
റേസ്റ്റൺ ചേസ്
കിങ്സ്റ്റൺ: ടെസ്റ്റ് ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസ് നായകനായി റേസ്റ്റൺ ചേസിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ മാർച്ചിൽ സ്ഥാനം ഒഴിഞ്ഞ ക്രെയിഗ് ബ്രാത്ത്‌വെയ്റ്റിന് പകരക്കാരനായിട്ടാണ് റോസ്റ്റൺ ചേസ് നേതൃത്വ സ്ഥാനത്തേക്ക് എത്തുന്നത്. അതേസമയം ജോമൽ വാറിക്കനെയാണ് വൈസ് ക‍്യാപ്റ്റനായി നിയമിച്ചത്.
ഓസ്ട്രേലിയക്കെതിരേ ജൂൺ 25ന് നടക്കുന്ന ടെസ്റ്റ് പരമ്പര മുതലായിരിക്കും റോസ്റ്റൺ ചേസ് വെസ്റ്റ് ഇൻഡീസിനെ നയിക്കുക. മുമ്പ് ഏകദിനത്തിലും ടി20യിലും മാത്രമാണ് താരം ടീമിനെ നയിച്ചിട്ടുള്ളത്.
2025-27 ടെസ്റ്റ് ചാംപ‍്യൻഷിപ്പിലെ ആദ‍്യ പരമ്പരയായിരിക്കും ഇരു ടീമുകൾക്കും. നായകസ്ഥാനത്തേക്ക് നിലവിലെ ഏകദിന, ടി20 ക‍്യാപ്റ്റനായിരുന്ന ഷായ് ഹോപ്പിനെയാണ് ആദ‍്യം തീരുമാനിച്ചിരുന്നത്. എന്നാൽ നായകസ്ഥാനം ഏറ്റെടുക്കാൻ താരം വിസമ്മതിച്ചതോടെയാണ് റോസ്റ്റൺ ചേസിനെ ക‍്യാപ്റ്റനാക്കിയത്.
റോസ്റ്റൺ ചേസിനെ നായകനാക്കാനുള്ള തീരുമാനത്തെ മുഖ‍്യ പരിശീലകൻ ഡാറൻ സമിയും പിന്തുണച്ചു. ടീമിനെ മുന്നോട്ടു കൊണ്ടുപോവാനുള്ള നേതൃപാടവം അദ്ദേഹം തെളിയിച്ചിട്ടുണ്ടെന്ന് സമി പറഞ്ഞു.