

ഓൾറൗണ്ടർ രച്ചിൻ രവീന്ദ്ര ഇല്ല; ഇന്ത‍്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ന‍്യൂസിലൻഡ് ടീമായി
ഓക്‌ലൻഡ്: ഇന്ത‍്യയ്‌ക്കെതിരേ ആരംഭിക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ന‍്യൂസിലൻഡ് ടീമിനെ പ്രഖ‍്യാപിച്ചു. 5 ടി20 മത്സരങ്ങൾക്കുള്ള 16 അംഗ ടീമിനെ ഓൾറൗണ്ടർ മിച്ചൽ സാന്‍റ്നർ നയിക്കും. കഴിഞ്ഞ ആഴ്ച്ച ഒരു പരസ‍്യ ചിത്രീകരണത്തിനിടെ പരുക്കേറ്റതിനാൽ സ്റ്റാർ താരം രച്ചിൻ രവീന്ദ്രയെ ടീമിലുൾപ്പെടുത്തിയിട്ടില്ല. ഇത് ടീമിന് വലിയ തിരിച്ചടിയാകും.
പകരം ബിവോൺ ജേക്കബ്സിനെയാണ് രച്ചിൻ രവീന്ദ്രയ്ക്ക് പകരം ടീമിലെടുത്തിരിക്കുന്നത്. 5 മത്സരങ്ങൾ അടങ്ങുന്ന ടി20 പരമ്പര നാലു വേദികളിലായാണ് നടക്കുന്നത്. ആദ‍്യ രണ്ട് മത്സരം ക്രൈസ്റ്റ് ചർച്ചിലും മൂന്നാം മത്സരം വെല്ലിങ്ടണിലെ സ്കൈ സ്റ്റേഡിയത്തിലും നാലാം മത്സരം ഓക്‌ലൻഡിലെ ഈഡൻ പാർക്കിലും അവസാന മത്സരം ഹാമിൽടണിലെ സെഡൺ പാർക്കിലും നടക്കും. ഒക്റ്റോബർ 22ന് ആരംഭിക്കുന്ന പരമ്പര നവംബർ ഒന്നിന് അവസാനിക്കും.
ടി20യ്ക്കു പുറമെ അഞ്ച് ഏകദിനവും 2 ടെസ്റ്റ് മത്സരങ്ങളും ഇന്ത‍്യ ന‍്യൂസിലൻഡിനെതിരേ കളിക്കും. 2026ലെ ടി20 ലോകകപ്പ് ടീമിലുണ്ടായിരുന്ന 13 താരങ്ങളും ന‍്യൂസിലൻഡ് ടീമിൽ ഇടം നേടിയിട്ടുണ്ട്. പരുക്കിനെത്തുടർന്ന് ലോകകപ്പ് കളിക്കാൻ സാധിക്കാതിരുന്ന പേസർ ആദം മിൽനെ, മൈക്കൽ ബ്രേസ്‌വെൽ എന്നിവരും ടീമിലുണ്ട്.
ആദം മിൽനെ ന‍്യൂസിലൻഡിനു വേണ്ടി കളിച്ചിട്ട് ഒരു വർഷത്തിലേറെയായി. സിംബാബ്‌വെയ്ക്കെതിരേയാണ് താരം അവസാനമായി കളിച്ചത്. മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൺ, കൈൽ ജാമിസൺ, ജേക്കബ് ഡഫി, സക്കാരി ഫോക്സ്, നേഥൻ സ്മിത്ത് എന്നിവർ അടങ്ങുന്ന മികവുറ്റ പേസ് നിരയാണ് ന‍്യൂസിലൻഡിനുള്ളത്.
അതേസമയം, പരുക്കേറ്റതിനാൽ ബെൻ സിയേഴ്സിന് ടീമിൽ അവസരം നഷ്ടമായി. ബാറ്റിങ് നിരയിലാകട്ടെ വെടിക്കെട്ട് ഓപ്പണർ ഫിൻ അലൻ, ടിം സെയ്ഫെർട്ട്, ഡെവോൺ കോൺവെ എന്നീ ഓപ്പണർമാരും ഗ്ലെൻ ഫിലിപ്പ്സ്, ഡാരിൽ മിച്ചൽ, എന്നിവരടങ്ങുന്ന മിഡിൽ ഓർഡർ ബാറ്റർമാരുമാണുള്ളത്.
ടി20 പരമ്പരയ്ക്കുള്ള ന‍്യൂസിലൻഡ് ടീം: മിച്ചൽ സാന്‍റ്നർ (ക‍്യാപ്റ്റൻ), ഫിൻ അലൻ, മൈക്കൽ ബ്രേസ്‌വെൽ, മാർക്ക് ചാപ്മാൻ, ഡെവോൺ കോൺവെ, ജേക്കബ് ഡഫി, ലോക്കി ഫെർഗൂസൺ, സക്കാരി ഫോക്സ്, മാറ്റ് ഹെൻറി, ബിവോൺ ജേക്കബ്സ്, കൈൽ ജാമിസൺ, ആദം മിൽനെ, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്പ്സ്, ടിം സെയ്ഫെർട്ട്, നേഥൻ സ്മിത്ത്