
പുനെ: ലോകകപ്പിൽ തീപാറും പോരാട്ടമെന്ന് പ്രതീക്ഷിച്ചിരുന്ന മത്സരം തികച്ചും ഏകപക്ഷീയമായി. പോയിന്റ് ടേബിളിലെ രണ്ടാം സ്ഥാനക്കാരും മൂന്നാം സ്ഥാനക്കാരും നേരിട്ട് ഏറ്റുമുട്ടിയപ്പോൾ ദക്ഷിണാഫ്രിക്ക അനായാസം ജയം സ്വന്തമാക്കി. ന്യൂസിലൻഡിനെ 190 റൺസിനാണ് അവർ തകർത്തത്. ടേസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 358 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് 35.3 ഓവറിൽ 167 റൺസിന് പുറത്തായി.
ദക്ഷിണാഫ്രിക്ക ഉയർത്തിയ കൂറ്റൻ സ്കോറിലേക്ക് ബാറ്റേന്തിയ ന്യൂസിലൻഡ് തുടക്കം മുതല്‍ തന്നെ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞു. വില്‍ യങ് 33 റണ്‍സും ഡാരില്‍ മിച്ചല്‍ 24 റണ്‍സും നേടി. അര്‍ധ സെഞ്ച്വറി കണ്ടെത്തിയ ഗ്ലെന്‍ ഫിലിപ്സ് അവസാനം വരെ പിടിച്ചുനിന്നു. ദക്ഷിണാഫ്രിക്കയ്ക്ക് ജെന്‍സെന്‍ മൂന്നും കേശവ് മഹാരാജ് നാലുവിക്കറ്റുകളും വീഴ്ത്തി.
നേരത്തെ നിശ്ചിത 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക 357 റണ്‍സ് നേടിയത്. ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്ക്, വണ്‍ ഡൗണ്‍ ബാറ്റര്‍ റസി വാന്‍ ഡെര്‍ ഡൂസന്‍ എന്നിവരുടെ സെഞ്ച്വറികളാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. ക്വിന്റന്‍ ഡി കോക്ക് 116 പന്തില്‍ 114 റണ്‍സ് നേടിയപ്പോള്‍ റസി വാന്‍ ഡെര്‍ ഡൂസന്‍ 118 പന്തില്‍ 133 റണ്‍സാണ് സ്വന്തമാക്കിയത്. അര്‍ധ സെഞ്ച്വറി നേടിയ മില്ലറിന്റെ പ്രകടനമാണ് കൂറ്റന്‍ സ്കോറിലേക്ക് ദക്ഷിണാഫ്രിക്കയെ നയിച്ചത്.