിത് പൗഡേലിന്‍റെ ഇന്നിങ്സാണ്. 37 പന്ത് നേരിട്ട രോഹിത് അഞ്ച് ഫോർ ഉൾപ്പെടെ 35 റൺസെടുത്തു. അനിൽ ഷാ (11), ഗുൽസൻ ഝാ (14), കരൺ കെസി (17) എന്നിവരാണ് മറ്റു പ്രധാന സ്കോറർമാർ. ഒരോവറിൽ ആറു പന്തും സിക്സറടിച്ച് ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധയാകർഷിച്ച ദീപേന്ദ്ര സിങ് ഐരി ഈ മത്സരത്തിൽ ആറ് പന്ത് നേരിട്ട് ഒരു റൺസുമായി മടങ്ങി.

നെതർലൻഡ്സിനു വേണ്ടി ടിം പ്രിംഗിളും ലോഗൻ വാൻ ബീക്കും മൂന്ന് വിക്കറ്റ് വീതം നേടി. പോൾ വാൻ മീകരനും ബാസ് ദെ ലീഡിനും രണ്ട് വിക്കറ്റ് വീതം.

മറുപടി ബാറ്റിങ്ങിൽ നെതർലൻഡ്സിന് ഓപ്പണർ മൈക്കൽ ലെവിറ്റിനെ (1) വേഗത്തിൽ നഷ്ടമായെങ്കിലും സഹ ഓപ്പണർ മാക് ഒദൗദ് (48 പന്തിൽ 54) നേപ്പാളിന്‍റെ സാധ്യതകൾ അടച്ചുകളഞ്ഞു.

ഇടങ്കയ്യൻ സ്പിന്നർ ടിം പ്രിംഗിളാണ് പ്ലെയർ ഓഫ് ദ മാച്ച്. ന്യൂസിലൻഡിനു വേണ്ടിയും നെതർലൻഡ്സിനു വേണ്ടിയും അന്താരാഷ്‌ട്ര ക്രിക്കറ്റ് കളിച്ചിട്ടുള്ള പേസ് ബൗളർ ക്രിസ് പ്രിംഗിളിന്‍റെ മകനാണ് ടിം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com