
അസർ മെഹ്മൂദ്
കറാച്ചി: മുൻ ക്രിക്കറ്റ് താരവും ഓൾറൗണ്ടറുമായ അസർ മെഹ്മൂദിനെ ടെസ്റ്റ് ക്രിക്കറ്റിൽ മുഖ‍്യ പരിശീലകനായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നിയമിച്ചു. മുൻ പാക്കിസ്ഥാൻ താരം അക്വിബ് ജാവേദിനു പകരകാരനായാണു നിയമനം.
ഓസ്ട്രേലിയൻ താരമായിരുന്ന ജേസൺ ഗില്ലസ്പി കഴിഞ്ഞ വർഷം പരിശീലക സ്ഥാനം ഒഴിഞ്ഞതോടെയാണ് അക്വിബ് ജാവേദിനെ താത്കാലിക പരിശീലകനായി പാക്കിസ്ഥാൻ നിയമിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ അസർ മെഹ്മൂദിനെ തേടി പാക്കിസ്ഥാന്‍റെ സ്ഥിരം പരിശീലക സ്ഥാനം എത്തിയിരിക്കുന്നത്.
ടെസ്റ്റ് ചാംപ‍്യൻഷിപ്പ് ജേതാക്കളായ ദക്ഷിണാഫ്രിക്കയുമായി ഒക്റ്റോബറിലാണ് പാക്കിസ്ഥാന് ഇനി അടുത്തതായി വരാനിരിക്കുന്ന പരമ്പര.
2016 മുതൽ 2019 വരെ അസർ പാക്കിസ്ഥാന്‍റെ ബൗളിങ് കോച്ചായി പ്രവർത്തിച്ചിട്ടുണ്ട്. 2023ൽ ന‍്യൂസിലൻഡിനെതിരേ നടന്ന ടി20 പരമ്പരയിൽ മുഖ‍്യ പരീശലകനായിരുന്നു. കൂടാതെ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ കറാച്ചി കിങ്സ്, മുൽട്ടാൻ സുൽത്താൻസ് എന്നീ ടീമുകളുടെ ബൗളിങ് കോച്ചായും ഇസ്ലാമാബാദ് യുണൈറ്റഡിന്‍റെ മുഖ‍്യ പരിശീലകനുമായും പ്രവർത്തിച്ചിട്ടുണ്ട്.
പരിശീലകനായുള്ള അസറിന്‍റെ പരിചയ സമ്പത്ത് ടീമിന് കരുത്തേകുമെന്നാണ് പിസിബി കരുതുന്നത്. അസറിന്‍റെ പരിശീലനത്തിൽ ടീം ആഗോള തലത്തിൽ പ്രകടനത്തിലും ശക്തിയിലും അച്ചടക്കത്തിലും വളരുമെന്ന് വിശ്വാസമുണ്ടെന്ന് പിസിബി കൂട്ടിച്ചേർത്തു. അതേസമയം, ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പിന്‍റെ കഴിഞ്ഞ രണ്ട് പതിപ്പുകളിലും ഫൈനൽ യോഗ‍്യത നേടാൻ പാക്കിസ്ഥാനു സാധിച്ചിരുന്നില്ല.