
മുഹമ്മദ് അബ്ബാസ്
നാപിയർ: അരങ്ങേറ്റ ഏകദിന മത്സരത്തിൽ അതിവേഗ അർധ സെഞ്ചുറി നേടിയ ന‍്യൂസിലൻഡ് താരം മുഹമ്മദ് അബ്ബാസിനു റെക്കോഡ്. നാപിയറിലെ മഗ്ലീൻ പാർക്കിൽ പാക്കിസ്ഥാനെതിരേ നടന്ന മത്സരത്തിൽ 24 പന്തിൽ നിന്നു താരം അർധ സെഞ്ചുറി തികച്ചു.
ഇതോടെ അരങ്ങേറ്റ മത്സരത്തിൽ കുറഞ്ഞ പന്തിൽ നിന്നും അർധ സെഞ്ചുറി തികയ്ക്കുന്ന താരമായി മുഹമ്മദ് അബ്ബാസ് മാറി. ക്രുണാൽ പാണ്ഡ‍്യയുടെ റെക്കോഡാണ് അബ്ബാസ് തകർത്തത്. 2021 മാർച്ച് 23ന് ഇംഗ്ലണ്ടിനെതിരേ നടന്ന ഏകദിന മത്സരത്തിൽ 23 പന്തിൽ നിന്നായിരുന്നു ക്രുണാൽ അർധ സെഞ്ചുറി നേടിയത്.
പാക്കിസ്ഥാനിൽ ജനിച്ചു വളർന്ന അബ്ബാസ് സ്വന്തം ജന്മനാടിനെതിരേയാണ് റെക്കോഡ് സ്വന്തമാക്കിയത്. 21 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നും 2 സെഞ്ചുറിയും 6 അർധ സെഞ്ചുറിയും ഉൾപ്പെടെ 1301 റൺസ് നേടിയിട്ടുണ്ട് അബ്ബാസ്.
അതേസമയം, ടി20 പരമ്പരയിൽ ന‍്യൂസിലൻഡിനെതിരേ വൻ തോൽവി ഏറ്റു വാങ്ങിയ പാക്കിസ്ഥാൻ ഏകദിന പരമ്പരയിലെ ആദ‍്യ മത്സരത്തിലും തോൽവിയറിഞ്ഞു.
ആദ‍്യം ബാറ്റ് ചെയ്ത ന‍്യൂസിലൻഡ് 50 ഓവറിൽ ഉയർത്തിയ 345 റൺസ് പാക്കിസ്ഥാനു മറിക്കടക്കാനായില്ല. 44.1 ഓവർ ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 271 റൺസിനു കൂടാരം കയറി. 111 പന്ത് നേരിട്ട് 132 റൺസ് അടിച്ചു കൂട്ടിയ മാർക്ക് ചാപ്പ്മാന്‍റെ സെഞ്ചുറിയാണ് ന‍്യൂസിലൻഡിന് കരുത്തേകിയത്.