ആദ്യം ഗോഡ്, പിന്നെ കിങ്, ഇപ്പോൾ പ്രിൻസ്...: MRF ബാറ്റിന്‍റെ പുതിയ അവകാശി

ഇന്ത്യൻ ക്രിക്കറ്റിലെ ദൈവത്തിന്‍റെ ഹെൽമെറ്റിൽ പതിച്ച ത്രിവർണ പതാക പോലെ MRF എന്ന മൂന്നക്ഷരം 13 വർഷം കൊമ്പനു നെറ്റിപ്പട്ടം പോലെ തിളങ്ങി നിന്നു, പിന്നെ 8 വർഷം വിരാട് കോലിയുടെ ഊഴമായിരുന്നു...
Sachin Tendulkar and Virat Kohli with bats bearing MRF sponsorship sticker

എംആർഎഫ് സ്പോൺസർഷിപ്പ് സ്റ്റിക്കർ പതിച്ച ബാറ്റുമായി സച്ചിൻ ടെൻഡുൽക്കറും വിരാട് കോലിയും.

Updated on

സച്ചിൻ ടെൻഡുൽക്കറുടെ നൂറ് അന്താരാഷ്ട്ര സെഞ്ചുറികളിൽ 74 എണ്ണം പിറന്നത് 1996നും 2009നും ഇടയിലായിരുന്നു. അങ്ങനെ 74 തവണ സ്വർഗവാതിലുകൾ നോക്കി കണ്ണുകളടച്ച് നന്ദി പറയാനുയർന്ന മുഖത്തിനൊപ്പം, വിടർന്ന കൈകളിൽ ആകാശത്തേക്കുയർന്ന ബാറ്റിലെ മൂന്നക്ഷരം കൂടി ആരാധകർ മനസിൽ പതിച്ചു വച്ചിരുന്നു- M...R...F...!

സച്ചിൻ ടെൻഡുൽക്കറും എംആർഎഫുമായുള്ള കരാർ പതിമൂന്ന് വർഷം നീണ്ടു. ഇന്ത്യൻ ക്രിക്കറ്റിലെ ദൈവത്തിന്‍റെ ഹെൽമെറ്റിൽ പതിച്ച ത്രിവർണ പതാക പോലെ ആ മൂന്നക്ഷരം അത്രയും കാലം കൊമ്പനു നെറ്റിപ്പട്ടം പോലെ തിളങ്ങി നിന്നു.

ദൈവം കഴിഞ്ഞ് രാജാവിന്‍റെ ഊഴമായിരുന്നു- ഇന്ത്യൻ ക്രിക്കറ്റിലെ ഒരേയൊരു കിങ്- വിരാട് കോലി. എട്ട് വർഷമായി ആ ട്രേഡ് മാർക്ക് കവർ ഡ്രൈവുകൾ ഓരോന്നിനും പിന്നാലെ, ആ പഴയ മൂന്നക്ഷരങ്ങൾ തന്നെ ടിവി സ്ക്രീനുകളിൽ ആവർത്തിച്ച് റീപ്ലേ ചെയ്യപ്പെട്ടുകൊണ്ടിരുന്നു- M...R...F...!

അങ്ങനെ ഫുട്ബോളിൽ പത്താം നമ്പർ ജെഴ്സി എന്ന പോലെയായി ഇന്ത്യൻ ക്രിക്കറ്റിലെ എംആർഎഫ് ബാറ്റ്. ഇത് നൂറ് ശതമാനം വാണിജ്യമായൊരു പരസ്യ കരാർ മാത്രമാണെന്ന കാര്യമൊന്നും പല ആരാധകരും ശ്രദ്ധിക്കണമെന്നു പോലുമില്ല. ബാറ്റ് നിർമിക്കുന്ന കമ്പനിയുടെ പേരാണതെന്നു തെറ്റിദ്ധരിച്ചവരും ഏറെ. അതെന്തുതന്നെയായാലും, കോലിയും എംആർഎഫുമായുള്ള കരാർ ഈ വർഷം അവസാനിക്കുകയാണ്. അതിനി പുതുക്കുന്നുമില്ല. സ്വാഭാവികമായും ഇന്ത്യൻ ക്രിക്കറ്റിൽ എംആർഎഫ് ബാറ്റിനൊരു നേരവകാശി വേണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് ആഗ്രഹിക്കാം. അതിനുള്ള കാത്തിരിപ്പ് ഈ ചാംപ്യൻസ് ട്രോഫിയോടെ ശുഭ പര്യവസായി ആയിരിക്കുന്നു.

തത്കാലം, കോലിക്ക് ഇന്ത്യൻ ക്രിക്കറ്റിൽ ഒരു പിൻഗാമിയേയുള്ളൂ- അയാളുടെ പേര് ശുഭ്മൻ ഗിൽ എന്നാണ്. ചാംപ്യൻസ് ട്രോഫിയിൽ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യാനിറങ്ങിയ ഇന്ത്യൻ വൈസ് ക്യാപ്റ്റന്‍റെ കൈയിലെ ബാറ്റിൽ ആ മൂന്നക്ഷരം പതിഞ്ഞിരുന്നു- M...R...F...!

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com